121

Powered By Blogger

Monday 21 June 2021

ഫ്‌ളാഷ് സെയിലിന് നിയന്ത്രണം: ഇ-കൊമേഴ്‌സ് മേഖലയിൽ പുതിയ ചട്ടങ്ങൾ വരുന്നു

ന്യൂഡൽഹി: ഇ-കൊമേഴ്സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ നിയമം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഫ്ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്കാരങ്ങളാകും നടപ്പാക്കുക. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യമന്ത്രാലയമാണ് നിയമങ്ങൾ പരിഷ്കരിക്കുന്നത്. പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകൾക്കായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്കൗണ്ട് വിൽപന ഇതോടെ ഇല്ലാതാകും. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നും കരടിൽ പറയുന്നുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ്. ഉപഭോക്തൃ സംരക്ഷണ(ഇ-കൊമേഴ്സ്)നിയമം 2020 ഭേദഗതി കരട് പ്രകാരം ജൂലായ് ആറിനകം js-ca@nic.in എന്ന ഇ-മെയിലിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

from money rss https://bit.ly/3xATPqc
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ സ്വർണവിലയിൽ വർധന. പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ മാറ്റമില്ല. സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,784 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം വർധിച്ച് 47,185 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3gRbXpl
via IFTTT

കോവിഡുകാലത്തെ കുതിപ്പ്: ഇന്ത്യൻഔഷധ വിപണിക്ക്‌ 2.89 ലക്ഷം കോടിയുടെ വിറ്റുവരവ്

തൃശ്ശൂർ: ശരാശരി പത്തുശതമാനം വളർച്ചയെന്ന പതിവുവിട്ട് കോവിഡുകാലത്ത് ഇന്ത്യൻ ഔഷധ വിപണിക്ക് മികച്ച പ്രകടനം. 12.17 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ച. വിറ്റുവരവ് 2,89,998 കോടി രൂപ. കയറ്റുമതി ഉൾപ്പെടെയുള്ള കണക്കാണിത്. മുൻ വർഷം 2,58,534 കോടിയായിരുന്നു വിറ്റുവരവ്. 31,464 കോടി രൂപയുടെ കൂടുതൽ വില്പന നടന്നു. എന്നാൽ, കയറ്റുമതിയിൽ ചെറിയ കുറവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ വിറ്റുവരവിൽ 1,46,260 കോടി രൂപയും കയറ്റുമതി ഇനത്തിലാണ്. മുൻ വർഷമിത് 1,47,420 കോടി രൂപയുടേതായിരുന്നു. ഇറക്കുമതിയിലും കുറവാണുണ്ടായിരിക്കുന്നത്. 2019-20 വർഷത്തിൽ മെഡിക്കൽ ഉപകരണങ്ങളടക്കം 72,800 കോടി രൂപയുടെ ഇറക്കുമതിയാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 42,943 കോടിയുടെ മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. മെഡിക്കൽ ഉപകരണങ്ങളുടെ കണക്കുകൾ ഇത്തവണത്തെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതുംകൂടി വന്നാൽ മാത്രമേ യഥാർഥ ചിത്രം വ്യക്തമാവൂ. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കുത്തിവെപ്പ് മരുന്നുകളിൽ 60 ശതമാനവും പുറത്തിറക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. കഴിഞ്ഞ വർഷം കൂടുതൽ മരുന്നുകൾ അയച്ചത് വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കാണ് - 34 ശതമാനം. 17 ശതമാനം കയറ്റുമതി നടത്തിയ ആഫ്രിക്കയാണ് തൊട്ടുപിന്നിൽ. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 15 ശതമാനമാണ്.

from money rss https://bit.ly/3xEpSpf
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണിയിലെനേട്ടം രാജ്യത്തെ സൂചികകൾക്ക് കരുത്തായി. നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയർന്ന് 15,822ലുമെത്തി. മാരുതി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണലിവർ തുടങങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് 1.9ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും നേട്ടത്തിലാണ്. എൻഎംഡിസി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഭാരത് ഇലക്ട്രോണിക്സ്, ജെയ്പീ ഇൻഫ്രടെക് തുടങ്ങി 79 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3zKRpqW
via IFTTT

കുട്ടനാട്‌: വേണ്ടത്‌ പരിസ്ഥിതിപരിഹാരം

കുട്ടനാടിന്റെ ദുരിതത്തിന് കൂടുതൽ ജനശ്രദ്ധ കിട്ടുന്നു എന്നത് ആശ്വാസകരമാണ്. ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് എന്നതാണ് കുട്ടനാടിന്റെ സ്ഥിതി. വെള്ളക്കെട്ടുണ്ടാവാൻ കാലവർഷം വരണമെന്നില്ല. ഏതാനും ദിവസത്തെ ശക്തമായ മഴയുണ്ടെങ്കിൽ വെള്ളം പൊങ്ങും. തണ്ണീർമുക്കത്തിനുവടക്കോട്ട് ചേർത്തല, അരൂർ ഭാഗത്ത് മഴപോലും വേണ്ടാ. നല്ലൊരു വേലിയേറ്റമുണ്ടായാൽ മതി, വെള്ളക്കെടുതിയായി. വാസയോഗ്യമല്ലാത്ത പ്രദേശമായി കുട്ടനാട് മാറുന്നുവോ എന്ന വേവലാതി എല്ലാവർക്കുമുണ്ട്. ഇടുക്കിപോലെ കാനേഷുമാരി കണക്കിൽ ജനസംഖ്യ കുറയുന്ന ഒരു പ്രദേശമായി കുട്ടനാട്. കുട്ടിച്ചോറാക്കിയ പദ്ധതി ഇതൊക്കെ കാണുമ്പോൾ ആദ്യം ഓർക്കുക നാലുപതിറ്റാണ്ടുമുൻപത്തെ എം.ഫിൽ പഠനകാലമാണ്. സി.ഡി.എസിൽ പ്രോജക്ട് ഗുണ-ദോഷ വിചിന്തനം പഠിപ്പിച്ചിരുന്നത് പ്രൊഫ. ഗുലാത്തിയായിരുന്നു. ഏതുപ്രോജക്ടും നടപ്പാക്കുന്നതിനുമുമ്പ് ഗുണവും ദോഷവും കണക്കുകൂട്ടണമല്ലോ. കുട്ടനാട് പദ്ധതിയുടെ നേട്ടം, ഒരുപ്പൂ, ഇരുപ്പൂ ആകുമ്പോഴുള്ള നെല്ലുത്പാദനവർധനയാണ് (അപ്പോഴേ നല്ലൊരുപങ്ക് പ്രദേശത്തും ഇരുപ്പൂ കൃഷിയുണ്ടായിരുന്നുവെന്നതു തത്കാലം വിടുക). തണ്ണീർമുക്കം ബണ്ടുമെല്ലാം പണിയാൻ വേണ്ടിവരുന്ന തുകയാണ് ചെലവ്. ചെലവിന്റെ പല മടങ്ങാണ് കണക്കുകൂട്ടിയ നേട്ടം. പദ്ധതി നടപ്പാക്കി. പക്ഷേ, കുറച്ചുവർഷം കഴിഞ്ഞപ്പോൾ പല വിപരീതഫലങ്ങളും കണ്ടുതുടങ്ങി. വെള്ളം ദുഷിച്ച് രോഗങ്ങൾ പെരുകി. മത്സ്യസമ്പത്ത് ക്ഷയിച്ചു. കളകൾ വർധിച്ചു. കായലിൽ എക്കൽ അടിയാൻ തുടങ്ങി. ഗുണ-ദോഷ വിചാരം നടത്തിയപ്പോൾ പ്രത്യക്ഷഫലങ്ങളേ കണക്കിലെടുത്തുള്ളൂ. ദീർഘനാളിലെ പരോക്ഷ ഫലങ്ങൾ അവഗണിച്ചു. അവയ്ക്കുകൂടി വിലയിട്ടാൽ പദ്ധതി നേട്ടത്തെക്കാളേറെ ദോഷമാണ്. അങ്ങനെ വികസനത്തിന്റെ പേരിൽ ഒരു നാടിനെ കുട്ടിച്ചോറാക്കിയതിന്റെ ഉത്തമദൃഷ്ടാന്തമായി കുട്ടനാട് വികസനപദ്ധതി. പരിസ്ഥിതി പുനഃസ്ഥാപനം പരിസ്ഥിതി പുനഃസ്ഥാപനപരിപാടിയാണ് കുട്ടനാട്ടിൽ നടപ്പാക്കേണ്ടത്. അരനൂറ്റാണ്ടോളം ശുദ്ധജലതടാകമായ പ്രദേശത്തെ വീണ്ടും ഓരുപ്രദേശമായി മാറ്റിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ വിശദമായിട്ട് പഠിക്കേണ്ടതുണ്ട്. അതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. ഉടൻ ചെയ്യാൻപറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. 1978-ലെ പരിഷത്ത് പഠനം, ഡച്ച് ജലസന്തുലന പഠനം, എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട്, പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ കുട്ടനാട് കമ്മിഷൻ റിപ്പോർട്ട് ഇങ്ങനെ പഠനങ്ങൾ ഏറെയുണ്ട്. അവയുടെ അടിസ്ഥാനത്തിൽ കേരളസർക്കാർ രണ്ടാം കുട്ടനാട് പാക്കേജിന് രൂപംനൽകിയിട്ടുമുണ്ട്. അത് സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. #1തോട്ടപ്പള്ളി സ്പിൽവേ:പ്രളയജലം കടലിലേക്ക് സുഗമമായി ഒഴുക്കിവിടുന്നതിനുവേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. പക്ഷേ, അതിനു ഫലമുണ്ടായിട്ടില്ല. പൊഴിമുഖത്തെ കാറ്റാടിമരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇനി യുദ്ധകാലാടിസ്ഥാനത്തിൽ ലീഡിങ് ചാനലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യണം. ഇതുകൊണ്ടുമാത്രം കാര്യമില്ല എന്നാണ് ചെന്നൈ ഐ.ഐ.ടി. പഠനം കാണിക്കുന്നത്. ദേശീയപാതയ്ക്ക് എടുക്കുന്നതുപോലെ ഭൂമി ഏറ്റെടുത്ത് ചാനലിന്റെ വീതി കൂട്ടിയേ തീരൂ. #2കട്ടകുത്തൽ:എക്കൽ വന്നടിഞ്ഞ് കായലിലെ പല പ്രദേശങ്ങളും ചതുപ്പായി മാറിക്കൊണ്ടിരിക്കയാണ്. വശങ്ങളിലെ നികത്തലും ആഴം കുറയുന്നതും കായലിന്റെ ആവാഹകശേഷി കാര്യമായി കുറച്ചു. എന്തായാലും ഇനി കായൽ നികത്തില്ലെന്ന് ഉറപ്പുവരുത്തണം. സാറ്റലൈറ്റ് മാപ്പുകളുടെ താരതമ്യപഠനത്തിലൂടെ പുതിയ കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. ചെളിവാരി ആഴംകൂട്ടണം. കട്ടകുത്തി പറമ്പിലിടുന്നത് എല്ലാവർഷവും കുട്ടനാട്ടുകാർ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ്. സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾെവച്ച് ചെളി ഡ്രഡ്ജ് ചെയ്യണം. ഈ ചെളി ഉപയോഗിച്ച് കുട്ടനാട്ടിലെ എല്ലാ പുറംബണ്ടുകളുടെയും വീതി ഇരട്ടിയാക്കണം. അപ്പോൾ ചാലുകളുടെയും തോടുകളുടെയും വീതി കുറയുന്നില്ല എന്ന് ഉറപ്പാക്കണം. അനിവാര്യമായ സ്ഥലങ്ങളിൽ കല്ലുകെട്ടാവാം. മറ്റിടങ്ങളിൽ ജൈവരീതികൾ മതിയാകും. #3കായൽ ശുചീകരിക്കണം:അടിത്തട്ടിലെ പ്ലാസ്റ്റിക് മുഴുവൻ ജനകീയകാമ്പയിനായി നീക്കംചെയ്യണം. കടലിൽ നടപ്പാക്കുന്ന സ്കീം മതിയാകും. പായൽ സ്ഥിരമായി വാരി മാറ്റുന്നതിന് എല്ലാ ബ്ലോക്കുകൾക്കും വീഡ് ഹാർവെസ്റ്റർ വാങ്ങുന്നതിന് അനുമതി നൽകുക. ഏതാനും സെപ്റ്റേജുകൾ പണിയണം. ഹൗസ്ബോട്ടുകളുടെ മാത്രമല്ല, കക്കൂസ് മാലിന്യവും ജലാശയങ്ങളിലേക്കുതള്ളുന്നത് അവസാനിപ്പിക്കണമെങ്കിൽ ഇതേ വഴിയുള്ളൂ. #4തോടുകളുടെ പുനരുദ്ധാരണം:നീരൊഴുക്കുവഴികളൊക്കെ നികന്നിരിക്കുന്നു. പലതും റോഡുകളായി. അവയൊക്കെ തോടാക്കാനാവില്ല. പക്ഷേ, അവശേഷിക്കുന്ന തോടുകളിലെങ്കിലും ഒഴുക്ക് ഉറപ്പാക്കണം. തോടുകളുടെ ഓരത്തെങ്കിലും സെപ്റ്റിക് കക്കൂസുകളിലേക്ക് മാറണം. ജനകീയമായി തോടുകൾ സംരക്ഷിക്കുന്നതിന് നെടുമുടി പഞ്ചായത്തുകാർ നല്ലൊരു മാതൃക തീർത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിപുലമായ ജനകീയ ഇടപെടൽ മീനച്ചിലാർ-മീനന്തലയാർ-കൊട്ടുരാർ പദ്ധതിയാണ്. ആലപ്പുഴയിൽ പട്ടണത്തിലെ തോടുകൾ വലിയ പണം മുടക്കി നവീകരിച്ചുകൊണ്ടിരിക്കയാണ്. #5കുടിവെള്ളപദ്ധതി:ഏന്തിവലിഞ്ഞുകൊണ്ടിരിക്കുന്ന കുട്ടനാട് കുടിവെള്ളപദ്ധതി പൂർത്തീകരിക്കണം. ഇതിന് പണമല്ല പ്രതിബന്ധം. നിർവഹണത്തിനുള്ള ഇച്ഛാശക്തി ഇല്ലായ്മയാണ്. കുട്ടനാട് ഒറ്റത്തവണയെങ്കിലും ശുദ്ധീകരിക്കാൻ ഒരു വർഷം ബണ്ട് തുറന്നിടുമെന്ന് 2009-ൽ പ്രഖ്യാപിച്ചതാണ്. കൃഷിക്കുനാശമുണ്ടായാൽ നഷ്ടപരിഹാരം സർക്കാർ നൽകും. പൊതുവിൽ സമ്മതമായതാണ്. പക്ഷേ, ബണ്ട് തുറന്നുവെക്കാറില്ല. കാരണം, ഓരു കയറിയാൽ കുടിവെള്ളം മുട്ടും. ഇതിനൊരു പ്രതിവിധി ആർക്കും പറയാനുണ്ടായില്ല. ഇത് ആവർത്തിക്കരുത്. #6 പുതിയ നിർമാണങ്ങൾ:ഇതൊക്കെ കഴിഞ്ഞിട്ടാണ് പുതിയ റോഡുകളുടെയും പാലങ്ങളുടെയും മുൻഗണന വരുന്നത്. ഇപ്പോൾ ശ്രദ്ധ മുഴുവൻ അവിടെയാണ്. പക്ഷേ, കുട്ടനാടിന്റെ കുരുക്ക് അഴിക്കണമെങ്കിൽ ആദ്യം പറഞ്ഞ കാര്യങ്ങൾക്ക് മുൻഗണന ഉണ്ടാവേണ്ടതുണ്ട്. അനുവദിച്ചിരിക്കുന്നവയെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നതിന് തർക്കമില്ല. ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് റോഡ് വെള്ളപ്പൊക്കക്കാലത്തുമാത്രമല്ല, ടൂറിസത്തിനുകൂടി ഉത്തേജകമാകും. പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് ഇപ്പോഴും അനക്കംവന്നിട്ടില്ല. ഇങ്ങനെ പല പദ്ധതികളുമുണ്ട്. #7 തൊഴിലും വരുമാനവും:ജനങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിക്കാൻ നടപടി വേണം. കൃഷിതന്നെ ഏറ്റവും പ്രധാനം. നെല്ല് മുഴുവൻ സംഭരിക്കുക, അരിയാക്കി ബ്രാൻഡ്ചെയ്ത് വിൽക്കുക, അരിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക. കായലിലേക്ക് സ്ഥിരമായി മത്സ്യവിത്തുകൾ വിതയ്ക്കുന്നതിന് പ്രത്യേക ഹാച്ചറികൾതന്നെ സ്ഥാപിക്കണം. താറാവ് ഹാച്ചറി സ്ഥലം കിട്ടാത്തതുകൊണ്ട് നടക്കാതെ പോകുന്നത് സങ്കടകരമാണ്. കുട്ടനാട് ടൂറിസം ഉത്തരവാദിത്വടൂറിസത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംവിധാനം ചെയ്യണം. ആവാഹകശേഷി കണക്കിലെടുത്തുകൊണ്ടുവേണം ഇടപെടലുകൾ. ഇത്രയും പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തം: സർക്കാർ മുൻകൈയെടുക്കണം, പണം ലഭ്യമാക്കണം. പക്ഷേ, തുല്യഉത്തരവാദിത്വം കുട്ടനാട്ടിലെ ജനങ്ങൾക്കുമുണ്ട്. പരിസ്ഥിതി പുനഃസ്ഥാപനം ടെൻഡർ വിളിച്ച് കോൺട്രാക്ടർവഴി നടത്താവുന്ന ഒന്നല്ല. അതിവിപുലമായ ജനപങ്കാളിത്തം അതിന് അനിവാര്യമാണ്.

from money rss https://bit.ly/35KZTR8
via IFTTT

രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കുന്നു

ന്യൂഡൽഹി: രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നീക്കം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഒവർസീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ 51ശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവിലയിൽ 20ശതമാനം കുതിപ്പുണ്ടായി. അതേസമയം, ഇരുബാങ്കുകളുടെയും സാമ്പത്തികസ്ഥിതി അത്രതന്നെ മികച്ചതല്ലാത്തതിനാൽ സ്വകാര്യവത്കരണത്തിന് തടസ്സമായേക്കാമെന്നാണ് വിലയിരുത്തൽ. ദുർബലമായ സാമ്പത്തിക സ്ഥിതിയിലായതിനാൽ നിലവിൽ ഈ ബാങ്കുകൾ ആർബിഐയുടെ നിരീക്ഷണത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന്, എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വിൽക്കാനുള്ള പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.

from money rss https://bit.ly/3gHi68r
via IFTTT

ബാങ്ക്, റിയാൽറ്റി ഓഹരികൾ കുതിച്ചു: സെൻസെക്‌സ് 230 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള സൂചികകൾ നഷ്ടംനേരിട്ടപ്പോൾ രാജ്യത്തെ വിപണി സമ്മർദത്തെ നേരിട്ട് നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓട്ടോ ഒഴികെയുള്ള ഓഹരികളിൽ നിക്ഷേപകർ താൽപര്യംകാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. 500ലേറെ പോയന്റ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 230 പോയന്റ് നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റിയാകട്ടെ 63 പോയന്റ് നേട്ടത്തിൽ 15,746ലെത്തുകയുംചെയ്തു. അദാനി പോർട്സ് അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. എൻടിപിസി, ടൈറ്റാൻ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഗ്രാസിം, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യുപിഎൽ, വിപ്രോ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.82ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി ഓട്ടോ 0.41ശതമാനവും ഐടി 0.28ശതമാനവും നഷ്ടത്തിലായി. പൊതുമേഖല സൂചികയാണ് കുതിച്ചത്. 4.11ശതമാനം ഉയർന്നാണ് ക്ലോസ്ചെയ്തത്. റിലയാൽറ്റി സൂചിക 2.33ശതമാനവും മെറ്റൽ സൂചിക 1.12ശതമാനവും ഉയർന്നു.

from money rss https://bit.ly/35EX303
via IFTTT

കടബാധ്യത കുറയ്ക്കാൻ അനിൽ അംബാനി: കമ്പനികളുടെ മൂല്യത്തിൽ 1000 % വർധന

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000ശതമാനത്തിലേറെ വർധന. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാർച്ചിലെ 733 കോടി രൂപയിൽനിന്ന് 7,866 കോടിയായി ഉയർന്നു. റിലയൻസ് ഇൻഫ്രസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നിവയുടെ മൂല്യം 20 വ്യാപാരദിനംകൊണ്ട് 100ശതമാനത്തിലേറെ ഉയരുകയുംചെയ്തു. റിലയൻസ് പവറിന്റെ വിപണിമൂല്യം 4,446 കോടിയായും റിലയൻസ് ഇൻഫ്രസ്കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയൻസ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് ഉയർന്നത്. മൂല്യം ഉയർന്നതിലൂടെ 50 ലക്ഷത്തോളം റീട്ടെയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാനായി. റിലയൻസ് പവറിന് 33 ലക്ഷവും റിലയൻസ് ഇൻഫ്രക്ക് 9 ലക്ഷവും റിലയൻസ് ക്യാപിറ്റലിന് 8 ലക്ഷവും റീട്ടെയിൽ ഓഹരി ഉടമകളാണുള്ളത്. അടുത്തയിടെയണ്ടായ സംഭവവികാസങ്ങളാണ് കനത്ത ബാധ്യതയുള്ള ഈ കമ്പനികളുടെ ഓഹരി വിലയിൽ വർധനവിന് ഇടയാക്കിയത്. പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നും വിഎസ്എഫ്ഐ ഹോൾഡിങ്സിൽനിന്നും 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയൻസ് ഇൻഫ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് പവർ പ്രിഫറൻഷ്യൽ ഓഹരികൾ പുറത്തിറക്കമെന്ന് പ്രഖ്യാപിച്ചതാണ് മറ്റൊരുകാരണം. 1,325 കോടി രൂപയുടെ കടബാധ്യത ഓഹരിയാക്കിമാറ്റാൻ റിലയൻസ് ഇൻഫ്രസ്ട്രക്ചറും തീരുമാനിച്ചിരുന്നു. ആസ്തികൾ പണമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ക്യാപിറ്റലും റിലയൻസ് ഹോം ഫിനാൻസും. 2,887 കോടി രൂപ ഇതിലൂടെ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 11,000 കോടി രൂപയായി കുറയ്ക്കാൻ ഇതിലൂടെ കഴിയും. ഇക്കാരണങ്ങളാണ് റിലയൻസ് ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ വർധനവുണ്ടാക്കിയത്.

from money rss https://bit.ly/3gFUHo6
via IFTTT