121

Powered By Blogger

Sunday 18 July 2021

സെൻസെക്‌സിൽ 503 പോയന്റ് നഷ്ടത്തോടെ തുടക്കം: ബാങ്ക് ഓഹരികളിൽ തളർച്ച

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 503 പോയന്റ് നഷ്ടത്തിൽ 52,636ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 15,782ലുമാണ് വ്യാപരം ആരംഭിച്ചത്. പണപ്പെരുപ്പ ഭീഷണിയും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതുമാണ് വിപണിയെ തളർത്തിയത്. ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസിസി, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ്, ഇന്ത്യൻ ബാങ്ക് തുടങ്ങി 25 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3kKSQ3V
via IFTTT

കേരളത്തിനു വേണ്ടത് ഉത്തരവാദിത്വ വ്യവസായവും നിക്ഷേപവും

വ്യവസായ സ്ഥാപനങ്ങൾക്ക് ലാഭേച്ഛയുള്ള ഉടമസ്ഥാവകാശികളെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉടമസ്ഥരല്ലാത്ത അവകാശികൾ - ഈ സിദ്ധാന്തമാണ് ഉത്തരവാദിത്വ നിക്ഷേപത്തിന്റെയും ഉത്തരവാദിത്വ വ്യവസായത്തിന്റെയും പിന്നിലുള്ളത്. ഒരു വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഉടമസ്ഥരല്ലാത്ത അവകാശികൾ എന്ന നിർവചനത്തിൽപ്പെടുന്നത് അതിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും ചുറ്റുവട്ടത്തിലുള്ള ജനങ്ങൾ ഉൾപ്പെടുന്ന പൊതുസമൂഹവും പരിസ്ഥിതിയും ഉപഭോക്താക്കളുമൊക്കെയാണ്. പരിസ്ഥിതി സംരക്ഷണം (E-Environmental), സാമൂഹിക സംരക്ഷണം (S-Social), നിയമാനുസരണമുള്ള ഭരണക്രമം (G-Governance) എന്നിവയ്ക്ക് ലാഭത്തെപ്പോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നതിന് ഇ.എസ്.ജി. നിക്ഷേപമെന്നും അവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യവസായങ്ങളെ ഉത്തരവാദിത്വ വ്യവസായങ്ങളെന്നും വിളിക്കാം. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും സുസ്ഥിര വികസനം കൈവരിക്കാൻ സാധിക്കുകയില്ല. അത്തരം വ്യവസായങ്ങൾ മാത്രമുള്ള രാജ്യങ്ങൾക്കും സുസ്ഥിരമായ വികസനം സാധ്യമാകില്ല. 1976-ൽ ധനതത്ത്വശാസ്ത്രത്തിൽ നോബേൽ സമ്മാനം കിട്ടുകയും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച ധനതത്ത്വ ചിന്തകനെന്ന് 'ന്യൂയോർക്ക് ടൈംസ് ' രേഖപ്പെടുത്തുകയും ചെയ്ത മിൽട്ടൺ ഫ്രിഡ്മാൻ ആണ് ഒരു ബിസിനസിന് ഒരേയൊരു ലക്ഷ്യമേ പാടുള്ളൂവെന്നും അത് ആദ്യമായും അവസാനമായും ലാഭമുണ്ടാക്കുക മാത്രമാണെന്നും താത്ത്വീകരിച്ച് മൂലധനാധിഷ്ഠിതമായ ആഗോള കമ്പോള വ്യവസ്ഥയെ നാട്ടുഭാഷയിൽ പറഞ്ഞാൽ പിന്നീടുള്ള 50 വർഷം കത്തിച്ചു നിർത്തിയത്. സമൂഹത്തിനെയും പരിസ്ഥിതിയെയും ജീവനക്കാരെയും ഉത്തമ ഭരണ രീതികളെയും മറന്ന് വർഷംതോറുമുള്ള ലാഭവർധനയെ മാത്രം ലക്ഷ്യമാക്കി വ്യവസായ സംരംഭകർ അതിവേഗത്തിൽ മത്സരിച്ചപ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു ആഗോള ഓഹരി വിപണികളും നിക്ഷേപകരും. 2019-ൽ 750 ലക്ഷം കോടി രൂപയുടെ നിക്ഷേപം മാനേജ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടായ ബ്ലാക്ക് റോക്കിന്റെ സി.ഇ.ഒ. ലാറി ഫിങ്ക്, തങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ സി.ഇ.ഒ.മാർക്ക് തങ്ങൾ ഇനിമുതൽ ലാഭവും ലാഭവർധനയും മാത്രം നോക്കി ആയിരിക്കില്ല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതെന്നും പരിസ്ഥിതിയുൾപ്പെടെയുള്ള ഉടമസ്ഥേതര അവകാശികൾക്ക് എന്ത് ഉന്നമനം (ഇ.എസ്.ജി. നേട്ടം) ഉണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽകൂടി ആയിരിക്കും നിക്ഷേപം നടത്തുന്നത് എന്നും എഴുതി. ഇതോടെ ആഗോള വ്യാവസായിക നിക്ഷേപ രംഗത്ത് ഇത്തരം നിക്ഷേപത്തിനും ഉത്തരവാദിത്വ വ്യവസായങ്ങൾക്കും മുൻഗണന ലഭിച്ചു തുടങ്ങി. ആഗോള വ്യാപകമായി ഉത്തരവാദിത്വ വ്യവസായങ്ങളിൽ ഏകദേശം 25 ലക്ഷം കോടി ഡോളർ (ഏകദേശം 1,800 ലക്ഷം കോടി രൂപ) ഉത്തരവാദിത്വ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2015-ൽ ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസനം നേടുന്നതിലേക്കായി 17 ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. നിക്ഷേപ രംഗത്തും വ്യാവസായിക രംഗത്തും ഇതേത്തുടർന്നുണ്ടായ നവീകരണമാണ് ഉത്തരവാദിത്വ വ്യവസായത്തിലേക്കും ഉത്തരവാദിത്വ നിക്ഷേപത്തിലേക്കും വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും രാജ്യങ്ങളെയും മാറ്റിത്തുടങ്ങിയത്. ഇന്ത്യയിൽ മൂലധന വിപണിയെയും ലിസ്റ്റഡ് കമ്പനികളെയും നിയന്ത്രിക്കുന്ന സെബി ഇനി മുതൽ കമ്പനികളുടെ വാർഷിക റിപ്പോർട്ടിൽ ബിസിനസ് ഉത്തരവാദിത്വ റിപ്പോർട്ട് ഉണ്ടായിരിക്കണമെന്നും ആ റിപ്പോർട്ടിൽ കമ്പനികളുടെ ഉടമസ്ഥേതര അവകാശികൾക്കായി എന്തു ചെയ്തുവെന്ന് പ്രത്യേകം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടതോടെ ഇന്ത്യയിലും ഈ രംഗത്ത് പുതിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്ര സഭ ഉണ്ടാക്കിയ റാങ്കിങ്ങിൽ ഇന്ത്യ വെറും 66-ാം സ്ഥാനത്താണെന്നത് ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ ഫിൻലൻഡ്, സ്വീഡൻ, ഡെൻമാർക്ക് എന്നീ നോർഡിക്ക് രാജ്യങ്ങൾക്കാണ്. സുസ്ഥിര വികസന റാങ്കിങ്ങിൽ കേരളം മുന്നിൽ ഇന്ത്യയിൽ നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തപ്പോൾ കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്താണെന്നത് എടുത്തുപറയേണ്ട ഒരു നേട്ടം തന്നെയാണ്. ഉത്തരവാദിത്വ സംസ്ഥാനം (Responsible state), ഉത്തരവാദിത്വ വ്യവസായം (Responsible industry), ഉത്തരവാദിത്വ നിക്ഷേപം (Responsible investment) എന്നിവയിലെല്ലാം കേരളത്തിന് ആഗോള നിക്ഷേപകരുടെ മുന്നിൽ അഭിമാനത്തോടെ സ്വയം പ്രദർശിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളെക്കാൾ എളുപ്പത്തിൽ സംഘടിതമായ പ്രവർത്തനത്തിലൂടെ സാധിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തത്തിനു കാരണം പ്രകൃതിയെയും പരിസ്ഥിതിയെയും വേണ്ടവിധത്തിൽ സംരക്ഷിക്കാത്തതുകൊണ്ടും ജൈവ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കാത്തതുകൊണ്ടും ആണെന്നതിനാൽ ഇനിയങ്ങോട്ട് ലോക വ്യാവസായിക രംഗത്തെ നയിക്കുന്നത് ഉത്തരവാദിത്വ നിക്ഷേപങ്ങളും വ്യവസായങ്ങളുമായിരിക്കുമെന്ന് നിസ്സംശയം പറയാം. 'ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം' എന്നിവയ്ക്കു പറ്റിയ സംസ്ഥാനം എന്ന പുതിയ മുദ്രാവാക്യം ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രി ഉയർത്തിക്കാണിക്കുന്നത് കേരളത്തിൽ നിന്നാണെന്നതിന് സംസ്ഥാനത്തിന്റെ പുതിയ വ്യവസായ മന്ത്രി പി. രാജീവിനെ പ്രശംസിക്കാതിരിക്കാൻ നിർവാഹമില്ല. വ്യക്തമായ കാഴ്ചപ്പാടോടെ രൂപരേഖ തയ്യാറാക്കി സംസ്ഥാന തലത്തിൽ ഒരു ഇ.എസ്.ജി. അല്ലെങ്കിൽ എസ്.ഡി.ജി. (Sustainable Development Goals) സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുകയും സർക്കാരിന്റെ നയപരിപാടികളിൽ ഇതിനുവേണ്ട മാറ്റം വരുത്തി അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ കേരളത്തിന് ഒരു ഉത്തരവാദിത്വ വ്യവസായ സംസ്ഥാനം എന്ന പദവിയിലേക്ക് ഉയരാൻ സാധിക്കുകയും അതിന് ആഗോള നിക്ഷേപക ശ്രദ്ധ ലഭിക്കുകയും ചെയ്യും. വ്യവസായ മന്ത്രി മുൻകൈയെടുത്ത് വ്യവസായ നയത്തിൽത്തന്നെ ഇത്തരത്തിലുള്ള മാറ്റം എടുക്കേണ്ടതുണ്ട്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മുൻപന്തിയിൽ ഉള്ളത് ഇത്തരം ഒരു അംഗീകാരം വേഗത്തിൽ ലഭിക്കുന്നതിന് കേരളത്തെ സഹായിക്കും. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ആഗോള വ്യാവസായിക രംഗത്തെ ഏറ്റവും പുതുതായി ഉയർന്നു വരുന്ന നിർദേശം സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി.) നേട്ടമാണ് ഒരു രാജ്യത്തിന്റെ നിക്ഷേപാർഹതയെ സൂചിപ്പിക്കുന്നത് എന്നതാണ്. അല്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയല്ല. ഈ പുതിയ നിർദേശം കേരളത്തിലും ചർച്ചയാകേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിൽ കൂടി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം ആഗോള മൂലധന ശക്തികളെന്ന് അടച്ചാക്ഷേപിക്കുമ്പോൾ പോലും വിപണിയെ അടിസ്ഥാനമാക്കിയ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നത് ഇതേ ആഗോള മൂലധന ശക്തികളാണ് എന്നതാണ്. പരിഹാരം കണ്ടെത്തുന്നത് കമ്പോള വ്യവസ്ഥയിലൂടെ തന്നെയാണെന്നതും ശ്രദ്ധിക്കണം. ഇത്തരത്തിൽ ആഗോള വ്യാവസായിക രംഗത്തെ തന്നെ മാറ്റിമറിക്കുന്ന നിർദേശങ്ങൾ വിപണിവഴി തന്നെ നടപ്പാക്കുന്നത് ഇതിനുവേണ്ടി ഉണ്ടായ ഏതെങ്കിലും കൂട്ടായ മുന്നേറ്റത്തെ തുടർന്നല്ല എന്നത് വ്യക്തമാണ്. അതേസമയം, പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ഇതര സന്നദ്ധ സംഘടനകളും ഒറ്റയ്ക്കൊറ്റയ്ക്കായി ലോകത്തിന്റെ പല ഭാഗത്തും നടത്തിയ മുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. ആധുനിക മുതലാളിത്തം ഇത്തരത്തിൽ ഒരു ഇടതുപക്ഷ നവീകരണത്തിനു തയ്യാറെടുക്കുമ്പോൾ ഇടതുപക്ഷ സർക്കാർ അതും അംഗീകരിക്കേണ്ടതുണ്ട്. cjgeorge@geojit.com (ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ഘടകം മുൻ ചെയർമാനുമാണ് ലേഖകൻ)

from money rss https://bit.ly/3ev2OSI
via IFTTT