Story Dated: Saturday, January 10, 2015 03:21
കോഴിക്കോട് : സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഫയര്‍ഫോഴ്‌സും രംഗത്ത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിലെ 50 പേരാണു കലോത്സവത്തിനെത്തുന്നവര്‍ക്കും കലോത്സവ വേദിക്കും സംരക്ഷണമേകാന്‍ തയാറായുള്ളത്. ഓരോ വേദിയിലും ഫയര്‍ഫോഴ്‌സിന്റെ സാന്നിധ്യം കൈയെത്തും ദൂരത്തുണ്ടാവും വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതേസമയം വേദികളുടെ പണി പൂര്‍ത്തിയാക്കി ഫയര്‍ഫോഴ്‌സിന്റെ പരിശോധനയ്‌ക്കു ശേഷമേ ഫിറ്റ്‌നസ് അനുമതി നല്‍കുകയുള്ളു.
അടുത്ത ദിവസങ്ങളിലായി നിര്‍മാണം പൂര്‍ത്തീകരിക്കുന്ന വേദികളില്‍ പരിശോധന നടത്തുമെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ജില്ലാ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു.
പ്രധാനപ്പെട്ട മൂന്നു വേദികളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്‌ഥിരമായി ഉണ്ടാവും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ വേദികള്‍ക്കരികില്‍ തന്നെയുണ്ടാവും. ക്രിസ്‌ത്യന്‍ കോളജ്, സാമൂതിരി സ്‌കൂള്‍, പ്ര?വിഡന്റ്‌സ് കോളജ് എന്നിവിടങ്ങളിലാണ് ഫയര്‍ യൂണിറ്റുകള്‍ നിലയുറപ്പിക്കുന്നത്. ഇതില്‍ പ്രധാനവേദിയായ ക്രിസ്‌ത്യന്‍ കോളജ് ഗ്രൗണ്ടില്‍ രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ നിലയുറപ്പിക്കും. ഒരു വാഹനത്തില്‍ അഞ്ചു പേരെയാണ് നിയോഗിക്കുന്നത്. മറ്റുള്ള രണ്ടു പ്രധാന വേദികളിലും ഓരോ യൂണിറ്റും 10 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും നിലയുറപ്പിക്കും. ഇതിനു പുറമേ ജില്ലാ ഓഫീസര്‍, സ്‌റ്റേഷന്‍ ഓഫീസര്‍, അസിസ്‌റ്റന്‍ഡ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യവും ഉണ്ടാവും.
ഒരു ജില്ലാ ഓഫീസറും രണ്ടു സ്‌റ്റേഷന്‍ ഓഫീസറും നാല് അസി. സ്‌റ്റേഷന്‍ ഓഫീസറുമാണുള്ളത്. മറ്റുള്ള 15 വേദികളിലും ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ വിധ സൗകര്യങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതു കൂടാതെ തീയണയ്‌ക്കുന്നതിനുള്ള എസ്‌റ്റിഗ്യൂഷര്‍ എല്ലാ വേദികളിലുമുണ്ടാവും. രാത്രി സമയങ്ങളില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെടുന്ന ഘട്ടത്തില്‍ ഇന്‍ഫെളൈമബിള്‍ ലാമ്പും ഫയര്‍ഫോഴ്‌സ് നല്‍കും. അഞ്ചു ലാമ്പുകളാണ് ഇത്തരത്തില്‍ സജ്‌ജമാക്കിയിട്ടുള്ളത്. ഇതു കൂടാതെ ആംബുലന്‍സ് സൗകര്യങ്ങളും ഫയര്‍ഫോഴ്‌സ് ഒരുക്കും. ഫയര്‍ആന്‍ഡ് റസ്‌ക്യൂ വിഭാഗം ജില്ലാ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെയും ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സിന്റെയും നേതൃത്വത്തിലാണ് അഗ്നിശമന സേന കലോത്സവത്തിനൊരുങ്ങിയിട്ടുള്ളത്.
from kerala news edited
via IFTTT