121

Powered By Blogger

Thursday, 6 June 2019

റിസർവ് ബാങ്കിന്റെ വായ്പനയം:സാമ്പത്തികമാന്ദ്യം പരിഹരിക്കില്ല

ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജി.ഡി.പി. വളർച്ചനിരക്കിലെ ഇടിവ് കാണിക്കുന്നു. ഈ സ്ഥിതി അഭിമുഖീകരിക്കാൻ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചിരിക്കുന്നു. ലോക സാമ്പത്തികരംഗത്തെ മാന്ദ്യവും ഇന്ത്യൻ സാമ്പത്തികരംഗത്തുള്ള ഉത്പാദനത്തകർച്ചയും കണക്കിലെടുത്തുകൊണ്ടാണ് വായ്പനയം രൂപവത്കരിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. 2019-ലെ ആദ്യ പാദത്തിൽ ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളിലെ ഉത്പാദനം, കച്ചവടം, കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇടിവും വിദേശ വ്യാപാരരംഗത്ത് മാന്ദ്യവും ഉണ്ടായി. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധവും ലോക സാമ്പത്തികപ്രതിസന്ധി വർധിപ്പിച്ചു. ഈ ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു. 2019-ലെ രണ്ടാം ക്വാർട്ടറിലും ആഗോള സാമ്പത്തിക മാന്ദ്യത്തിൽ അയവുണ്ടായിട്ടില്ല. ഇന്ത്യയിലെ കയറ്റുമതിയിൽ കാര്യമായ ഇടിവും ഇറക്കുമതിയിൽ വൻ വർധനയും ഉണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന നിലപാടിലാണ് റിസർവ് ബാങ്ക്. ഇതോടൊപ്പം ഇന്ത്യൻ ഉത്പാദനമേഖലകളിലെ മാന്ദ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നു. പ്രശ്നം ഘടനാപരം വായ്പാപലിശ നിരക്കിൽ ചെറിയ കുറവുവരുത്തി ഭവന-വാഹന മറ്റു ഉപഭോഗവസ്തുക്കളുടെ വായ്പകൾ വർധിപ്പിച്ച് ഉത്പന്നങ്ങളുടെ ഡിമാൻഡുകൂട്ടി സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ല രാജ്യം. കാരണം, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും രൂക്ഷപ്രതിസന്ധിയും ഒരു താത്കാലിക പ്രശ്നമോ ആഗോള സാമ്പത്തികമാന്ദ്യംമൂലമോ ഉണ്ടായിട്ടുള്ള പ്രശ്നമല്ല. സമ്പദ്ഘടനയുടെ ഘടനാപരമായ പ്രശ്നമാണ്. കഴിഞ്ഞ അഞ്ചുവർഷമായി കേന്ദ്രത്തിൽ മുൻ ബി.ജെ.പി. സർക്കാർ അനുവർത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങൾമൂലമാണ് (നോട്ട് നിരോധനം, ജി.എസ്.ടി., കാർഷിക, വ്യവസായ, തൊഴിൽ വായ്പനയങ്ങൾ തുടങ്ങിയ). ഈ നയങ്ങൾ ഉത്പാദന, സേവന മേഖലകളിലെ മാന്ദ്യം സൃഷ്ടിക്കുകയും വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തികനിലയെക്കുറിച്ച് പുതുതായി അധികാരത്തിലെത്തിയ ബി.ജെ.പി. സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ ആശങ്കാജനകമാണ്. 2018-'19 സാമ്പത്തികവർഷത്തെ അവസാന പാദത്തിലെ ജി.ഡി.പി.യുടെ വാർഷിക വളർച്ച 5.8 ശതമാനമായി കുറഞ്ഞു. ജി.ഡി.പി. വളർച്ച അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് (6.8%). എട്ട് പ്രധാന വ്യവസായമേഖലകൾ ഉൾപ്പെടുന്ന കോർ ഉത്പാദന രംഗത്തെ വളർച്ച 2.6 ശതമാനമായി കുറഞ്ഞു. 2017-'18 കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് (തൊഴിലില്ലായ്മ നിരക്ക് 6.1%). ഉത്പന്നം വാങ്ങാൻ ആളില്ലാതെ വ്യാപാരം ഇടിയുന്നു. സ്വകാര്യ മേഖലയിലെ നിക്ഷേപം മരവിച്ചിരിക്കുന്നു, കാർഷിക മേഖലയും രൂക്ഷമായ പ്രതിസന്ധിയിലാണ്. ചുരുക്കത്തിൽ സമ്പദ്ഘടന എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയും തകർച്ചയും നേരിടുന്നു. ഈ വലിയ പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ ചെറിയനടപടിക്ക് കഴിയില്ല.

from money rss http://bit.ly/2JYzB52
via IFTTT