ഇപ്പോഴത്തെ മഹാമാരിയെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധിയെ 2008ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് വിപണി തുലനം ചെയ്യുന്നത്. 2008-09 ലെ ആഗോള പ്രതിസന്ധിക്കാലത്ത് നിഫ്റ്റി 50 ഒരു വർഷ കാലയളവിൽ 60 ശതമാനത്തിലധികം തിരുത്തൽ നടത്തുകയുണ്ടായി. ഇപ്പോൾ ഒന്നര മാസത്തിൽതാഴെ സമയംകൊണ്ടുതന്നെ 30 ശതമാനത്തിലധികം താഴെപ്പോയി. അങ്ങേയറ്റം മാരകമായ ഈ രോഗം കടുത്ത അനന്തരഫലങ്ങൾക്കുശേഷവും നിയന്ത്രണ വിധേയമായേക്കില്ല എന്ന ഭയവുമുണ്ട്. ഇതുമൂലം ലോകമെമ്പാടും അതിവേഗം ഓഹരി വിൽപന നടക്കുകയാണ്. ഫണ്ടുകൾ സർക്കാർ ബോണ്ടുകളിലേക്കും അമേരിക്കൻ ഡോളറിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഇത് ഓഹരി വിലകൾ വർധിക്കാനും നേട്ടംകുറയാനും കറൻസി നിരക്ക് കുറയാനും ഇടയാക്കുന്നു. രണ്ടു പ്രതിസന്ധികളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. രോഗവ്യാപനം തടയാൻ ലോകം വ്യാപാരവും യാത്രകളും നിയന്ത്രിച്ചുകൊണ്ട് സ്വയം അടച്ചിടുകയാണ്. രോഗം നിയന്ത്രണത്തിലായിക്കാഴിഞ്ഞാൽ മാത്രമേ ക്രമേണ കാര്യങ്ങൾ പഴയ നിലയിലേക്കു തിരിച്ചെത്തുകയുള്ളു. ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ ഇതിന് ഒരു വർഷമെടുക്കുമെന്ന നിലപാടിനോട് വിപണി യോജിക്കുന്നില്ല. ലോകത്തിലെ നാലിലൊന്നു പണമിടപാടും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക വിപണിയായ അമേരിക്കൻ വിപണിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008-09 ലെ തകർച്ചയ്ക്കു കാരണം. തിരിച്ചടയ്ക്കപ്പെടാത്ത വായ്പകളും ഹൗസിംഗ് മേഖലയിൽ അനുഭവപ്പെട്ട മാന്ദ്യവുമായിരുന്നു ഇതിലേക്കു നയിച്ചത്. യുഎസിലെ വൻകിട സാമ്പത്തിക സഖ്യങ്ങളെ ഇത് ബാധിക്കുകയും ഈ തകർച്ച ലോക സാമ്പത്തിക വ്യവസ്ഥയിലേക്കു സംക്രമിക്കുകയുമായിരുന്നു. ഈ പ്രതിസന്ധി നേരിടുന്നതിന് യുഎസും കേന്ദ്ര ബാങ്കും കൊണ്ടു വന്ന സാമ്പത്തിക, ധനകാര്യ ഉത്തേജക പദ്ധതികൾ ഒരു വർഷത്തിനകംതന്നെ വിപണിയിൽ ആത്മവിശ്വാസം തിരിച്ചു കൊണ്ടുവന്നു. ഇന്നു പല രാജ്യങ്ങളും ഇത്തരം ഉത്തേജക പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പരിമിതമായ അനുകൂല വ്യതിയാനമേ ഇവയ്ക്കുണ്ടാക്കാൻ കഴിയൂ. പ്രശ്നം സാമ്പത്തികമല്ല, മറിച്ച് ലോകാരോഗ്യവുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെ കാരണം. ഇപ്പോൾ ലോകത്ത് രണ്ടു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഓരോ രാജ്യങ്ങളുടേയും കാര്യമെടുത്തു നോക്കിയാൽ വൈറസ് വ്യാപനം കുറയുന്നതായും രോഗവ്യാപനം നിയന്ത്രണാധീനമാകുന്നതായും കാണുന്നു. ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം ഗണ്യമായ തോതിൽ കുറയുകയും പുതിയ കേസുകളുടെ എണ്ണം കൂടുതലായ ഇറ്റലിയിലും ഇറാനിലും രോഗ വ്യാപനം നിയന്ത്രിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളും ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. 2019 ഫെബ്രുവരിയിൽ ആഗോള രംഗത്ത് ഇടത്തരം ഓഹരികൾ റെക്കാർഡ് ഉയരത്തിലായിരുന്നു. വികസിത വിപണികളെ കോവിഡ്-19 ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ നേരത്തേ കരുതിയതിനേക്കാൾ ഗുരുതരമായും വേഗത്തിലുമാണ് ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചത്. ഇതേത്തുടർന്ന് വ്യാപാരത്തിലും യാത്രകളിലും ഉപഭോഗത്തിലും നിയന്ത്രണങ്ങളുണ്ടായി. സാമ്പത്തിക പ്രവർത്തനങ്ങൾ തീർത്തും തടയപ്പെട്ടു. 2020ലെ ഈ അനിശ്ചിതത്വം ജിഡിപി കണക്കുകൂട്ടലുകളിലും കോർപറേറ്റ് വളർച്ചാ നിരക്കിലും പതനമുണ്ടാക്കുകയും ധനകമ്മിയിലേക്കു കാര്യങ്ങൾ നീങ്ങാനിടയാക്കുകയും ചെയ്തു. അതേ സമയം ജനുവരി മുതൽ മാർച്ചുവരെയുണ്ടായ കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാവുന്ന കാര്യങ്ങൾ പ്രതീക്ഷാ നിർഭരമാണ്. കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നും ഭാവിയിൽ ഇതിനെതിരെ വാക്സിൻ കണ്ടെത്താനാവുമെന്നും പ്രത്യാശയുണ്ട്. ഈ മഹാമാരിയുടെ വെളിച്ചത്തിൽ ഭാവിയിൽ ലോകം നിക്ഷേപ തന്ത്രങ്ങൾ മാറ്റിയേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനത്തിന് സാധ്യമായ അവസ്ഥയിലാണ് ഇന്ത്യ. കൊറോണയുടെ ആക്രമണത്തിൽ കാര്യമായ ആഘാതമുണ്ടാകാതെ പിടിച്ചുനിൽക്കാൻ കഴിയുന്ന നമുക്ക് ഘടനാപരമായ മാറ്റങ്ങളിലൂടെയും നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികളിലൂടെയും മെച്ചപ്പെട്ട ധന സ്ഥിതിയിലേക്കു മുന്നേറാൻ കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)
from money rss https://bit.ly/2QHr8Fg
via IFTTT
from money rss https://bit.ly/2QHr8Fg
via IFTTT