എവിടെയാണ് നാം ഇന്ന് ? സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുന്നു. ഇത് അളക്കാനുള്ള മാപിനികൾ നമ്മുടെ കൈവശം തന്നെയുണ്ട്. പക്ഷേ, അസമത്വങ്ങൾ വർധിക്കുമ്പോഴും അതിനുള്ള ന്യായമായി പറയാറുള്ളത്, ഉയർന്ന വളർച്ചനിരക്ക് ഇത്തരം അസമത്വത്തെ ദീർഘകാലത്തിൽ കവച്ചുവെക്കുമെന്നാണ്. തത്ഫലമായി, ഹൃസ്വകാലത്തിലൂടെ താത്കാലികപ്രശ്നങ്ങൾ ദീർഘകാലത്തിൽ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകൾ മുകളിൽപ്പറഞ്ഞ വാദഗതിയെ പരിശോധിക്കേണ്ടത് ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകളെ മുന്നിൽവെച്ചുകൊണ്ടായിരിക്കണം. ഒന്നാമതായി, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഘടനാപരമായി പിരമിഡ് സ്വഭാവത്തിലുള്ളതാണ്. ഉത്പാദന പ്രക്രിയയുടെയും ഉത്പാദകരുടെയും ഒരു വൻനിരയാണ് സാമ്പത്തിക ഘടനയുടെ ഉപരിതലത്തെ താങ്ങിനിർത്തുന്നത്. ഉത്പന്നനിർമാണമേഖലയടക്കം നമ്മുടെ സമ്പദ്ഘടന ഇത്തരം പിരമിഡ് സ്വഭാവം കാലാകാലങ്ങളായി നിലനിർത്തുന്നു എന്നത്, ഇന്ത്യയുടെ ഒരു പ്രത്യേകത തന്നെയാണ്. ഇത്തരമൊരു ഘടനാപരമായ സവിശേഷത, ഒരേസമയം പ്രശ്നങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്നു. രണ്ടാമതായി, വളർന്നുകൊണ്ടിരിക്കുന്ന ഒരു മധ്യവർഗം, ക്രമാനുഗതമായി വികസിക്കുന്ന ഇന്ത്യൻ കമ്പോളത്തിന്റെ ഒരു പ്രതിഫലനമാണ്. സ്വാഭാവികമായും ഈ രണ്ടുഘടകങ്ങളുടെ ഉൾച്ചേരലും അതിനുവേണ്ട നയപരമായ പിൻബലവും സമ്പദ്ഘടനയെ ചലിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ഇന്ന് സംഭവിക്കുന്നത് അതല്ല. മധ്യവരുമാനക്കാരുടെ കെണി സമ്പദ്ഘടനയെ ചലിപ്പിക്കേണ്ട മുകളിൽപ്പറഞ്ഞ രണ്ടുകൂട്ടരുടെയും ചോദന ശക്തി (demand) ക്ഷയിച്ചുവരുന്ന അവസ്ഥയാണ് 2019-ലെ സാമ്പത്തിക കാലാവസ്ഥ. 'മധ്യ വരുമാനക്കാരുടെ കെണി'യെന്ന് സാമ്പത്തികശാസ്ത്രജ്ഞർ പേരുവിളിക്കുന്ന പ്രതിഭാസം, ബ്രസീലിലും മറ്റു പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സമീപകാലത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തിൽ ലോകത്താകമാനം വമ്പിച്ച കുതിച്ചുചാട്ടം കഴിഞ്ഞ അരദശകമായി നടക്കുന്നുണ്ട്. വ്യാപാരരംഗത്തെ ആഗോള ചലനങ്ങൾ ഈ ഉത്പന്നങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള നീക്കം ലളിതമാക്കിയിട്ടുണ്ട്. പക്ഷേ, ഉത്പന്നങ്ങൾ വാങ്ങാനുള്ള ക്രയശേഷി കുറഞ്ഞുവരുമ്പോൾ, സ്വാഭാവികമായി അത് ഉത്പാദനത്തെയും തൊഴിൽ ലഭ്യതയെയും കാര്യമായി ബാധിക്കുമെന്നത് വ്യക്തമാണ്. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും അതുതന്നെയാണ്. നിക്ഷേപ വർധനയാണ് അടിസ്ഥാനപരമായി സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊന്നൽനൽകുന്നത്. പക്ഷേ, നിക്ഷേപ പ്രോത്സാഹനത്തെ സംബന്ധിച്ച ചർച്ചകളിൽ രണ്ടുകാര്യങ്ങളിൽ പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാറില്ല. ഒന്നാമതായി പുതുനിക്ഷേപങ്ങളുടെ ഘടന എന്താണ് ? കോർപ്പറേറ്റ് മേഖലയുടെയും വിദേശ നിക്ഷേപത്തിന്റെയും വളർച്ചയ്ക്കാണ് മിക്കപ്പോഴും മൂലധനനിക്ഷേപം എന്ന പരിഗണന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക (ease of doing business) എന്ന ഊന്നലാണ് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുന്നിൽ നിർത്തുന്നത്. നിക്ഷേപങ്ങൾക്ക് പിന്നിലെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും വ്യക്തികളുടേതാണ്. അങ്ങനെയെങ്കിൽ, ഈ പ്രതീക്ഷകളെ സർക്കാർ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. അവിടെയാണ്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ച കണക്കുകൂട്ടലുകൾ മിക്കപ്പോഴും പിഴച്ചുപോകുന്നത്. രണ്ടാമതായി, നിക്ഷേപകാലാവസ്ഥയെ സംബന്ധിച്ച ചർച്ചകളിൽ പലപ്പോഴും പ്രാധാന്യം കിട്ടാതെപോകുന്ന ഒരു ഘടകമാണ് നിലവിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും പ്രതീക്ഷകളും. കെയ്നീഷ്യൻ തത്ത്വം അനുസരിച്ച്, ഇത്തരം അവധാനതക്കുറവ് സമ്പദ്ഘടനയെ, പ്രത്യേകിച്ച് മാന്ദ്യകാലത്ത്, അപകടത്തിലേക്ക് തള്ളിവിടുമെന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം തന്നെ, ഈ ഘടനാപരമായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. പുതിയ ഒരു ഗവൺമെന്റിന് വേണ്ടിവരുന്ന ഗൃഹപാഠവും ഇവിടെനിന്നുതന്നെ ആരംഭിക്കേണ്ടിവരും.
from money rss http://bit.ly/2MBa0Bo
via
IFTTT