തളർച്ചയുടെ പാതയിൽനിന്ന് വ്യതിചലിക്കാതെയുളള സൂചികകളുടെ നീക്കം രണ്ടാമത്തെ ആഴ്ചയുംതുടർന്നു. ആഗോള-ആഭ്യന്തരകാരണങ്ങൾ അതിന് വഴിമരുന്നിട്ടു. ബിഎസ്ഇ സെൻസെക്സിന് 388.96 പോയന്റും നിഫ്റ്റിക്ക് 93.05പോയന്റും പോയവാരത്തിൽ നഷ്ടമായി. യഥാക്രമം 52,586.84ലിലും 15,763ലുമായിരുന്നു ക്ലോസിങ്. അതേസമയം, ബിഎസ്ഇ സ്മോൾ ക്യാപ് 1.3ശതമാനം നേട്ടമുണ്ടാക്കി. മിഡ്ക്യാപ് സൂചികയാകട്ടെ 0.29ശതമാനവും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, സൺ ടിവി, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങിയവ മിഡ്ക്യാപ് സൂചികക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ പെട്രോളിയം, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ ബിഎസ്ഇ ലാർജ് ക്യാപ് സൂചികയിൽ നേട്ടമുണ്ടാക്കി. സെൻസെക്സിൽ, വിപണിമൂല്യത്തിൽ പ്രധാനമായും തകർച്ചനേരിട്ടത് റിലയൻസാണ്. ടിസിഎസ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവും ഇക്കാര്യത്തിൽ പുറകോട്ടുപോയില്ല. സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ വിപണിമൂല്യംകൂട്ടുകയുംചെയ്തു. സൂചികകൾ പരിശോധിച്ചാൽ, മെറ്റലാണ് കരുത്തുതെളിയിച്ചത്. 8ശതമാനത്തോളം നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ, ഐടി സൂചികകൾ രണ്ടുശതമാനത്തോളവും എനർജി, ഓട്ടോ സൂചികകൾ 1.5-3ശതമാനവും ഉയരംതാണ്ടി. പോയവാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 10,825.21 കോടി രൂപയുടെ ഓഹരികളാണ് കയ്യൊഴിഞ്ഞത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര സ്ഥാപനങ്ങൾ 8,206.92 കോടി രൂപ നിക്ഷേപിക്കുകയുംചെയ്തു. ജൂലായ് മാസത്തിൽ വിദേശികൾ ആകെ വിറ്റഴിഞ്ഞത് 23,193.39 കോടി രൂപയുടെ ഓഹരികളാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 18,393.92 കോടി രൂപ നിക്ഷേപം നടത്തുകയുംചെയ്തു. യുഎസ് ഡോളറിനെതിരെ കാര്യമായ നേട്ടമില്ലാത്ത ആഴ്ചയാണ് കടുന്നുപോയത്. ജൂലായ് 30ന് അവസാനിച്ച ആഴ്ചയിൽ 74.41 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.40 ആയിരുന്നു ജൂലായ് 23ലെ നിലവാരം. വരുംആഴ്ച അത്രതന്നെ ശുഭകരമല്ലാത്ത ആഗോള കാരണങ്ങളാകും വരുംആഴ്ച വിപണിയുടെ ഗതിനിയന്ത്രിക്കുക. ആവശ്യത്തിന് ഉത്പാദനക്ഷമത കൈവരിക്കാനാകാത്തതിനാൽ നിലനിൽക്കുന്ന വിലക്കയറ്റ ഭീഷണിയും. യൂറോപ്പിലെ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനവും യുദ്ധക്കളത്തിൽ മുൻനിരയിലുണ്ട്. രാജ്യങ്ങൾ 13 ലക്ഷംകോടി ഡോളറിന്റെ ഉത്തേജനപാക്കേജുകൾ പ്രഖ്യാപിച്ചത് ഡിമാൻഡ് പുനഃസ്ഥാപിക്കാൻ സഹായകരമാകും. കാറ്, വിനോദം, ഉപഭോക്തൃഉത്പന്നം, ഒടിടി തുടങ്ങിയ മേഖലകളിൽ ഉണർവ് പ്രകടമായിതുടങ്ങിയിട്ടുണ്ട്. വിലക്കയറ്റ ഭീഷണിയാകും അതിന്റെ ഉപോത്പന്നം. എങ്കിലും മികച്ച ഗുണനിലവാരമുള്ള കമ്പനികളിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് വിപണി നൽകുന്ന സൂചന. ആർബിഐയുടെ വായ്പാനയവും കമ്പനികളുടെ രണ്ടാംപാദഫലങ്ങളും രാജ്യത്തെ സൂചികകളുടെ ഗതിനിയന്ത്രിക്കും. ചൈനയിലെ റെഗുലേറ്ററി കടമ്പകളാകും ഏഷ്യൻ വിപണിയെ ഈയാഴ്ചയും മുൾമുനയിൽനിർത്തുക. വികസ്വര വിപണികളിൽനിന്ന് പിന്മാറുകയെന്ന വിദേശ നിക്ഷേപകരുടെ നയം തുടരാനാണ് സാധ്യത. അതേസമയം, ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ ഇടപെടൽ വിപണിക്ക് അനുകൂലവുമാണ്. കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ പണമൊഴുക്കിനുണ്ടാകുന്ന തടസ്സം വിപണിനേരിടുന്ന വലിയ വെല്ലുവിളിയാകും. വിദേശ നിക്ഷേപകർ പിൻവാങ്ങുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചെറുകിട നിക്ഷേപകരും വിപണിയിൽ ശക്തമായി ഇടപെടുന്നത് ആശ്വാകരമാണ്. അത് എത്രനാൾ തുടരുമോയെന്നാണ് കണ്ടറിയേണ്ടത്.
from money rss https://bit.ly/3ffsNye
via IFTTT
from money rss https://bit.ly/3ffsNye
via IFTTT