Story Dated: Saturday, January 10, 2015 07:29
തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്‌ചയായി പാചകവാതക കയറ്റിറക്ക് തൊഴിലാളികള്‍ നടത്തിവന്ന സമരം ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പായി. താല്‍ക്കാലികമായി സമരം പിന്‍വലിച്ച് നിലവിലുള്ള കയറ്റിറക്ക് കൂലിയില്‍ ഫെബ്രുവരി 20 വരെ പാചകവാതക സിലിണ്ടറുകള്‍ കയറ്റിറക്ക് നടത്തുന്നതിന് ഇന്നലെ കലക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തു.
ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറോ മറ്റ് ഉയര്‍ന്ന അധികാരികളോ നിലവിലുള്ള തുക എന്ന് പുനര്‍നിര്‍ണയിക്കുന്നുവോ, അന്നുവരെയുള്ള കുടിശ്ശിക തുക പുനര്‍നിര്‍ണയ ചര്‍ച്ചകള്‍ക്ക് വിധേയമായി അതത് എണ്ണക്കമ്പനികള്‍ തൊഴിലാളികള്‍ക്ക് നേരിട്ട് നല്‍കുമെന്ന് എണ്ണക്കമ്പനി ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് നല്‍കുന്ന ഈ തുക കരാറുകാര്‍ക്ക് നല്‍കുന്ന തുകയില്‍ നിന്ന് കുറവ് വരുത്തും.
സര്‍ക്കാര്‍ ചുമതലപ്പെടുത്തിയാല്‍ ഫെബ്രുവരി 20ന് മുമ്പ് ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ശാശ്വതപരിഹാരത്തിനുവേണ്ടി വിപുലമായ ഒത്തുതീര്‍പ്പ് വ്യവസ്‌ഥയുണ്ടാക്കാനും യോഗത്തില്‍ ധാരണയായി. സമരത്തെത്തുടര്‍ന്ന് ജില്ലയില്‍ പാചകവാതകക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായത്.
എ.ഡി.എം വി.ആര്‍. വിനോദ്, സബ് കലക്‌ടര്‍ എസ്. കാര്‍ത്തികേയന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ബൈജു, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബി.പി.സി.എല്‍, എച്ച്.പി.സി.സി.എല്‍ കമ്പനികളുടെ പ്രതിനിധികള്‍, ട്രക്ക് ഉടമ പ്രതിനിധികള്‍, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT