Story Dated: Saturday, January 10, 2015 03:29
കല്‍പ്പറ്റ: ജില്ലയിലെ തോട്ടം മേഖലയില്‍ ബാലവേല വ്യാപകമാകുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ സി.ഡബ്ല്യു.സി. സ്വമേധയാ കേസെടുത്തു.
വിദ്യാലയങ്ങളില്‍നിന്നുള്ള ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ബാലവേല കാരണമാകുന്നതായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 13 സ്‌കൂളുകളില്‍ സി.ഡബ്ല്യു.സി.യുടെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തില്‍നിന്നും കണ്ടെത്തി. ഈ അദ്ധ്യയനവര്‍ഷം ആരംഭിച്ച് ഡിസംബര്‍ 31-നകം 13 സ്‌കൂളുകളില്‍നിന്നുമാത്രം 283 ആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സി.ഡബ്ല്യു.സിയില്‍ എംപാനല്‍ ചെയ്‌തിട്ടുള്ള നീതിവേദിയാണ് പഠനം നടത്തിയത്.
ബാലവേലക്കെതിരെ ശക്‌തമായ നിയമങ്ങള്‍ നിലവിലുള്ളപ്പോഴാണ് വയനാട്ടിലെ ഏലം, കാപ്പി, കകുങ്ങ് തോട്ടങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളില്‍ നിഷ്‌കളങ്ക ബാല്യങ്ങള്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത്. രക്ഷിതാക്കളും ബാലവേലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എടുത്തുകാണുന്നത്. തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കുന്ന കുറ്റമാണിത്. അയല്‍ സംസ്‌ഥാനങ്ങളില്‍നിന്നും ഏജന്റുമാര്‍ മുഖേനയും കുട്ടി തൊഴിലാളികളെ വയനാട്ടില്‍ എത്തിക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും തോട്ടം മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തി ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് സി.ഡബ്ല്യു.സി. ഉത്തരവ് നല്‍കി.
ഏതെങ്കിലും തരത്തിലുള്ള ബാലവേലകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പറിലേക്കോ 9495101008 എന്ന സി.ഡബ്ല്യു.സി. നമ്പറിലേക്കോ വിവരം അറിയിക്കാന്‍ പൊതുജനങ്ങള്‍ തയാറാവണമെന്നും സി.ഡബ്ല്യു.സി. നിര്‍ദേശിച്ചു. വിവരം അറിയിക്കുന്നവര്‍ക്ക് യാതൊരു ബാധ്യതകളും ഉണ്ടാവാതെ ശ്രദ്ധിക്കും.
കല്‍പ്പറ്റയില്‍ ഇന്ന് നടന്ന സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെമ്പര്‍മാരായ ഡോ.പി. ലക്ഷ്‌മണന്‍, ടി.ബി. സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT