121

Powered By Blogger

Tuesday 24 August 2021

പാഠം 139| ഹരിത നിക്ഷേപം: സാമൂഹിക പ്രതിബദ്ധത നേട്ടമാക്കാനാകുമോ?

തോമാച്ചൻ തനി നാടനാണ്. അതുകൊണ്ടാണ് 49-ാംവയസ്സിൽ യുഎസിലെ താമസം മതിയാക്കി ഇങ്ങ് പുൽപ്പള്ളിയിൽ പത്തേക്കർ ഭൂമിവാങ്ങി കൊച്ചുവീടുവെച്ച് താമസമാക്കിയത്. പ്രകൃതിയോടൊത്തുള്ള ജീവിതത്തിന്റെ ഭാഗമാകാൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയുംതുടങ്ങി. ദീർഘകാലത്തെ പ്രവാസി ജീവിതത്തിനുശേഷമാണ് ഭാര്യ ആനിയോടൊപ്പം വയനാട്ടിലേക്ക് തിരിച്ചെത്തിയത്. കുറച്ചൊക്കെ സാമൂഹിക പ്രതിബന്ധതയും പ്രകൃതിസൗഹൃദ നിലപാടുമൊക്കെയാണ് അദ്ദേഹത്തെ വീണ്ടും കേരളത്തിലേക്കെത്തിച്ചത്. വിശാലമായ ലോകത്തേക്ക് കണ്ണോടിക്കാൻ പച്ചത്തുരുത്തുനിറഞ്ഞ പുൽപ്പള്ളിമതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ആശയങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാനും അദ്ദേഹം മറന്നില്ല. പുതുമകൾതേടിയുള്ള യാത്രയിലാണ് നിക്ഷേപലോകം. വികസിത വിപണികളിൽ ജനപ്രീതിനേടിയവയുടെ പിൻപറ്റി കാലക്രമേണ പുതിയ തന്ത്രങ്ങളും മാതൃകകളും സംവിധാനങ്ങളും മറ്റിടങ്ങളിലേക്കുമെത്തുന്നു. പരിസ്ഥതി സംരക്ഷണത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്തവിധം സമസ്തമേഖലകളിലും ബോധ്യമായ കാലഘട്ടമാണിത്. പ്ലാസ്റ്റിക് ഉത്പന്ന ബഹിഷ്കരണംമാത്രമല്ല, വ്യവസായം, വാഹനം തുടങ്ങിയ മേഖലകളും പരിഷ്കരണത്തിന്റെ സാധ്യതകളാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ഹരിത ഭൂപടം തീർക്കുന്നതിൽനിന്ന് സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഒഴിഞ്ഞുമാറാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത നിക്ഷേപ ഉത്പന്നങ്ങളുടെ പ്രസക്തിവർധിക്കുന്നത്. രാജ്യത്തെ ഫണ്ട് ഹൗസുകൾ ഇഎസ്ജിയെന്ന പുതി ആശയംമുന്നോട്ടുവെച്ചത് അതിന്റെ ഭാഗമായികൂടിയാണ്. 2020 ഡിസംബറിൽ അവസാനിച്ച കലണ്ടർവർഷത്തിൽ ഏഴ് ഇഎസ്ജി ഫണ്ടുകളാണ് നിക്ഷേപകർക്കുമുന്നിലെത്തിയത്. ഗ്രീൻ എഫ്ഡിയുമാകാം ബാങ്കിതര ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയാണ് ആദ്യമായി രാജ്യത്ത് ഹരിത സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. യുഎൻ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസനലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതും പരിസ്ഥിതിയിലും സമൂഹത്തിലും നല്ലരീതിയിൽ സ്വാധീനംചെലുത്തുന്ന സാമ്പത്തിക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രാപ്തമാക്കുന്നതുമാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനി പറയുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് പലിശ കുറവാണ്. ഉദാഹരണത്തിന് രണ്ടുകോടി വരെയുള്ള റെഗുലർ നിക്ഷേപങ്ങൾക്ക് 6.20ശതമാനം(കാലാവധി 33 മാസം) പലിശ നൽകുമ്പോൽ ഈ വിഭാഗത്തിലെ എഫ്ഡിക്ക് 6.10ശതമാനമാണ് വാഗ്ദാനംചെയ്യുന്നത്. എച്ച്ഡിഎഫ്സിക്കുപിന്നാലെ ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സമാനമായ പദ്ധതികളുമായി രംഗത്തുവന്നേക്കാം. ഇഎസ്ജി ഫണ്ടുകൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരിലെത്തിച്ച പുതു ആശയമാണ് ഇഎസ്ജി. പരിസ്ഥിതി-സാമൂഹിക-ഭരണനിർവഹണ ഫണ്ടുകളെന്ന് ഇതിനെ വിളിക്കാം. ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. പരിസ്ഥിതിമാത്രമല്ല, സാമൂഹിക പ്രതിബദ്ധത, ഭരണനിലവാരം തുടങ്ങിയവയും അതോടൊപ്പം പരിഗണിക്കുന്നു. ഏകീകൃതമായ ചട്ടക്കൂട് ഇല്ലെങ്കിലും ഫണ്ടുഹൗസുകൾ ഓരോരുത്തരും തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് നിക്ഷേപ പദ്ധതി തയ്യാറാക്കുന്നത്. നേട്ടസാധ്യത എത്രത്തോളമുണ്ട്? ഹരിത നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ത്യാഗമായി കരുതേണ്ടതുണ്ടോ? അത്രതന്നെ ത്യാഗം സഹിക്കാതെ മികച്ചനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഇത്തരം ഫണ്ടുകൾ മുന്നോട്ടുവെക്കുന്നത്. മികച്ച നേട്ടസാധ്യതകളുള്ള നിരവധി കമ്പനികൾ ഈ മേഖലയിലുണ്ട്. കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഒഴിവാക്കി പുനരുപയോഗ ഊർജമേഖലയിലെ സ്ഥാപനങ്ങൾ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. ടെസ് ലയെപോലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ഉദാഹരണമാത്രം. ഭാവിയിൽ മികച്ച വളർച്ചാസാധ്യതയാണ് ഇ.വി തുറന്നിടുന്നത്. എല്ലാ ഗ്രീൻ നിക്ഷേപങ്ങളും ഹരിതമല്ലെന്നും മനസിലാക്കണം. കൽക്കരിയേക്കാൾ പ്രകൃതി സൗഹൃദമായി പ്രകൃതി വാതകത്തിന്റെ ഉപയോഗം പരിഗണിക്കാം. എന്നാൽ, പ്രകൃതി വാതക ഖനനവും വേർതിരിച്ചെടുക്കുന്നതിനുമുള്ള പ്രകൃയയും അത്രതന്നെ പ്രകൃതി സൗഹൃദമല്ലെന്നകാര്യം ഓർക്കേണ്ടതുണ്ട്. ഇഎസ്ജി നിക്ഷേപത്തിന്റെ ഭാഗമാകാൻ ഏതൊക്കെ കമ്പനികൾ യോഗ്യതനേടുന്നു എന്നതാണ് പ്രധാനം. ഇതുംസബന്ധിച്ച് പൊതുവായ അടിസ്ഥാനങ്ങളൊന്നുമില്ല. ഇക്കാര്യം വിലയിരുത്തുന്നതിനും മൂല്യംനിർണയത്തിനും റേറ്റിങ് ഏജൻസികളിൽനിന്നുള്ള ഡാറ്റയോടൊപ്പം ഫണ്ട് കമ്പനികൾ സ്വന്തമായുള്ള ഗവേഷണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ESG FUNDS Fund Lauch Expense Ratio* Net Assets(Cr) ABSL ESG Fund Dec-20 0.42 1,006 Axis ESG Equity Fund Feb-20 0.54 1,963 ICICI Prudential ESG Fund Oct-20 0.60 1,861 Invesco India ESG Equity Fund Mar-21 0.59 691 Kotak ESG Opp Fund Dec-20 0.32 1,735 Mirae Asset ESG Nov-20 0.40 125 Quant ESG Equity Fund Nov-20 1.35 23 Quantum India ESG Equity Fund Jul-19 0.93 47 SBI Magnum Equity ESG Fund Jan-13 1.29 4,025 *Direct plan തീരുമാനം വ്യക്തിപരം സമൂഹത്തിനുകൂടി ഉപകാരപ്രദമാകുന്ന നിക്ഷേപം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. യുഎസിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട്ടിലെ പച്ചത്തുരുത്തിൽസ്വയംപര്യാപ്തതനേടിയ തോമാച്ചന്റെ നിലപാട് ഇതിനോട് കൂട്ടിവായിക്കാം. സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകാനും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാനും കഴിയുന്ന മികച്ച മാർഗമാണ് മുന്നിലുള്ളത്. കമ്പനികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിക്ഷേപകരുടെ പിന്തുണ എന്തുകൊണ്ടും പ്രചോദനകരമാണ്. വൻകിട ടെക് കമ്പനികൾപോലും കാർബൺ രഹിത ലക്ഷ്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. പാരിസ്ഥിതികമായി ചിന്തിച്ചാൽ എത്രയോ ഉന്നതമാണ് ഈതീരുമാനമെന്ന് മനസിലാക്കാം. അതേസമയം, ഈ കമ്പനികളുടെ ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ സാമൂഹികപരമായ നിലപാടിനെ ചോദ്യചെയ്യാനിടയാക്കുന്നകാര്യവും ഇവിടെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇഎസ്ജി-യുടെ മൂന്നുഘടകങ്ങൾക്കും ഒരേപോലെ പ്രധാന്യംനൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നത് വെല്ലുവിളിയാണ്. ഇഎസ്ജിയുടെ അതിരുകൾ ഇരുമ്പുമറകൊണ്ട് വേർതിരിക്കാനും എളുപ്പമല്ല. വിപണിമൂല്യംകൊണ്ട് ലോകംതന്നെ കീഴടക്കിയ ജനപ്രിയ വൈദ്യുതി വാഹന നിർമാതാവ് കോംഗോയിലെ ഖനനഭീമനുമായി സഹകരിച്ച് കോബാൾട്ട് ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. എന്നാൽ, ബാലവേല സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക ഉയർത്തിയ കമ്പനിയുമായുള്ള സഹകരണം ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്. വാഹന നിർമാതാവ് ഇഎസ്ജി മാനദണ്ഡത്തന്റെ നഗ്നമായ ലംഘനംനടത്തുന്നില്ലെങ്കിലും അതിന്റെ ഭാഗമാകുന്ന നിക്ഷേപകർ അവർ ഉദ്ദേശിച്ച സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. നേട്ടസാധ്യത റിസ്കിന് അനുസരിച്ചുള്ള വരുമാനം ഉണ്ടാക്കുക എന്നതാണ് ഏതൊരു നിക്ഷേപ തീരുമാനത്തിന്റെയും പ്രാഥമിക ലക്ഷ്യം. ഇക്വിറ്റി നിക്ഷേപകരെടുക്കുന്ന റിസ്ക് പരിഗണിക്കുമ്പോൾ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നവരുമാനം പ്രതീക്ഷിക്കുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഇഎസ്ജി ഫണ്ടുകൾക്കും ഈ പ്രതീക്ഷ നിറവേറ്റാൻ കഴിയണം. പരിമിതമായ ചരിത്രമുള്ള ഇത്തരം ഫണ്ടുകളുടെ ട്രാക്ക് റെക്കോഡ് വിലയിരുത്താതെ ഇക്കാര്യത്തിൽ ഒരു നിർദേശം മുന്നോട്ടുവെക്കാനാവില്ല. എങ്കിലും മികച്ച ആശയം മുന്നോട്ടുവെക്കുന്ന കമ്പനികൾക്ക് വളരാൻ ഏറെ സാധ്യതകൾ മുന്നിലുണ്ട്. മനുഷ്യ സമൂഹം പുരോഗമിക്കുമ്പോൾ ഇത് വർധിക്കുകയേയുള്ളൂ. വിപണിയുടെ ചലനത്തിൽ വിദേശ നിക്ഷേപകർ നിർണായക പങ്കുവഹിക്കുന്ന സാഹചര്യം നിലനിൽക്കുവോളം സുസ്ഥിര ബിസിനസുകൾക്ക് കൂടുതൽ വിദേശമൂലധനം ആകർഷിക്കാനാകും. കറയറ്റ ഭരണനിർവഹണം മൂലധന സമാഹരണം എളുപ്പമാക്കുമെന്നകാര്യത്തിൽ സംശയമില്ല. ഇത്തരം കമ്പനികളുടെ ഓഹരികൾ നയംകൊണ്ട് ശക്തരായവരുടെ കൈവശമായിരിക്കുമെന്നതിനാൽ അസ്ഥിരത കുറവുമായിരിക്കും. നികുതി ആനുകൂല്യം? ഗ്രീൻ എഫ്ഡിക്കോ ഇഎസ്ജി ഫണ്ടുകൾക്കോ പ്രത്യേകം നികുതി ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭ്യമല്ല. സാധാരണ എഫ്ഡികൾക്ക് ബാധകമായ നികുതിതന്നെയാണ് ഗ്രീൻ എഫ്ഡികൾക്കുമുള്ളത്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലും മാറ്റമില്ല. അതായത് ഹ്രസ്വകാല മൂലധനനേട്ടത്തിന് 15ശതമാനവും ദീർഘകാല മൂലധനനേട്ടത്തിന് 10ശതമാനവുമാണ് നികുതി. കമ്പനികൾക്ക് ലഭിക്കുന്ന സബ്സിഡികളും ഇളവുകളും പരോക്ഷമായി പ്രയോജനംചെയ്യും. പോർട്ട്ഫോളിയോ രൂപപ്പെടുത്താം ഇതേ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുന്ന മികച്ച കമ്പനികളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തി അവയുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. പാരിസ്ഥിതിക ആഘാതം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയകാര്യങ്ങൾ വിലയിരുത്തി യോജിച്ച കമ്പനികൾ തിരഞ്ഞെടുക്കുകയാണ് അതിന് ചെയ്യേണ്ടത്. കമ്പനികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി, പ്രവർത്തനചരിത്രം വിശകലനംചെയ്ത് ഈ തീമിലേക്ക് സ്വതന്ത്രമായി ഓഹരികൾ തിരഞ്ഞെടുക്കാം. നിലവിലുള്ള ഇഎസ്ജി ഫണ്ടുകളുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ 134 സ്റ്റോക്കുകളാണ് കാണാൻ കഴിയുക. (പട്ടിക കാണുക). മാനദണ്ഡത്തിൽ വ്യതിയാനംവരുന്നുഎന്നുള്ളതാണ് വളരെ വലിയൊരുപട്ടിക നൽകുന്ന സൂചന. ക്രമവത്കരണത്തിന്റെ അഭാവം ലോകമെമ്പാടുമുള്ള ഇഎസ്ജി ഫണ്ടുകൾ നേരിടുന്ന വിമർശനത്തിന് കാരണമാണ്. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഉയർന്ന ലക്ഷ്യത്തിനുള്ള നിക്ഷേപമെന്നത് ഇപ്പോഴും സ്വപ്നമായി തുടരുമെന്നുതന്നെയാണ് അതിൽനിന്ന് വ്യക്തമാകുന്നത്. വൈവിധ്യവത്കരണം വൈവിധ്യവത്കരണത്തിനാണ് ഈ വിഭാഗം ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അത് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവിധ ഫണ്ടുകളുടെ നിക്ഷേപ പോർട്ട്ഫോളിയോ പരിശോധിച്ചാൽ അത് ബോധ്യമാകും. ഇഎസ്ജി ഫണ്ടുകൾ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യംചെയ്താൽ ഓവർലാപിങ് ഓഹരികളുടെ എണ്ണം 11 മുതൽ 17 വരെയാണെന്ന് കാണാം. feedback to: antonycdavis@gmail.com കുറിപ്പ്:സമൂഹികപ്രതിബദ്ധതയോടൊപ്പം പരിസ്ഥിതി സൗഹൃദവുംകറയറ്റ ഭരണനിർവഹണവുമുള്ള പ്രവർത്തനരീതിയും മനോഭാവവും വളർത്തുന്ന ബിസിനസുകൾ രൂപപ്പെടുത്താൻ ഇഎസ്ജി എന്ന ആശയം ഭാവിയിലെങ്കിലും ഉപകരിക്കുമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഉന്നത ലക്ഷ്യംമുന്നോട്ടുവെക്കുന്ന ഇഎസ്ജി ഫണ്ടുകൾ മറ്റ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകളെ അപേക്ഷിച്ച് എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നിലവിലെ മറ്റ് ഫണ്ടുകൾ വാഗ്ദാനംചെയ്യാത്ത സാധ്യത ഇഎസ്ജി ഫണ്ടുകൾ നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് നിക്ഷേപകനെന്ന നിലയിൽ തീരുമാനമെടുക്കാം. ഭാവിയിൽ ഈ ആശയത്തോട് യോജിക്കുന്നതരത്തിൽ കമ്പനികൾ അവരുടെ പ്രവർത്തനരീതികളിൽ മാറ്റംവരുത്തുമ്പോൾ നിക്ഷേപലോകവും വിശാലമാകും.

from money rss https://bit.ly/3DgRCUD
via IFTTT

സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് 'വി ഭവൻ' എന്ന പേരിലുള്ള ഇ-കൊമേഴ്സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 'വി ഭവൻ' ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം. ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്പന്നങ്ങൾ കുറിയർ സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും. വി ഭവൻ ആപ്പ് ലോഗോ പ്രകാശനം ടി. നസിറുദ്ദീൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, അമോസ് ടാംടൺ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുൾ റസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ സംസാരിച്ചു.

from money rss https://bit.ly/2WriUqE
via IFTTT

നേട്ടംതുടരുന്നു: സെൻസെക്‌സ് വീണ്ടും 56,000ഉം നിഫ്റ്റി 16,650ഉം കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 16,650 മറികടന്നു. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെനേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാരുതി, റിലയൻസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.44ശതമാനവും സ്മോൾ ക്യാപ് 0.70ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ഫാർമയാണ് സമ്മർദത്തിൽ.

from money rss https://bit.ly/3sK7uKw
via IFTTT

ധനസ്ഥിതി മോശമായ സഹകരണ ബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കാം

മുംബൈ: ധനസ്ഥിതി മോശമായ അർബൻ സഹകരണബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. അർബൻ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടേതാണ് റിപ്പോർട്ട്. ഇതനുസരിച്ച് സഹകരണബാങ്കുകൾ ആർ.ബി.ഐ. നടപടിക്കുള്ള മാർഗനിർദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാൽ പുനരുജ്ജീവനത്തിന് അല്ലെങ്കിൽ നിർബന്ധിതലയനത്തിന് നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിൽ വരുക. ലയന നിർദേശങ്ങൾ സമർപ്പിക്കുന്നതിൽ ബന്ധപ്പെട്ട ബാങ്കിന്റെ ബോർഡുകൾക്കു കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം ആർ.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധിതലയനത്തിന് അല്ലെങ്കിൽ പുനരുജ്ജീവനത്തിന് ആർ.ബി.ഐ. പ്രത്യേക പദ്ധതി തയ്യാറാക്കണം. നിർബന്ധിത ലയനമെന്നാൽ മറ്റൊരു ബാങ്കിങ് സ്ഥാപനത്തിൽ ലയിപ്പിക്കുക അല്ലെങ്കിൽ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തികസ്ഥാപനത്തിന് കൈമാറുകയാണ് ലക്ഷ്യം. സഹകരണ ബാങ്കുകൾക്കേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പുപ്രകാരം ബാങ്കുകൾക്കേർപ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളിൽ നിക്ഷേപകർക്ക് പണം പിൻവലിക്കാനുൾപ്പെടെ നിയന്ത്രണങ്ങളുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു മുൻനിർത്തി നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നത് മൂന്നു മാസത്തിൽ കൂടുതലാകരുത്. നിലവിൽ അമ്പതോളം അർബൻ സഹകരണബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണ നിർദേശത്തിനു കീഴിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. നാലായി തിരിച്ച് നിയന്ത്രിക്കാം നിക്ഷേപത്തിന്റെയും മൂലധനലഭ്യതയുടെയും അടിസ്ഥാനത്തിൽ നാലുവിഭാഗങ്ങളായിത്തിരിച്ച് സഹകരണബാങ്കുകൾക്കായി നിയന്ത്രണ ചട്ടക്കൂടുണ്ടാക്കണം. ഇതനുസരിച്ച് 100 കോടിരൂപ വരെമാത്രം നിക്ഷേപമുള്ള ചെറുസഹകരണ ബാങ്കുകൾ ടയർ-1 വിഭാഗത്തിലും 100 മുതൽ 1000 കോടി രൂപവരെയുള്ളവ ടയർ-2 വിഭാഗത്തിലും വരും. 1000 കോടി മുതൽ 10,000 കോടി രൂപവരെ നിക്ഷേപമുള്ളവ ടയർ-3 വിഭാഗത്തിലാകും. മൂലധനപര്യാപ്തതാ അനുപാതം 15 ശതമാനമെന്ന വ്യവസ്ഥ പാലിച്ചാൽ ഇവയ്ക്ക് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്.എഫ്.ബി.) മാതൃകയിൽ പ്രവർത്തിക്കാൻ അനുമതി നൽകാം. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടയർ-4 വിഭാഗത്തിലുള്ളവയ്ക്ക് യൂണിവേഴ്സൽ ബാങ്കുകളുടെ മാതൃകയിൽ പ്രവർത്തനാനുമതി നൽകാം. അതിനായി മൂലധന പര്യാപ്തതാ അനുപാതം ഒമ്പതുശതമാനമുണ്ടാവണം. കൂടാതെ ചീഫ് എക്സിക്യുട്ടീവും മികച്ച ബോർഡ് സംവിധാനവും ഉണ്ടായിരിക്കണം. അർബൻ സഹകരണബാങ്കുകൾക്കായി 300 കോടി രൂപ മൂലധനത്തിൽ ഒരു നിയന്ത്രണസംവിധാനം (അംബ്രല്ല ഓർഗനൈസേഷൻ-യു.ഒ.) രൂപവത്കരിക്കണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു സമാനമായി നിയന്ത്രണ ചട്ടക്കൂടും ഒരുക്കണം. കൃത്യമായ ഓഡിറ്റ്, പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നിർവഹണവകുപ്പും സജ്ജമാകുന്ന മുറയ്ക്ക് കാലക്രമത്തിൽ ചെറു സഹകരണബാങ്കുകൾക്കുള്ള സ്വയംനിയന്ത്രിത സംവിധാനമായി ഇതിനെ മാറ്റാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

from money rss https://bit.ly/38a3Y2q
via IFTTT

സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ബാങ്ക്, ഫാർമ ഓഹരികൾ കുതിച്ചു

മുംബൈ: മെറ്റൽ, ഫാർമ, ബാങ്ക് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു. ആഗോള കാരണങ്ങളാണ് വിപണിയിൽ കുതിപ്പുണ്ടാക്കിയത്. സെൻസെക്സ് 403.19 പോയന്റ് ഉയർന്ന് 55,958.98ലും നിഫ്റ്റി 128.10 പോയന്റ് നേട്ടത്തിൽ 16,624.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 56,000 പിന്നിട്ടിരുന്നു. ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XH1OFB
via IFTTT

ലോക്കൽ ട്രെയിനുകളുടെ വേഗംകൂടും: ഇനി 110 കിലോമീറ്റർ വേഗത്തിൽ കുതിക്കും

ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാൻ റെയിൽവെ പദ്ധതി തയ്യാറാക്കുന്നു. കോവിഡ് വ്യാപനം കുറയുന്നമുറക്ക് തീവണ്ടികൾഓടിത്തുടങ്ങുമ്പോൾ വേഗംകൂട്ടാനാണ് പദ്ധതി. നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവരെയാണ്. ഇത് 110 കിലോമീറ്ററായാണ് വർധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ അധികൃതർ അറിയിച്ചു. ഡൽഹി ഡിവിഷനിൽ ഉടനെ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3ye1F96
via IFTTT

തകരാർ പരിഹരിക്കാനായില്ല: റിട്ടേൺ ഫയൽചെയ്യേണ്ട തിയതി വീണ്ടും നീട്ടിയേക്കും

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോർട്ടലിലെ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പുതിയ വെബ്സൈറ്റിനെതിരെ വ്യാപകമായി പരാതിഉയർന്നിട്ടും പ്രശ്നംപരിഹരിക്കാതെവന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് എംഡി സലിൽ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. സെപ്റ്റംബർ 15നകം തകരാറുകൾ പരഹരിക്കാൻ അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് ജൂൺ 22നും ഇൻഫോസിസുമായി ധനമന്ത്രാലയം ചർച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയംനൽകിയിട്ടും പരിഹാരം ഇല്ലാതെവന്നതോടെയാണ് എംഡിയെ വിളിച്ചുവരുത്തിയത്. ജൂൺ ഏഴിനാണ് പോർട്ടൽ നിലവിൽവന്നത്. പുതിയ പോർട്ടൽ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനംമൂലവും റിട്ടേൺ നൽകേണ്ട അവസാന തിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബർ 15നകം തകരാർ പരിഹരിച്ചാൽ 15 ദിവസമാണ് റിട്ടേൺ ഫയൽ ചെയ്യാൻ ലഭിക്കുക. ചുരുങ്ങിയ സമയംകൊണ്ട് പുതിയ സംവിധാനത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ചാർട്ടേണ്ട് അക്കൗണ്ടന്റുമാർപോലും പറയുന്നു. നിലവിലെ സാഹചര്യത്തിൽ റിട്ടേൺ ചെയ്യേണ്ട തിയതി നീട്ടിനൽകണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മൂന്നുതവണയാണ് തിയതി നീട്ടിയത്. ജൂലായ് 31ൽനിന്ന് നവംബർ 30 ആയും പിന്നീട് ഡിസംബർ 31ആയും നീട്ടി. അവസാനം ജനുവരി 10വരെ റിട്ടേൺ ഫയൽ ചെയ്യാൻ അനുമതി നൽകി.

from money rss https://bit.ly/3jcGkbX
via IFTTT

സൊമാറ്റോയുടെ ഓഹരി വില താഴ്ന്നത് 15ശതമാനം: കാരണമറിയാം

വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15ശതമാനം തകർച്ചനേരിട്ടു. ആങ്കർ നിക്ഷേപകരുടെ ലോക്ക് ഇൻ പിരിഡ് കഴിഞ്ഞതോടെയാണ് വൻതോതിൽ ഓഹരി വിറ്റത്. ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. 141.20 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ ദിവസം ആറ് ശതമാനമായിരുന്നു താഴ്ന്നത്. വില്പന സമ്മർദംനേരിട്ടതോടെ കമ്പനിയുടെ വിപണിമൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ്ചെയ്ത ഉടനെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.

from money rss https://bit.ly/386r8Xt
via IFTTT