മോദിസർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചതായി ലോക്സഭയിൽ തൊഴിൽമന്ത്രിയുടെ മറുപടി. 2013-14ൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വർഷത്തിൽ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ കൊടിക്കുന്നിൽ സുരേഷിനു രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2015-16-ൽ 3.7 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ. തൊഴിൽബ്യൂറോയും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും നടത്തിയ സർവേയിലാണ് ഈ വിലയിരുത്തലെന്നാണ് മന്ത്രിയുടെ മറുപടി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ദീൻദയാൽ ഗ്രാമീൺ കൗശൽ യോജന, ദീൻദയാൽ അന്ത്യോദയാ യോജന എന്നിവ വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി മന്ത്രി വിശദീകരിച്ചു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2013 -14 വർഷത്തിൽ 13.51 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2017-18 വർഷത്തിൽ 10.88 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ കണക്കെടുത്താൽ 2013-14 വർഷം 32843 തൊഴിലുകളുള്ളത് 2017-18 വർഷത്തിൽ 27906 ആയി കുറഞ്ഞു. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ കണക്കെടുത്താൽ 2013-14ൽ 13.51 ലക്ഷം തൊഴിലുകളുണ്ടായിരുന്നത് 2017-18-ൽ പത്തുലക്ഷമായി കുറഞ്ഞു. മൂന്നരലക്ഷത്തോളം തൊഴിലവസരമുണ്ടായിരുന്ന കൽക്കരി മേഖലയിൽ 2.9 ലക്ഷമായി കുറഞ്ഞു. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണമേഖലയിലാണ് വൻതോതിൽ ഇടിവ്. 2013-14-ൽ 60409 തൊഴിലവസരങ്ങളുള്ളത് 2017-18 വെറും 7722 തൊഴിലുകളായി കുറഞ്ഞു. ടെലി കമ്യൂണിക്കേഷൻ-ഐ.ടി. മേഖലയിൽ തൊഴിലവസരം 2.75 ലക്ഷമായിരുന്നത് 2.10 ലക്ഷമായും കുറഞ്ഞു. ഹോട്ടൽ-വിനോദ സഞ്ചാരമേഖലയിലെ 4868 തൊഴിലവസരങ്ങൾ 3297 ആയും കുറഞ്ഞു. ഊർജോത്പാദനം, വസ്ത്രമേഖല, പെട്രോളിയം, രാസവളം, ക്രൂഡ് ഓയിൽ, മരുന്നുനിർമാണം തുടങ്ങിയ പൊതുവ്യവസായ മേഖലകളിലൊക്കെ തൊഴിലവസരങ്ങളുടെ കുറവു രേഖപ്പെടുത്തി. അതേസമയം, കാർഷികാനുബന്ധ വ്യവസായങ്ങളിൽ നേരിയ വർധനയാണുള്ളത്. 2013-14ലെ 2290 തൊഴിലവസരങ്ങൾ 2017-18-ൽ 3131 ആയി കൂടിയെന്നാണ് കണക്കുകൾ. Content Highlights:Unemployment India Lok sabha
from money rss http://bit.ly/2Pk5YM3
via IFTTT
from money rss http://bit.ly/2Pk5YM3
via IFTTT