ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യ-ചൈന സംഘർഷം പുതിയവിതാനം തേടുകയാണ്. പൊതുജന ഹിതമനുസരിച്ച് ഗവണ്മെന്റ് പ്രവർത്തിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. കടുത്ത നിലപാടു സ്വീകരിക്കുന്നതിനുമുമ്പ് ഈതന്ത്രത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണ്. ആഗോളശക്തി എന്നനിലയിലുള്ള ചൈനയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണനൽകുന്നത് അതിന്റെ കയറ്റുമതി വളർച്ചയിൽ അധിഷ്ഠിതമായ തന്ത്രമാണ്. ആഗോളതലത്തിലുള്ള ചൈനയുടെ കയറ്റുമതി 2008ലെ 7 ശതമാനത്തിൽനിന്ന് 2018ൽ 11 ശതമാനമായി വളർന്നിരിക്കുന്നു. ലോക വ്യാപാരരംഗത്തെ ചൈനയുടെ വർധിക്കുന്ന സാന്നിധ്യം ലോകത്തിന്റെ ഫാക്ടറി എന്നപേര് അതിനു ചാർത്തിക്കൊടുത്തു. 2020 സാമ്പത്തികവർഷം 65 ബില്യൺ യുഎസ് ഡേളറിന്റെ ചൈനീസ് ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതിചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. നിർമ്മിത ഉൽപന്നങ്ങളാണ് ഇതിൽ 96 ശതമാനവും. ഇതിൽതന്നെ ഏറ്റവുംകൂടുതൽ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉൽപന്നങ്ങൾ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കൽ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഉൽപന്നങ്ങളുടെ ഈ ഒഴുക്കുതടയാനുള്ള ഏതുശ്രമവും ഇന്ത്യയെസംബന്ധിച്ചേടത്തോളം കൂടുതൽ പണച്ചെലവുണ്ടാക്കും. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾ നേടിയമേൽക്കൈ പ്രധാനമായും അവയുടെ വിലക്കുറവുകാരണമാണ്. ഉദാഹരണത്തിന് വിലയും ഗുണമേന്മയും തമ്മിലുള്ള അനുപാതം മെച്ചമായതിനാൽ ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് രാജ്യത്തെ വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ട്. 2019 സാമ്പത്തികവർഷം ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലധികമാണ്. മുൻവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിൽ ചൈനീസ് ബ്രാൻഡുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൈനീസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാലും ആത്യന്തികമായി അതിന് കൂടുതൽ വിലനൽകേണ്ടിവരിക ഇന്ത്യൻ ഉപയോക്താക്കളായിരിക്കും. ഇതുപോലെ ഉൽപാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും മറ്റുഘടകങ്ങൾക്കും അഭ്യന്തര വ്യവസായരംഗം വലിയതോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനഘടകങ്ങളിൽ 24 ശതമാനവും ചൈനയിൽ നിന്നാണ്. ഫാർമസ്യൂട്ടിക്കൽ രംഗത്താകട്ടെ മൊത്തം ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും മരുന്നുനിർമ്മാണത്തിനാവശ്യമായ ഉപോൽപന്നങ്ങളിലും 68 ശതമാനവും ചൈനയിൽ നിന്നാണ്. ഇതേവിലയിൽ പെട്ടെന്ന് പകരം വിതരണക്കാരെ കണ്ടെത്തുക ഫാർമസ്യൂട്ടിക്കൽ കമ്പനികളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരിക്കും. ചൈനയുമായുള്ള വ്യാപാരബന്ധം ഒഴിവാക്കുക എന്നത് പറയുന്നത്ര എളുപ്പമല്ല. എന്നാൽ ഇന്ത്യക്കു ചൈനയോടൊപ്പമെത്താൻ കഴിയില്ലെന്നോ ആഗോള വ്യാപാരരംഗത്ത് ചൈനയുടെ സ്ഥാനം പിടിച്ചെടുക്കാനോ കഴിയില്ലെന്നോ ഇതിനർത്ഥമില്ല. കോവിഡ്-19ന്റെ ഈ കഠിനകാലത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ത്യയുടേതെന്ന് അന്തർ ദേശീയ നാണ്യനിധി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചാനിരക്ക് 1.9 ശതമാനമായി കണക്കാക്കുമ്പോൾ മറ്റു പല രാജ്യങ്ങളുടേതും പ്രതികൂല നിലയിലാണ്. എന്നാൽ സാമ്പത്തിക രംഗത്ത് ചൈനയുമായി കാർക്കശ്യത്തോടെ ഇടപെടാൻ ഇതൊന്നും മതിയാവില്ല. സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ഹൃസ്വകാല പരിഹാരങ്ങൾക്കു പകരം കൂടുതൽ പരിഷ്കരണ നടപടികൾ കൊണ്ടുവരികയുംവേണം. ഏറ്റവും പ്രധാനം പരിഷ്കരണ നടപടികൾ സാർത്ഥകവും ഫലംനൽകുന്നതുമായിരിക്കണം എന്നതാണ്. മുടന്തുന്ന സാമ്പത്തിക രംഗത്ത്ദീർഘകാലമായി ആവശ്യമായിരുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാൻ ആഗോള ആരോഗ്യ പ്രതിസന്ധിതന്നെ വേണ്ടിവന്നു. ഇത്തരം കാലതാമസങ്ങൾ വികസ്വര സമ്പദ്ഘടനകളെ സംബന്ധിച്ചേടത്തോളം താങ്ങാനാവാത്തതായിരിക്കും. യുഎസ്- ചൈന വ്യാപാരതർക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുമെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കിത് വലിയ ഗുണമൊന്നും ചെയ്തില്ല. വിയറ്റ്നാം, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കുകയും ചെയ്തു. നയപരമായി ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)
from money rss https://bit.ly/2VgnnIZ
via IFTTT
from money rss https://bit.ly/2VgnnIZ
via IFTTT