കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ഹാൾമാർക്ക് നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻഅസ്സോസിയേഷൻ ഓഫ് ഹാൾമാർക്കിംഗ് സെന്റേഴ്സ് (ഐ.എ.എച്ച്.സി) രംഗത്ത്. ഭാരത സർക്കാർ പാസാക്കിയ കൺസ്യൂമർ പ്രൊട്ടക്ക്ഷൻ ആക്ട് 2019, ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് ആക്ട് 2016, ഹാൾമാർക്കിംഗ് റെഗുലേഷൻസ് ആക്ട് 2018 എന്നിവ സ്വർണ്ണാഭരണത്തിന്റെ ഗുണമേൻമ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇതുപൂർണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതൽ സ്വർണ്ണ വ്യാപാരികൾ ഇന്ത്യയിലെവിടെയും ഹാൾമാർക്ക്ഡ് സ്വർണ്ണം മാത്രമേ വിൽക്കുവാൻ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയിൽ നിന്നും സംശുദ്ധ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾക്കാകും. സ്വർണ്ണ ഉപഭോക്താക്കളുടെ അവകാശം പൂർണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അസ്സോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എം.എ റഷീദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ 900 ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. കേരളത്തിൽ 72-ഉം. 2000 ഏപ്രിൽ 11-ന് രാജ്യത്ത് ഹാൾമാർക്കിംഗ് നടപ്പിലാക്കിയപ്പോൾ തന്നെ ആദ്യ ഹാൾമാർക്കിംഗ് സെന്ററും ഹാൾമാർക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നത്. കേരളത്തിലെ 5600 സ്വർണ്ണ വ്യാപാരികളിൽ 2900 പേർ ഇപ്പോൾതന്നെ ഹാൾമാർക്ക്ഡ് ആണ്. ഇവിടെ വിൽക്കുന്ന 80 ശതമാനം സ്വർണ്ണവും ബി.ഐ.എസ് സർട്ടിഫൈഡ് 916 ആണ്. കേരളത്തിലെ സ്വർണ്ണക്കടയുടെ 50 കിലോമീറ്റർ ചുറ്റളവിൽ ഓരോ ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. 14, 18, 22 എന്നീ കാരറ്റിലുള്ള സ്വർണ്ണമാണ് ഈ നിയമത്തിന്റെ പരിധിയിൽ വിൽക്കേണ്ടത്. അര പവനായാലും, 10 പവനായാലും ഹാൾമാർക്ക് ചാർജ്40 രൂപ മാത്രമാണ്. 40 രൂപ അധികംനൽകി ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി മാർക്കായ 22കെ916, ഹാൾമാർക്ക് സെന്റർ ലോഗോ, വിൽക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാൾമാർക്ക് മുദ്രണം ചെയ്ത സ്വർണ്ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വർണ്ണത്തിൻ മേലുള്ള കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റിയാണെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ നാല് മാർക്കുകളും വാങ്ങുന്ന ആഭരണത്തിൽ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയിൽ ഉറപ്പാക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സംശുദ്ധ സ്വർണ്ണം മിതമായ പണിക്കൂലിയിൽ ലഭിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ആഭരണങ്ങളുടെ വാങ്ങലും, പഴയത് മാറ്റിവാങ്ങലും, സ്വർണ്ണം പണയം വയ്ക്കലും നിർബാധം നടക്കുന്നു. പുതിയ നിയമം സ്വർണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട് സാധാരണക്കാർക്ക് അവരുടെ കൈവശമുളള സ്വർണ്ണം എപ്പോൾ വേണമെങ്കിലും വിൽക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വിൽക്കുന്ന സ്വർണ്ണം ഹാൾമാർക്ക്ഡ് ആണെങ്കിൽ അതിന്റെ വിലയും, അല്ലാത്തവയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക. പഴയ സ്വർണ്ണം വാങ്ങുന്ന വ്യാപാരികൾ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാൾമാർക്ക്ഡ് ആഭരണങ്ങൾ നിർമ്മിക്കുന്നു. പഴയ മാറ്റ് കുറഞ്ഞ സ്വർണ്ണമാണെങ്കിൽകൂടി എല്ലാവർഷവും സ്വർണ്ണത്തിന് വില 5-മുതൽ 15 ശതമാനം വരെ കൂടുന്നതുകൊണ്ട് വിൽക്കുമ്പോൾ നഷ്ടം സംഭവിക്കാറില്ല. ഇതാണ് സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറ്റുന്നത്. നാളിതുവരെ ഒരുവ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. 11.05.1994 ലെ സർക്കുലർ നമ്പർ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവൻ) സ്വർണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇൻകം ടാക്സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല. വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവൻ), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവൻ), പുരുഷൻ (ഭർത്താവ്) 100 ഗ്രാം, (12.5 പവൻ), പുരുഷൻ (പുത്രൻ) 100 ഗ്രാം (12.5 പവൻ) മൊത്തം 950 ഗ്രാം അഥവാ 118.75 പവൻ. ഇതിലും കൂടിയ അളവിൽ കൈവശം വയ്ക്കുന്നവർ വരുമാന സ്രോതസ്സ്, കാർഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാൽ ഇൻകം ടാക്സ് ബന്ധപ്പെട്ട യാതൊരു നികുതിയും നൽകേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വർണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകൾ എടുക്കാനോ, നിയന്ത്രണം ഏർപ്പെടുത്താനോ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ലെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഗോൾഡ് മൊണിറ്റൈസേഷൻ സ്കീം. (ജി.എം.എസ്) രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി കുറക്കേണ്ടതിന്, ജനങ്ങൾ സൂക്ഷിക്കുന്ന പഴയ സ്വർണ്ണം പുനരുപയോഗത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. ലോക്കറുകളിലും, അമ്പലങ്ങളിലും ഒക്കെയായി ഉള്ള 25000 ടൺ സ്വർണ്ണത്തിൽ എല്ലാ വർഷവും 200 ടൺ എങ്കിലും പുനരുപയോഗിച്ചാൽ രാജ്യത്തിന് വളരെയേറെ വിദേശ നാണ്യം ലാഭിക്കാം. ഇത്തരം സ്വർണ്ണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ കാലാവധിക്കനുസരിച്ച് പലിശ ലഭിക്കും. ഇതിനായി ബി.ഐ.എസ് അംഗീകാരമുള്ള മാറ്റ് നിർണ്ണയ കേന്ദ്രങ്ങളിൽ (കളക്ഷൻ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റേഴ്സ്) എത്തിച്ച് അവരുടെ പരിശോധനാ സർട്ടിഫിക്കറ്റ് സഹിതമാണ് സ്വർണ്ണം ബാങ്കിൽ നിക്ഷേപിക്കേണ്ടത്. കേരളത്തിൽ ഇത്തരം 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. കാലാവധിക്കുശേഷം 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകളോ, അന്നേ ദിവസത്തെ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയ്ക്കുള്ള തുകയോ ആയിരിക്കും ലഭിക്കുക. കൂടുതൽ വിവരങ്ങൾ ബി.ഐ.എസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 22 കാരറ്റ് ഹാൾമാർക്ക്ഡ് ആഭരണങ്ങൾക്ക് എക്കാലവും ഉയർന്ന റീസെയിൽ വാല്യൂ ലഭിക്കുന്നതിനാൽ സുരക്ഷിതമായ ഒരു നിക്ഷേപമാർഗമാണെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഐ.എ.എച്ച്.സി മുൻ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റർ സെക്രട്ടറി സി.പി. ബഷീർ, ട്രഷറർ അബ്ദുൾ അസ്സീസ് എന്നിവരും പങ്കെടുത്തു.
from money rss http://bit.ly/2SksYxa
via
IFTTT