നഷ്ടസാധ്യത കുറഞ്ഞ ലോ ഡ്യൂറേഷൻ ഡെറ്റ് ഫണ്ടിൽ നിക്ഷേപിച്ച രാജീവൻ പ്രകോപിതനായാണ് കഴിഞ്ഞയാഴ്ച ഇ-മെയിൽ അയച്ചത്. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ പലപ്പോഴായി20 ലക്ഷത്തോളം രൂപ നിക്ഷേപിച്ച അദ്ദേഹത്തിന് ഒരൊറ്റദിവസം(ഡിസംബർ 5)കൊണ്ട് നഷ്ടമായത് 50,000 രൂപ. രണ്ടര ലക്ഷത്തിലേറെ നേട്ടം(8.5ശതമാനത്തോളം)മുണ്ടായിരുന്ന ഫണ്ട് ഒറ്റയടിക്ക് 1.98ശതമാനമാണ് കുപ്പുകിത്തിയത്. ഇതോടെ നേട്ടം 6.80 ശതമാനമായി കുറഞ്ഞു. ഓഹരി ഫണ്ടുകളിൽനിന്നുപോലും ഒരുപക്ഷേ ഇത്രയും തുക ഒരുദിവസംകൊണ്ട് നഷ്ടമാകുമായിരുന്നില്ല. നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപ സാധ്യതകൾതേടിയാണ് ഡെറ്റ് ഫണ്ടുകളിൽ പലരും പണംമുടക്കിയിട്ടുള്ളത്. ഈയിടെ നിരവധി സ്ഥാപനങ്ങൾ പാപ്പരായപ്പോൾ അവയിൽ നിക്ഷേപം നടത്തിയ ഫണ്ടുകമ്പനികൾക്ക് കോടിക്കണക്കിന് രൂപ നഷ്ടമായി. എന്നാൽ, ഇതാ അതിനൊരു പരിഹാരമെന്നോണം പുതിയൊരു അധ്യായം കുറിച്ച് ഭാരത് ബോണ്ട് ഇടിഎഫ് വരുന്നു. ധാരാളം കോർപ്പറേറ്റ് ഡെറ്റ് ഫണ്ടുകൾ നിലവിലുണ്ടെങ്കിലും മുമ്പത്തെപ്പോലെയുള്ള ഒരു ഫണ്ടല്ല ഇതെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. കാരണം, തിരഞ്ഞെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. സുരക്ഷിതത്വത്തിന്റെയും നികുതിയിളവിന്റെയും കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നതാണ് ഈ നിക്ഷേപ പദ്ധതി. എത്ര ആദായം ലഭിക്കുമെന്നും മുൻകൂട്ടി അറിയുകയും ചെയ്യാം. ഭാരത് ബോണ്ട് ഇടിഎഫ് 2014ൽ സർക്കാർ അവതരിപ്പിച്ച ഭാരത് 22 ഇടിഎഫിന്റെയും അതിനുമുമ്പ് കൊണ്ടുവന്ന സിപിഎസ്ഇ ഇടിഎഫിന്റെയും ബോണ്ട് പതിപ്പാണ് ഭാരത് ബോണ്ട് ഇടിഎഫ്. മറ്റ് രണ്ട് ഇടിഎഫുകളും പൊതുമേഖല കമ്പനികളുടെയും തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെയും ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബോണ്ട് ഇടിഎഫ് പൊതുമേഖല കമ്പനികളുടെകടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തുക. ചുരക്കത്തിൽ പറഞ്ഞാൽ പൊതുമേഖ കമ്പനികളുടെ സ്ഥിര നിക്ഷേപ പദ്ധതികളിൽ പണംമടുക്കുന്നതിന് തുല്യമാണ് ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം. മറ്റ് സ്വകാര്യ കമ്പനികളിൽ നിക്ഷേപിക്കുന്നതുപോലെയല്ല, സർക്കാർ പിന്തുണയുള്ളതിനാൽ ഇവയിലെ നിക്ഷേപത്തിന് മിനിമം ഗ്യാരണ്ടിയുണ്ട്. ഡിസംബർ 13 മുതൽ 20വരെയാണ് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി നിക്ഷേപിക്കാൻ അവസരമുള്ളത്. ചരുങ്ങിയത് 1000 രൂപയും പരമാവധി രണ്ടു ലക്ഷം രൂപയുമാണ് എൻഎഫ്ഒവഴി നിക്ഷേപിക്കാൻ കഴിയുക. മൂന്നുവർഷത്തെ നിക്ഷേപത്തിന് 6.69 ശതമാനവും പത്തുവർഷത്തെ നിക്ഷേപത്തിന് 7.58 ശതമാനവും വാർഷീകാദായം പ്രതീക്ഷിക്കാം. കമ്പനികളും അവയിലെ നിക്ഷേപത്തിന്റെ അനുപാതവും കമ്പനി മൂന്നുവർഷം(%) പത്തുവർഷം(%) എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ 8.00 2.83 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ 4.87 - ഹൗസിങ് അർബൻ ഡെവലപ്പ്മെന്റ് കോർപ് 11.84 - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ - 8.00 ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ 1.88 15.01 നബാർഡ് 14.98 1.48 നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ 3.86 14.99 എൻഎച്ച്പിസി 1.21 1.27 എൻഎൽസി ഇന്ത്യ - 3.92 എൻടിപിസി 6.65 11.64 ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ 2.43 6.61 പവർ ഫിനാൻസ് കോർപ്പറേഷൻ 15.01 6.51 പവർഗ്രിഡ് 7.24 15.00 ആർഇസി 15.02 12.73 സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ 7.01 - നിക്ഷേപ കാലയളവ് രണ്ട് കാലയളവുകളിലാണ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തു വർഷവും. ഫണ്ടിന്റെ ചെലവ് അനുപാതമാകട്ടെ 0.0005ശതമാനം മാത്രവുമാണ്. ഡെറ്റ് ഫണ്ടുകളുടെ ചെലവ് അനുപാതത്തേക്കാൾ എത്രയോ കുറവാണുതാനും. ന്യൂ ഫണ്ട് ഓഫർ(എൻഎഫ്ഒ)മുഖേന നിക്ഷേപം നടത്തിയതിനുശേഷം ദ്വതീയ വിപണി(സ്റ്റേക്ക് എക്ചേഞ്ച്)മുഖേന വിൽക്കുകയോ വീണ്ടും വാങ്ങുകയോ ചെയ്യാം. നിശ്ചിത കാലയളവ് ലോക്ക് ഇൻ പിരിയഡ് ഉണ്ടെങ്കിലും സ്റ്റോക്ക് എക്ചേഞ്ച് മുഖേനയുള്ള ഇടപാടിന് ഇത് ബാധകമല്ല. യൂണിറ്റുകൾ ഡീമാറ്റ് അക്കൗണ്ടിലാണ് സൂക്ഷിക്കുക. നിക്ഷേപം ഏതൊക്കെ കമ്പനികളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ), ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ(ഐആർഎഫ്സി), പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ 13 പൊതുമേഖല സ്ഥാപനങ്ങളിലാകും മൂന്നുവർഷ കാലയളവുള്ള ഇടിഎഫിന്റെ നിക്ഷേപം. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ(ആർഇസി), നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ(നബാർഡ്), പവർ ഫിനാൻസ് കോർപ്പറേഷൻ(പിഎഫ്സി) തുടങ്ങിയ 12 പൊതുമേഖല സ്ഥാനങ്ങളുടെ കടപ്പത്രങ്ങളിലുമാകും 10 വർഷ കാലയളവുള്ള ഇടിഎഫിന്റെ നിക്ഷേപം. പൊതുമേഖ സ്ഥാപനങ്ങളുടെയായാലും എഎഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽമാത്രമാണ് നിക്ഷേപം നടത്തുക. എഫ്എംപിയുമായി സാമ്യം ഡെറ്റ് ഫണ്ടിലെ ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുമായാണ് ഭാരത് ബോണ്ട് ഇടിഎഫിന് സാമ്യമുള്ളത്. പണമാക്കലിന്റെ(ലിക്വിഡിറ്റിയുടെ)കാര്യത്തിൽമാത്രമാണ് വ്യത്യാസമുള്ളത്. നിശ്ചിത കാലാവധി ലോക്ക് ഇൻ പിരിയഡ് ഉണ്ടെങ്കിലും ദ്വിതീയ വിപണി ഇടപാടിന് ഇത് ബാധകമല്ല. കാലാവധിയെത്തുമ്പോൾമാത്രമാണ് എഫ്എംപികൾക്ക് നിക്ഷേപിച്ച തുക തിരികെ ലഭിക്കുക. ദ്വിതീയ വിപണിയിൽ ഇടയ്ക്കുവെച്ച് വില്പന നടത്താത്തവർക്ക് കാലാവധിയെത്തുമ്പോൾ ഭാരത് ഇടിഎഫും നിക്ഷേപതുകയും മൂലധനനേട്ടവും തിരികെ നൽകും. ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണോ? ട്രേഡിങ് അക്കൗണ്ടോ, ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്കും നിക്ഷേപിക്കാൻ അവസരം ലഭിക്കും. ഇടിഎഫ് പുറത്തിറക്കുന്ന അന്നുതന്നെ ഫണ്ട് ഓഫ് ഫണ്ട് വഴി ഇവർക്ക് നിക്ഷേപിക്കാം. സാധാരണ മ്യൂച്വൽ ഫണ്ടിലേതുപോലെ ഇതിൽ നിക്ഷേപിക്കാനാകും. എസ്ഐപി മാതൃകയിൽ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. നേട്ടം ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപിച്ചാലുള്ള പ്രധാന നേട്ടം നികുതി ആനുകൂല്യം ലഭിക്കുമെന്നുള്ളതാണ്. സ്ഥിര നിക്ഷേപ പദ്ധതികൾക്കും ബോണ്ടു(കടപ്പത്രം)കളിൽ നിക്ഷേപിക്കുന്നവർക്കും ലഭിക്കാത്തതാണ് ഈ നേട്ടം. മൂന്നുവർഷത്തിൽ കുറയാത്ത കാലം കൈവശംവെച്ച് വിറ്റാൽ ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്ക് കിഴിച്ചുള്ള നേട്ടത്തിന് 20 ശതമാനം നികുതിയാണ് നൽകേണ്ടിവരിക. ഡെറ്റ് ഫണ്ടുകൾക്കുള്ള അതേ ആനുകൂല്യം തന്നെയാണിത്. നിശ്ചിത കാലം നിങ്ങളുടെ നിക്ഷേപം ലോക്ക് ചെയ്യാമെന്നുള്ളതാണ് മറ്റൊരുനേട്ടം. മെച്യൂരിറ്റിവരെ ദീർഘകാലം ഹോൾഡ് ചെയ്യുന്നതിലൂടെ കാലാവധിയെത്തുമ്പോൾ മികച്ച ആദായം നേടാൻ നിങ്ങളെ അത് സഹായിക്കും. ഇടിഎഫ് കൈകാര്യം ചെയ്യുന്നവർക്ക് പരമാവധി നേട്ടം നൽകിക്കൊടുക്കാൻ ഇത് സഹായിക്കുന്നു. സാധാരണ ഡെറ്റ് ഫണ്ടുകൾക്ക് ഇങ്ങനെ നിശ്ചിത കാലാവധി പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്ന നിബന്ധന ഇല്ല. അതുകൂടാതെ, നിക്ഷേപം പൊതുമേഖല കമ്പനികളിലായതിനാൽ ക്രഡിറ്റ് റിസ്കുമില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ കഴിയുന്നതിനാൽ പലിശ നിരക്ക് കുറയുമ്പോഴും കൂടുംമ്പോഴുമുണ്ടാകുന്ന നേട്ടം തത്സമയം പ്രയോജനപ്പെടുത്താനും നിക്ഷേപകന് കഴിയും. അതായത് പലിശ കുറയുമ്പോൾ സ്വാഭാവികമായും ബോണ്ടിൽനിന്നുള്ള ആദായം വർധിക്കും. അപ്പോൾ വിറ്റ് നേട്ടമെടുക്കാം. പലിശ കൂടുമ്പോഴാകട്ടെ നിക്ഷേപിക്കാനുള്ള മികച്ച അവസരം ലഭിക്കുകയും ചെയ്യും. എഫ്എംപിയുമായി താരതമ്യം ചെയ്യുമ്പോൾ ലിക്വിഡിറ്റി(പണമാക്കൽ)സാധ്യത വലിയ നേട്ടമാണ്. കാലാവധിയെത്തുമ്പോൾ മാത്രമാണ് എഫ്എംപി പണമാക്കാൻ കഴിയുക. എന്നാൽ ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാം. ആദായം (ഒരുതാരതമ്യം) നിക്ഷേപം കാലാവധി ആദായം(%) നികുതിക്കുമുമ്പ് നികുതിക്കുശേഷം 10 വർഷ ഭാരത് ബോണ്ട് ഇടിഎഫ് 10 വർഷം 7.50 6.95* എസ്ബിഐ എഫ്ഡി 10 വർഷം 6.25 4.30* ആർബിഐ ടാക്സബിൾ ബോണ്ട് 7 വർഷം 7.75 5.33* 3 വർഷ ഭാരത് ബോണ്ട് ഇടിഎഫ് 3 വർഷം 6.50 5.55* എസ്ബിഐ എഫ്ഡി 3 വർഷം 6.25 4.30* *30 ശതമാനം നികുതി സ്ലാബിലുള്ളവരുടെ ആദായമാണ് നൽകിയിരിക്കുന്നത്. ദോഷം വിപണിയിൽ കടപ്പത്രങ്ങളുടെ വ്യാപാരംനടക്കുമ്പോൾ ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഇത് ഇടിഎഫിന്റെ ദിനംപ്രതിയുള്ള എൻഎവിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ദ്വിതീയ വിപണിവഴി പെട്ടെന്ന് വിറ്റ് പണമെടുക്കേണ്ടിവന്നാൽ എൻഎവിയിലെ ചാഞ്ചാട്ടം നേട്ടത്തെ ബാധിക്കും. അതുമാത്രമല്ല എപ്പോൾ വേണമെങ്കിലും വിൽക്കാനും വാങ്ങാനുംകഴിയുമെങ്കിലും അതിന് തയ്യാറുള്ളവർ വിപണിയിൽ ഉണ്ടാകുകയുംവേണം. ഇതൊഴിവാക്കാൻ ഇടയ്ക്ക് വിറ്റ് പണമെടുക്കേണ്ടിവരുന്നവർ ഫണ്ട് ഓഫ് ഫണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുന്നാതാകും ഉചിതം. മ്യൂച്വൽ ഫണ്ട് പോലെ എപ്പോൾ വേണമെങ്കിലും നിക്ഷേപം തിരിച്ചെടുക്കാം. അല്ലെങ്കിൽ മികച്ചനേട്ടം ഉറപ്പുവരുത്താൻ കാലാവധിയെത്തുംവരെ കാത്തിരിക്കേണ്ടിവരും. നിക്ഷേപ യോഗ്യമാണോ? നഷ്ടസാധ്യത കുറഞ്ഞതും അതേസമയം, പ്രതീക്ഷിക്കാവുന്ന ആദായം ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതിയാണിത്. അത്യാവശ്യംവന്നാൽ വിറ്റ് പണമാക്കാനുംകഴിയുമെന്നത് എടുത്തപറയേണ്ടതാണ്. ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയാലേ ലിക്വിഡിറ്റിയുടെ കാര്യത്തിൽ എത്രത്തോളം സാധ്യതകളുണ്ട് എന്ന് പറയാൻ കഴിയൂ. അതുമാത്രമല്ല, നിലവിലുള്ള പൊതുമേഖ സ്ഥാപനങ്ങൾ എത്രകാലം അങ്ങനെ തുടരുമെന്നകാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അത് ഇടിഎഫിന്റെ ആദായത്തെ ബാധിച്ചേക്കാം. നിലവിൽ പലിശ നിരക്കുകൾ ഒമ്പതുവർഷത്തെ താഴ്ന്ന നിലവാരത്തിലാണ്. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ഇടിഎഫിലൂടെ നിക്ഷേപം ലോക്ക് ചെയ്യുന്നത് നല്ലതല്ല. എന്നിരുന്നാലും എസ്ഐപിവഴി നിക്ഷേപിച്ച് വിവിധ കാലയളവുകളിലെ എൻഎവിയിലെ ഏറ്റക്കുറച്ചിലുകൾ പ്രയോജനപ്പെടുത്താനായാൽ പ്രതീക്ഷിച്ച ആദായം സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com
from money rss http://bit.ly/2LIN0Oa
via IFTTT
from money rss http://bit.ly/2LIN0Oa
via IFTTT