39-ാമത്തെ വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കാനാണ് ഐടി പ്രൊഫഷണലായ പ്രണവ് മോഹന്റെ തീരുമാനം. 24-ാമത്തെവയസ്സിൽ ജോലിക്കുകയറിയ പ്രണവ് അപ്പോൾ 15 വർഷം പൂർത്തിയാക്കും. ഫ്രീഡം@40 സീരീസിൽ ആകൃഷ്ടനായി അഗ്രസീവായി നിക്ഷേപിക്കാനാണ് അദ്ദേഹം നിക്ഷേപപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്രതിമാസം 60,000 രൂപയാണ് നീക്കിവെയ്ക്കാൻ ഉദ്ദേശിക്കുന്നത്. മൊത്തംതുകയും ഓഹരിയിലിറക്കാൻതന്നെയാണ് തീരുമാനം. ചുരുങ്ങിയകാലംകൊണ്ട് മികച്ച ആദായംനേടി സ്വന്തം സംരംഭം പടുത്തുയർത്താനാണ് പ്ലാൻ. അതിനായി തയ്യാറാക്കിയ ഓഹരി അധിഷ്ഠിത പദ്ധതികളുടെ പോർട്ട്ഫോളിയോ അയച്ചുതരികയുംചെയ്തു. അതുമായി മുന്നോട്ടുപോകാമോയെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.ബാധ്യതകളൊന്നുമില്ല. അത്യാവശ്യംവന്നാൽ വീട്ടിൽനിന്ന് പണം ലഭിക്കുകയുംചെയ്യും. അതുകൊണ്ടാണ് പ്രണവ് മുഴുവൻതുകയും ഓഹരിയിൽ മുടക്കി ഹൈ റിസ്ക് എടുക്കാൻ തയ്യാറായത്. ബാങ്കിലുംവേണം നിക്ഷേപം എത്ര റിസ്ക് എടുക്കാൻ തയ്യാറുള്ളവരായാലും നിശ്ചിത ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കണം. സുരക്ഷയുടെ കാര്യത്തിൽ മറ്റേത് നിക്ഷേപ പദ്ധതിയെക്കാളും ഒരുപടി മുന്നിൽതന്നെയാണ് ബാങ്ക് നിക്ഷേപമെന്നകാര്യത്തിൽ സംശയമില്ല. അത്യാവശ്യംവന്നാൽ വിപണി ഉയർന്നോ താഴ്ന്നോ ഒന്നുംനോക്കാതെ പണംപിൻവലിക്കാൻ അത് സാഹയിക്കും. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യവും റിസ്ക് എടുക്കാനുള്ള ശേഷിയും വിലയിരുത്തിവേണം എത്രത്തോളം ബാങ്കിൽവേണമെന്ന് തീരുമാനിക്കേണ്ടത്. ചുരുങ്ങിയത് 10-20ശതമാനമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളിലുണ്ടാകണം. ആർഡിയിൽ തുടങ്ങാം ചെറിയതുകവീതം പ്രതിമാസം നിക്ഷേപിച്ച് വലിയതുക സമാഹരിക്കാനുള്ള സാധ്യതയാണ് റിക്കറിങ് ഡെപ്പോസിറ്റ് വഴി ലഭിക്കുന്നത്. പരമാവധി 7-8ശതമാനംവരെ പലിശയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ബാങ്കുകളും പോസ്റ്റോഫീസുകളും നൽകുന്നത്. ഓൺലൈനായി റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാൻ ബാങ്കുകൾ സൗകര്യംനൽകുന്നുണ്ട്. സ്ഥിരനിക്ഷേപമാക്കാം റിക്കറിങ് ഡെപ്പോസിറ്റുവഴി നിക്ഷേപിക്കുന്നതുക കാലാവധിയെത്തുമ്പോൾ സ്ഥിരനിക്ഷേപമാക്കിയിടാം. ഓരോവർഷവും പുതുക്കുന്നരീതി സ്വീകരിക്കുകയുംചെയ്യാം. മൂന്നുമാസംകൂടുമ്പോൾ പലിശ പിൻവലിച്ച് വീണ്ടും സ്ഥിരനിക്ഷേപമാക്കിയാൽ കൂട്ടുപലിശയുടെ നേട്ടംപരമാവധി സ്വന്തമാക്കാൻ കഴിയും. പലിശ ഇടയ്ക്ക് പിൻവലിക്കാതെ ക്യുമുലേറ്റീവ് സ്കീമിൽ നിക്ഷേപം നടത്തുകയുമാകാം. പരമാവധി നേട്ടമുണ്ടാക്കാൻ പണപ്പെരുപ്പ നിരക്കുകളിലെ വ്യതിയാനത്തിനനുസരിച്ച് ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമ്പോൾ അതിന് ആനുപാതികമായി ബാങ്ക് നിക്ഷേപത്തിന്റെ പലിശയിലും ഏറ്റക്കുറച്ചിലുണ്ടാകും. എക്കാലത്തെയും താഴ്ന്ന പലിശ നിരക്കാണ് നിലവിൽ ബാങ്കുകൾ നൽകുന്നത്. എങ്കിൽപോലും സ്ഥിര നിക്ഷേപ പദ്ധതികളെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടുതന്നെ കുടുതൽ പലിശ നൽകുന്ന ബാങ്കുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ ശ്രദ്ധിക്കാം. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ മുതിർന്ന പൗരന്മാരായ അച്ഛനെയോ അമ്മയേയോകൂടി ചേർത്ത് ഐതർ ഓർ സർവൈവർ -വിഭാഗത്തിൽ എഫ്ഡിയിട്ടാൽ അരശതമാനം അധിക പലിശനേടാം. അക്കൗണ്ട് ഉടമകളിലാർക്കും നിക്ഷേപം എപ്പോൾവേണമെങ്കിലും പിൻവലിക്കാനും കഴിയും. ഈ സാധ്യതകളുംപ്രയോജനപ്പെടുത്താം പരമാവധി പലിശ നൽകുന്ന ബാങ്കുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. സ്മോൾ ഫിനാൻസ് ബാങ്കുകളും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ ട്രഷിറിയും കെഎസ്എഫ്ഇയുമൊക്കെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ബാങ്കുകളിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി ലഭിക്കുന്ന പരിരക്ഷയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപം നടത്തി സുരക്ഷ ഉറപ്പാക്കുകയുമാകാം. കോർപറേറ്റ് നിക്ഷേപം പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനായി ധനകാര്യസ്ഥാപനങ്ങളും കമ്പനികളും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ബാങ്ക് നിക്ഷേപത്തേക്കാൾ മൂന്നുശതമാനംവരെ ആദായം നേടാൻ കോർപ്പറേറ്റ് എഫ്ഡികളിലൂടെ കഴിയും. പ്രതിമാസം, മൂന്നുമാസംകൂടുമ്പോൾ, അർധവാർഷികം, വാർഷിക എന്നിങ്ങനെ പലിശ ലഭിക്കുന്നതിന് സൗകര്യമുണ്ട്. ക്യുമുലേറ്റീവ് നിക്ഷേപരീതി സ്വീകരിക്കാനും അവസരമുണ്ട്. കൂടുതൽ ആദായം നൽകുന്നു എന്നതുമാത്രമാകരുത് കമ്പനി എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള മാനദണ്ഡം. പ്രവർത്തനചരിത്രവും റേറ്റിങും പരിശോധിച്ചശേഷംമാത്രമെ നിക്ഷേപംനടത്താവൂ. താരതമ്യേന കൂടുതൽ പലിശ നൽകുന്ന കമ്പനികളുടെ ക്രഡിറ്റ് റേറ്റിങ് പ്രത്യേകം പരിശോധിക്കണം. പണംകൂടുതൽ ആവശ്യംവരുമ്പോഴാണ് പരമാവധി തുകസമാഹരിക്കാൻ അധിക പലിശ വാഗ്ദാനംചെയ്യുക. മികച്ച റേറ്റിങ് ഉള്ള കമ്പനികൾ കൂടുതൽ സുരക്ഷിതമായിരിക്കും അതേസമയം, ഈ കമ്പനികൾ വാഗ്ദാനംചെയ്യുന്ന പലിശയിൽ കുറവുമുണ്ടാകും. കമ്പനികൾ നൽകുന്ന പലിശ ഹാക്കിൻസ് കുക്കേഴ്സ്- 9ശതമാനം, ശ്രീരാം സിറ്റി യൂണിയൻ ഫിനാൻസ്-7.95, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ്-7.95, പിഎൻബി ഹൗസിങ്-6.50, ഐസിഐസിഐ ഹോം ഫിനാൻസ്-6.45, എച്ച്ഡിഎഫ്സി-6.45, ബജാജ് ഫിനാൻസ്-6.31, സുന്ദരം ഫിനാൻസ്-6.22, സുന്ദരം ഹോം ഫിനാൻസ്-6.22, മഹീന്ദ്ര ഫിനാൻസ്-5.90, എൽഐസി ഹൗസിങ് ഫിനാൻസ്-5.60 (12 മുതൽ 60മാസംവരെ കാലാവധിയുള്ള നിക്ഷേപ പലിശയാണിവ. വിശദവിവരങ്ങൾക്ക് കമ്പനികളുടെ വെബ്സൈറ്റ് പരിശോധിക്കുക). എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനായി സമാഹരിച്ച തുക ബാങ്കിൽ സ്ഥിരനിക്ഷേപമാക്കാം. 6-9 മാസത്തെ ജീവിതചെലവിനുള്ള പണമാണ് ഈരീതിയിൽ നിക്ഷേപിക്കേണ്ടത്. ജോലി നഷ്ടപ്പെടുകയോ മറ്റ് അടിയന്തര സാഹചര്യംനേരിടേണ്ടിവരികയോ ഉണ്ടായാൽ ഈതുക സഹായിക്കും. മൂന്നു ലക്ഷം രൂപയാണ് എമർജൻസി ഫണ്ടായി നീക്കിവെച്ചിട്ടുള്ളതെങ്കിൽ 50,000 രൂപയുടെ മൂന്ന് എഫ്ഡിയായി നിക്ഷേപിക്കാം. അത്യാവശ്യഘട്ടത്തിൽ പിൻവലിക്കേണ്ടിവന്നാൽ മൊത്തംനിക്ഷേപമെടുക്കാതെ ആവശ്യമുള്ള പണംമാത്രം പിൻവലിക്കാനും അതിലൂടെയുളള പലിശ നഷ്ടംഒഴിവാക്കാനും സഹായിക്കും. ഈ ഫണ്ടിൽനിന്ന് പിൻവലിക്കുന്ന പണം പിന്നീട് തിരിച്ചിടാനും ശ്രദ്ധിക്കണം. സ്ഥിരനിക്ഷേപം ഓഹരിയിലേക്കും തിരിച്ചുംമാറ്റാം വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം നിലനിർത്തിക്കൊണ്ടുതന്നെ വിപണിയിലെ സാധ്യകൾ പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് ഓഹരി വിപണിയിൽ തിരുത്തലുണ്ടായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് 50ശതമാനമോ അധിലധികമോ തുക ഓഹരി വിപണിയിൽ നിക്ഷേപിക്കാം. വിപണി തിരിച്ചുകയറുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടവും സ്ഥിരനിക്ഷേപത്തിൽനിന്ന് പിൻവലിച്ചതുകയും വീണ്ടും എഫ്ഡിയിലേയ്ക്കുമാറ്റാം. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ ഈ രീതി സ്വീകരിച്ച് പരമാവധി നേട്ടമുണ്ടാക്കാം. എമർജിൻസി ഫണ്ടിലെതുക ഈരീതിയിൽ വകമാറ്റാതരിക്കാൻ ശ്രദ്ധിക്കണം. feedbacks to: antonycdavis@gmail.com കുറിപ്പ്: ഫ്രീഡം@40 എന്ന സീരീസ് പ്രകാരം നിശ്ചയിച്ച ആസ്തിവിഭജനം പൂർത്തിയാക്കുക. മൊത്തം നിക്ഷേപത്തിൽ 10-20ശതമാനമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളിൽ മുടക്കുക. ഓഹരി വപിണി ഇടിയുമ്പോൾ ഈ തുകയിൽനിന്നെടുത്ത് മികച്ച ഓഹരികളിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്താം. വിപണി ഉയരുമ്പോൾ ലാഭമെടുത്ത് നേരത്തെ നിശ്ചയിച്ച ആസ്തികളിലെ നിക്ഷേപ അനുപാതം നിലനിർത്താൻ ശ്രദ്ധിക്കുക.
from money rss https://bit.ly/2TXmveu
via
IFTTT