ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാൻ കമ്പനികൾ വരിനിൽക്കുമ്പോൾ നിക്ഷേപ ബാങ്കുകൾക്ക് ചാകര. ഐപിഒ നടപടിക്രമങ്ങൾക്കായി അണിയറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങുന്നത്. ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒ കൈകാര്യംചെയ്യുന്നതിന് ബാങ്കർമാർ ഫീസിനത്തിൽ 229 കോടി രൂപയാണ് ഈടാക്കിയത്. ഇതുവരെയുള്ള ഐപിഒകളുടെ കണക്കുനോക്കിയാൽ ഏറ്റവുംകൂടുതൽ തുകയാണിതെന്ന് വ്യക്തം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ക്രഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് സൊമാറ്റൊയുടെ ഐപിഒയ്ക്കുപിന്നിൽ പ്രവർത്തിച്ചത്. ഇതുവരെ വിപണിയിൽലെത്തിയ ഐപിഒകളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവും ഉയർന്നനിരക്കാണിത്. ചരിത്രംപറയുന്ന കണക്കുകൾ നവംബറിൽ ഗ്ലാൻഡ് ഫാർമയുടെ 6,479.5 കോടി രൂപയുടെ ഐപിഒ നടപടികൾക്കായി നിക്ഷേപ ബാങ്കുകൾ 97.34 കോടി രൂപയും 2016ലെ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ 6,056.79 കോടി രൂപയുടെ ഐപിഒയ്ക്ക് 90.85 കോടി രൂപയും ജൂണിലെ സോന ബിഎസ്ഡബ്ല്യു പ്രിസിഷൻ ഫോർജിങ് ലിമിറ്റഡിന്റെ 5,550 കോടി രൂപയുടെ ഐപിഒയ്ക്ക് 85.25 കോടി രൂപയുമാണ് ഫീസിനത്തിൽ നിക്ഷേപ ബാങ്കുകൾ ഈടാക്കിയത്. എസ്ബിഐ കാർഡ് ആൻഡ് പെയ്മെന്റ് സർവീസസ് ലിമിറ്റഡിന്റെ 10,340.79 കോടി രൂപയുടെ ഐപിഒയ്ക്ക് ബാങ്കുകൾക്ക് ലഭിച്ചത് 48.34 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ 8,695 കോടിയുടെ ഐപിഒക്ക് 35.61 കോടി രൂപയുമാണ് ഫീസിനത്തിൽ ബാങ്കുകൾക്ക് നൽകിയത്. കനത്ത ഫീസ് എന്തുകൊണ്ട്? സ്റ്റാർട്ടപ്പായിവന്ന് രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമായ ടെക് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പാണിത്. പ്രൊസ്പക്ടസ് തയ്യാറാക്കുന്നതു മുതൽ റെഗുലേറ്ററിൽനിന്ന് അംഗീകാരംനേടുന്നതിനും ആഗോള നിക്ഷേപഭീമന്മാരെ ആകർഷിക്കുന്നതിന് വിദേശ വിപണികളിലെ മാർക്കറ്റിങിനും വൻതുകയാണ് സൊമാറ്റോക്ക് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്. ഐപിഒക്കുവേണ്ടി പ്രവർത്തിച്ച അഞ്ച് ബാങ്കുകൾക്കും ഫീസ് തുല്യമായല്ല വീതിച്ചിരിക്കുന്നതെന്ന് വ്യക്തം. ആഗോളതലത്തിൽ ഐപിഒ ഏകോപനത്തിന് നേതൃത്വംനൽകിയവർക്ക് ലീഡ് ബാങ്കിനേക്കാൾ കൂടുതൽ പണംചെലവഴിക്കേണ്ടിവന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഐപിഒ സൈസ് 5,000 കോടി രൂപക്കുതാഴെയാണെങ്കിൽ 2-3ശതമാനമാണ് ഫീസായി ഈടാക്കുന്നത്. അതേസമയം, 5000 കോടിക്കുമുകളിലാണെങ്കിൽ നിരക്ക് രണ്ടുശതമാനത്തിന് താഴെയുമാണ്. മറ്റ് ഐപിഒകളുമായി സൊമാറ്റോയെ താരതമ്യംചെയ്യാനുംകഴിയില്ല. കാരണം, വിദേശസാധ്യതകൾ പ്രയോജനപ്പെടുത്താനായി വിദേശ ബാങ്കർമാരുടെ സംയുക്തസമതിതന്നെ അതിനായി പ്രവർത്തിച്ചിട്ടുണ്ട്. വിദേശ ഐപിഒക്കുവരുന്ന നിരക്കുകൾ അതുകൊണ്ടുതന്നെ ബാധകമായിവന്നിട്ടുണ്ടാകാം. നിക്ഷേപ ബാങ്കുകൾക്കുംനേട്ടം കാളവിപണിയിൽ രാജ്യത്ത് ഒരുവർഷത്തിനിടെ ഐപിഒയുമായെത്തിയത് നിരവധി കമ്പനികളാണ്. 2021ന്റെ ആദ്യപകുതിയിൽതന്നെ ഈയിനത്തിൽ നിക്ഷേപ ബാങ്കുകൾ 437.9 മില്യൺ ഡോളർ നേടിയതായാണ് ഫിനാൻഷ്യൽ മാർക്കറ്റ് വിദഗ്ധരായ റിഫിനിറ്റീവിന്റെ വിലയിരുത്തൽ. ഫീസിനത്തിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 25ശതമാനത്തിലേറെയാണെന്നാണ് വിലയിരുത്തൽ.
from money rss https://bit.ly/3y58ivj
via IFTTT
from money rss https://bit.ly/3y58ivj
via IFTTT