121

Powered By Blogger

Wednesday, 16 June 2021

ഇടവേളയ്ക്കുശേഷം വീണ്ടും സ്വർണവില താഴുന്നു: പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി. 4485 രൂപയാണ് ഗ്രാമിന്. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയിൽ സ്വർണവില 2.5ശതമാനം ഇടിവ് നേരിട്ടു. സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,822.36 ഡോളർ നിലവാരത്തിലെത്തി. ഡോളറിന്റെ മൂല്യം രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.5ശതമാനം ഇടിഞ്ഞ് 47,799 രൂപയായി. ആഗോള വിപണിയിലെ വിലതകർച്ചയാണ് കമ്മോഡിറ്റി വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2TGoDHG
via IFTTT

സെൻസെക്‌സിൽ 282 പോയന്റ് നഷ്ടം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംആവർത്തിച്ച് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. 2023 മുതൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനമാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സിൽ 282 പോയന്റാണ് നഷ്ടം. നിഫ്റ്റി 89 പോയന്റ് താഴ്ന്നു. സെൻസെക്സ് 52,219ലും നിഫ്റ്റി 15,678ലുമാണ് വ്യാപാരം ആരംഭിച്ചത്. നെസ് ലെ, എൽആൻഡ്ടി, ഐടിസി, സൺ ഫാർമ, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഒഎൻജിസി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചിക 1.5ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനം താഴ്ന്നു പവർഗ്രിഡ് കോർപറേഷൻ, നാറ്റ്കോ ഫാർമ, ജമ്മു ആൻഡ് കശ്മീർ ബാങ്ക്, ഡി.ബി കോർപ് തുടങ്ങി 33 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3xoFj51
via IFTTT

ഹാൾമാർക്കിങ് ആദ്യഘട്ടം ഇങ്ങനെ: സെന്ററില്ലാത്തതിനാൽ ഇടുക്കിക്ക് ഇളവ്

കൊച്ചി: സ്വർണാഭരണങ്ങൾക്കുള്ള ഗുണമേന്മ മുദ്രയായ 'ഹാൾമാർക്കിങ്' നടപടികളിൽ കൂടുതൽ വ്യക്തത വരുത്തി ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.). നിർബന്ധിത ഹാൾമാർക്കിങ് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനമെന്ന് ബി.ഐ.എസ്. ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. ജൂൺ 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് ഹാൾമാർക്കിങ് പരിധിയിൽ വരുന്നത്. ഘട്ടം ഘട്ടമായി 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾ കൂടി ഹാൾമാർക്കിങ്ങിന്റെ പരിശുദ്ധിയിൽ കൊണ്ടുവരും. ആദ്യഘട്ടത്തിൽ ഒരു ഹാൾമാർക്കിങ് സെന്ററെങ്കിലുമുള്ള രാജ്യത്തെ 256 ജില്ലകളിലാണ് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത്. കേരളത്തിൽ ഇടുക്കിയൊഴികെയുള്ള 13 ജില്ലകളിലും നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കി. ഇടുക്കിയിൽ ഹാൾമാർക്കിങ് സെന്ററില്ലാത്തതിനാലാണിത്. കേരളത്തിൽ ആകെ 75-ഓളം ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകളാണുള്ളത്. സ്വർണാഭരണങ്ങളുടെ നിർമാണവും വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരേ ഓഗസ്റ്റ് 31 വരെ ജൂവലറികളിൽ പരിശോധന, പിഴ, പിടിച്ചെടുക്കൽ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും തിവാരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കില്ലെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വില്പനയ്ക്കുള്ള പഴയ സ്വർണാഭരണം (ജൂവലറികളിലെ ഓൾഡ് സ്റ്റോക്ക്) ഹാൾമാർക്ക് ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. ബി.ഐ.എസ്. ലൈസൻസിനായുള്ള രജിസ്ട്രേഷൻ ഒരിക്കൽ മാത്രം എടുത്താൽ മതിയാകും. കാലാവധി കഴിഞ്ഞ് പുതുക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ലെന്നും പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി. അതേസമയം, ജൂവലറികൾക്ക് ഉപഭോക്താവിൽനിന്ന് ഹാൾമാർക്കിങ് മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങുന്നത് തുടരാം. അതായത്, ഉപഭോക്താക്കൾക്ക് ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണാഭരണം കൈവശം വെക്കാൻ തടസ്സമില്ല. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ രണ്ട് ഗ്രാം വരെയുള്ള മാറ്റങ്ങളും അനുവദിക്കും. ഒരു ആഭരണം ഹാൾമാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് 35 രൂപയും 18 ശതമാനം നികുതിയുമാണ്. ഒഴിവാക്കിയവ * 40 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ജൂവലറികളെ നിർബന്ധിത ഹാൾമാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് * കേന്ദ്ര സർക്കാരിന്റെ വ്യാപാര നയമനുസരിച്ച് കയറ്റുമതി ചെയ്യുകയും വീണ്ടും ഇറക്കുമതി ചെയ്യുന്നതുമായ ആഭരണങ്ങൾ * അന്താരാഷ്ട്ര എക്സിബിഷനുകൾക്കുള്ള ആഭരണങ്ങൾ * സർക്കാർ അംഗീകാരമുള്ള ബി-2-ബി ആഭ്യന്തര എക്സിബിഷനുകൾക്കുള്ള ആഭരണങ്ങൾ * ഗോൾഡ് വാച്ച്, ഫൗണ്ടൻ പേന * കുന്ദൻ, പോൾകി, ജാദോ എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള ആഭരണങ്ങൾ * സ്വർണപ്പണിക്കാർക്ക് ഹാൾമാർക്കിങ് നിർബന്ധമില്ല

from money rss https://bit.ly/3cNH0Ru
via IFTTT

ലാഭമെടുപ്പിൽ സമ്മർദത്തിലായി വിപണി: സെൻസെക്‌സ് 271 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനംവൈകീട്ട് പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 74 ഡോളറിലെത്തിയതും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 52,501.98ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 15,676.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെക്ടറൽ വിഭാഗത്തിൽ മെറ്റൽ സൂചിക 2.58ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95ശതമാനവും സ്മോൾ ക്യാപ് സൂചിക 0.68ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3cLBX40
via IFTTT

പാഠം 129| ചിട്ടയായി നിക്ഷേപിച്ച്‌ സമ്പത്തുണ്ടാക്കാൻ 'പവർഫുൾ ടൂൾ'

സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ യോജിച്ച നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ എതിരഭിപ്രായം പ്രകടിപ്പിച്ചവരിലൊരാളായിരുന്നു വിനോദ് മോഹൻ. ഓഹരിയിൽ നേരിട്ട് നിക്ഷേപംനടത്തുന്ന അദ്ദേഹത്തിന് മ്യൂച്വൽ ഫണ്ടിനോട് അത്രതന്നെ താൽപര്യമില്ല. പത്തുവർഷത്തിലേറെയായി ഓഹരി വ്യാപാരംനടത്തുന്ന അദ്ദേഹത്തിന് എത്രതുക സമ്പാദിക്കാനായി എന്നുചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ദീർഘകാലയളവ് ലക്ഷ്യമിട്ടുള്ള ചിട്ടയായ നിക്ഷേപമായിരുന്നില്ല അദ്ദേഹം നടത്തിയിരുന്നത്. കുറെപണം നിക്ഷേപിക്കും ഓഹരി വില ഉയരുമ്പോൾ ലാഭമെടുക്കും. വിപണികൂപ്പുകുത്തുമ്പോൾ നഷ്ടംസഹിക്കും..ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിക്ഷേപരീതി. വർഷത്തിലൊരിക്കലെങ്കിലും നേട്ടവും നഷ്ടവും വിലയിരുത്തി മുന്നോട്ടുപോകാൻ അദ്ദേഹംശ്രമിച്ചില്ല. നിലവിൽ 30 ലധികം ഓഹരികളിലാണ് നിക്ഷേപമുള്ളത്. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളുമുണ്ട്. ഇവിടെയാണ് മ്യൂച്വൽ ഫണ്ടിന്റെ പ്രസക്തി. സാമ്പത്തിക ലക്ഷ്യംമുൻനിർത്തി എസ്ഐപിവഴി ചിട്ടയായി നിക്ഷേപിച്ചാൽ ലഭിക്കുമായിരുന്ന മികച്ച ആദായമാണ് അദ്ദേഹംവേണ്ടെന്നുവെച്ചത്.കൂട്ടുപലിശയുടെ നേട്ടവും വിപണിയിലെ ചാഞ്ചാട്ടവും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് മ്യൂച്വൽ ഫണ്ട് എസ്ഐപിയുടെ എടുത്തപറയത്തക്കനേട്ടം. മറ്റേത് നിക്ഷേപ പദ്ധതിക്കും ഇത്ര പവർഫുൾ ടൂൾ ആയി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ഓഹരികളിൽതന്നെയാണ് ഇപ്പോഴും മനസെങ്കിൽ താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം സ്വയംചോദിച്ചറിയുക ഓഹരിയിൽ നിക്ഷേപിക്കാൻ വൈദഗ്ധ്യമുണ്ടോ? വിപണിയിലെ ചലനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാൻ കഴിയുമോ? ദീർഘകാലത്തേയക്ക് നിക്ഷേപ പോർട്ട്ഫോളിയോ മാനേജ്ചെയ്യാനുള്ള സമയവും പ്രാപ്തിയും ഉണ്ടോ? വലിയ ഗവേഷണ സംഘമുള്ള ഫണ്ട് മാനേജർമാർ പോലും ബുദ്ധിമുട്ടുമ്പോൾ, സൂചികകൾ നൽകുന്നതിനേക്കാൾ നേട്ടം തുടർച്ചയായി ഓഹരി പോർട്ട്ഫോളിയോയിൽനിന്ന് നേടാൻകഴിയുമോ? വിപണി കനത്തനഷ്ടംനേരിടുമ്പോൾ ഉത്ക്കണ്ഠപ്പെടാറുണ്ടോ? മ്യൂച്വൽ ഫണ്ടിലേക്കുവരാം നിക്ഷേപകർ നൽകുന്ന പണം ഫണ്ട്മാനേജർ ഒഹരിയിലോ കടപ്പത്രത്തിലോ മറ്റ് ധനകാര്യ സാമഗ്രികളിലോ നിക്ഷേപിച്ച് ലഭിക്കുന്ന ആദായം മൂലധനത്തൊടപ്പം ചെർത്ത് ആവശ്യമുള്ളപ്പോൾ തിരിച്ചുനൽകുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്. ഓരോ ഫണ്ടുകൾക്കും വ്യത്യസ്ത സവിശേഷതകളും നിക്ഷേപ ലക്ഷ്യങ്ങളുമുണ്ട്. കാലാവധിക്കനുസരിച്ച് തിരഞ്ഞെടുക്കാം ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ വ്യത്യസ്ത കാലാവധികൾക്കനുസരിച്ചുള്ള നിക്ഷേപത്തിന് തിരഞ്ഞെടുക്കാൻ വിപണിയിൽ 2000ത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. കാറ്റഗറി തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവയിൽ മികച്ച പ്രകടനചരിത്രമുള്ള ഫണ്ടുകൾ കണ്ടെത്താം. ഫണ്ട് കമ്പനികളുടെ സൈറ്റിൽനിന്നും മാതൃഭൂമിഡോട്ട്കോമിലെ മണി വിഭാത്തിൽനിന്നും മികച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റിസ്കറിഞ്ഞ് നിക്ഷേപിക്കാം ഓഹരി അധിഷ്ഠിത പദ്ധതികളിൽ ഒഴിവാക്കാനാവാത്ത വാക്കാണ് റിസ്ക്-എന്നത്. പൂർണമായും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികൾ ലോകത്തെവിടെയുമില്ല. വിലയിലെ ഏറ്റക്കുറച്ചിലിനെയോ ചാഞ്ചാട്ടത്തെയോ സൂചിപ്പിക്കുന്നതാണ് റിസ്ക് എന്ന് ലളിതമായി മനസിലാക്കാം. വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്കനുസരിച്ച് റിസ്കിൽ ഏറ്റക്കുറിച്ചിലുണ്ട്. നഷ്ടസാധ്യതയുടെ കാര്യത്തിൽ ഡെറ്റ് ഫണ്ടുകൾക്കും ഇക്വിറ്റി ഫണ്ടുകൾക്കും വലിയ വ്യത്യാസമുണ്ട്. ഹ്രസ്വകാലയളവിൽ വലിയ ചാഞ്ചാട്ടമാണ് ഇക്വിറ്റി ഫണ്ടിന്റെ പ്രത്യേകത. അതിനാൽതന്നെ റിസ്കും കൂടുതലായിരിക്കും. മ്യൂച്വൽ ഫണ്ടുകളുടെ അപകടസാധ്യത നിർണയിക്കാൻ റിസ്കോമീറ്ററാണ് അടിസ്ഥാന ഉപകരണമായി കണക്കാക്കിയിട്ടുളളത്. ഇക്വിറ്റി ഫണ്ടുകളുടെ വിഭാഗങ്ങൾ ലാർജ് ക്യാപ്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും വൻകിട കമ്പനികളുടെ ഓഹരിയിൽ. ലാർജ് ആൻഡ് മിഡ്ക്യാപ്-ചുരുങ്ങിയത് 35ശതമാനം വീതം നിക്ഷേപം വൻകിട, ഇടത്തരം കമ്പനികളിൽ. ഫ്ളക്സി ക്യാപ്- വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ(നിശ്ചിത ശതമാനം എന്ന നിയന്ത്രണം ഇല്ല)60ശതമാനം നിക്ഷേപം. മിഡ് ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ഇടത്തരം കമ്പനികളുടെ ഓഹരികളിൽ. മൾട്ടിക്യാപ്-വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 25ശതമാനംവീതം നിക്ഷേപം. സ്മോൾ ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ചെറുകിട കമ്പനികളുടെ ഓഹരികളിൽ. ഇഎൽഎസ്എസ്(ടാക്സ് സേവിങ്)-എല്ലാവിഭാഗം കമ്പനികളുടെ ഓഹരികളിലും നിക്ഷേപമാകാം. നിശ്ചിതശതമാനമെന്ന നിയന്ത്രണമില്ല. സെക്ടറൽ, തീമാറ്റിക്-പ്രത്യേക സെക്ടറിൽപ്പെട്ട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 80ശതമാനം നിക്ഷേപം. ഇന്റർനാഷണൽ-65ശതമാനത്തിലധികം നിക്ഷേപവും വിദേശ കമ്പനികളുടെ ഓഹരികളിൽ. അഗ്രസീവ് ഹൈബ്രിഡ്-65 മുതൽ 80ശതമാനംവരെ നിക്ഷേപം ഓഹരികളിൽ ബാക്കി കടപ്പത്രങ്ങളിൽ. ഡെറ്റ് ഫണ്ടുകൾ ലോങ് ഡ്യൂറേഷൻ-ശരാശരി ഏഴ് വർഷവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു. മീഡിയം ഡ്യൂറേഷൻ- നിക്ഷേപം മൂന്നുവർഷം മുതൽ നാലുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം ഒരുവർഷംമുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലോ ഡ്യൂറേഷൻ-നിക്ഷേപം ആറുമാസം മുതൽ 12മാസംവരെ ശരാശരി കാലാവധിയുള്ള കടപ്പത്രങ്ങളിൽ. അൾട്ര ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം മൂന്നുമാസം മുതൽ ആറുമാസംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലിക്വിഡ്-91 ദിവസംവരെ കാലാവധിയുള്ള മണിമാർക്കറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. ഓവർനൈറ്റ്-ഒരുദിവസംമാത്രം കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. ബാങ്കിങ് ആൻഡ് പിഎസ് യു- 80ശതമാനം നിക്ഷേപവും ബാങ്കുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ബോണ്ടുകളിൽ. ഗിൽറ്റ്- 80ശതമാനം നിക്ഷേപവും സർക്കാർ ബോണ്ടുകളിൽ. കോർപറേറ്റ് ബോണ്ട്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും എഎ പ്ലസ് റേറ്റിങ് ഉള്ള കോർപ്പറേറ്റ് കടപ്പത്രങ്ങളിൽ. മ്യൂച്വൽ ഫണ്ടുകളിലെ പ്രധാന കാറ്റഗറികളാണ് മുകളിൽ വിശദമാക്കിയത്. സ്വാഭാവികമായും നിക്ഷേപകന് ആശയക്കുഴപ്പമായിട്ടുണ്ടാകാൻ ഇതിൽകൂടുതൽ വിശദീകരണം ആവശ്യമില്ല! അതിനാൽ താരതമ്യേന റിസ്ക് കുറഞ്ഞതും അതോടൊപ്പം മികച്ച നേട്ടസാധ്യതയുള്ളതുമായ കാറ്റഗറികൾ മുന്നോട്ടുവെയ്ക്കുന്നു. ഡെറ്റ് വിഭാഗത്തിൽ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളെയും ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളും നിക്ഷേപത്തിന് പരിഗണിക്കാം. ആദ്യമായാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ പരിഗണിക്കാം. 80സി പ്രകാരം നികുതി ആനുകൂല്യം വേണമെന്നുണ്ടെങ്കിൽ ഇഎൽഎസ്എസ്(ടാക്സ് സേവിങ്)ഫണ്ടുകളിൽ നിക്ഷേപമാകാം. ഇക്വിറ്റിവിഭാഗത്തിൽ മികച്ചനേട്ടത്തിനായി പിന്നെ പരിഗണിക്കാവുന്ന വിഭാഗം ഫ്ളക്സി ക്യാപാണ്. നിക്ഷേപ ലക്ഷ്യത്തിനും റിസ്ക് എടുക്കാനുള്ള കഴിവിനും നിക്ഷേപകാലയളവിനുമനുസരിച്ചുവേണം ഏത് കാറ്റഗറിയിൽവേണം നിക്ഷേപംനടത്താനെന്ന് തീരുമാനിക്കാൻ. ഇക്വിറ്റി ഫണ്ടുകളിലെ റിസ്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഏറ്റവും റിസ്ക് കുറഞ്ഞ വിഭാഗത്തിലുള്ളവയാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. 35ശതമാനംവരെ നിക്ഷേപം ഡെറ്റിലായതുകൊണ്ടാണിത്. വൻകിട കമ്പനികളുടെ ഓഹരികളുടെ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകാത്തതിനാൽ ലാർജ് ക്യാപ് ഫണ്ടുകളെ റിസ്ക് കാറ്റഗറിയിൽ അടുത്തതായി ഉൾപ്പെടുത്താം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ ചാഞ്ചാട്ടംകൂടുതലായതിനാൽ ഈവിഭാഗത്തിലെ ഫണ്ടുകൾക്ക് റിസ്കുംകൂടുതലായിരിക്കും. വിവിധ സെക്ടറുകളിൽ നിക്ഷേപം നടത്തുന്ന തീം അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളാണ് കൂടുതൽ അപകടകാരികൾ. ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടുതരത്തിലുള്ള റിസ്കാണ് ഡെറ്റ് ഫണ്ടുകൾക്കുളളത്. ഒന്ന് ഇന്ററസ്റ്റ്റേറ്റ് റിസ്ക്, രണ്ട് ക്രഡിറ്റ് റിസ്ക്. പലിശകൂടുന്നതും കുറയുന്നതുമാണ് ഇന്ററസ്റ്റ്റേറ്റ് റിസ്കിന് അടിസ്ഥാനം. ബോണ്ടിന്റെ വില കുറയുമ്പോൾ പലിശ നിരക്ക് ഉയരും. വിപണിയിൽ പലിശ കുറയുമ്പോൾ ഫണ്ടുകളിലെ ആദായംവർധിക്കും. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ നേരിടുന്നതാണ് ക്രഡിറ്റ് റിസ്ക്. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുത്താൽ ഈ അപകടസാധ്യത ഒഴിവാക്കാം. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദായംമാത്രംനോക്കിയാൽപോരെന്ന് ചുരുക്കം. ചെലവ് നിക്ഷേപം കൈകാര്യംചെയ്യുന്നതിന് ഫണ്ട് കമ്പനികൾ ഫീസ് ഈടാക്കുന്നുണ്ട്. നേരിട്ട് നിക്ഷേപിച്ചാൽ ഇടനിലക്കാർക്ക് കൊടുക്കുന്ന കമ്മീഷനും വിതരണചെലവും ഒഴിവാക്കാൻ കഴിയും. ശരാശരി 2.50ശതമാനംവരെയുള്ള ഈതുക കുറച്ചശേഷമായിരിക്കും ഓരോദിവസത്തെയും മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റ് വില (എൻഎവി) നിശ്ചയിക്കുന്നത്. feedbacks to: antonycdavis@gmail.com കുറിപ്പ്: മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിശദീകരണം ഒരു പാഠത്തിൽ ഒതുങ്ങുന്നതല്ല. തിരഞ്ഞെടുത്ത കാറ്റഗറികളിലെ മികച്ച പ്രകടചരിത്രമുള്ള ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും വാർഷികാദായം നേടാൻ ബുദ്ധിമുട്ടേണ്ടിവരില്ല. നിലവിലെ സാഹചര്യത്തിൽ മികച്ച ഫണ്ടുകൾ 20ശതമാനവും അതിൽകൂടുതലും വാർഷികാദായം നൽകിയിട്ടുണ്ട്. വേഗത്തിൽ ഓടിയെത്തുന്നതിനേക്കാൾ പ്രധാനമാണ് ശരിയായ വഴിതിരഞ്ഞെടുത്ത് മുന്നേറുകയെന്നത്. വേഗത്തിന് പ്രാധാന്യംനൽകി എവിടെയുമെത്താത്ത സ്ഥിതിയുണ്ടാകരുത്. നിക്ഷേപത്തിന്റെകാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടവസ്തുതയാണിത്.

from money rss https://bit.ly/3pWO9nY
via IFTTT

വിപണി പിടിക്കാൻ കമ്പനികൾ: പരസ്യത്തിനായി നീക്കിവെയ്ക്കുന്നത് 20ശതമാനം അധികതുക

രാജ്യത്തെ വൻകിട കമ്പനികളും പ്രാദേശിക സാന്നിധ്യമുള്ള ചെറുകിട കമ്പനികളും ഉത്സവ സീസൺ മുൻകൂട്ടി കണ്ട് കോടികളുടെ പരസ്യ കാമ്പയിന് തുടക്കമിടുന്നു. വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽകണ്ടാണ് കമ്പനികൾ പദ്ധതി തയ്യാറാക്കുന്നത്. ഒരുമാസത്തിലേറെക്കാലം അടച്ചിട്ടതിനാൽ ഉത്സവ സീസണിൽ വൻവില്പനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഓണത്തിനുമുന്നോടിയായാണ് ഉത്സവ സീസൺ തുടങ്ങുക. അതുകൊണ്ടുതന്നെ ജൂലായ് മുതൽ പരസ്യ കാമ്പയിൻ തുടങ്ങുകയാണ് ലക്ഷ്യം. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം ഉൾപ്പടെയുള്ള മേഖലകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ വൻഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ജൂലായിൽ തുടങ്ങുന്ന സീസൺ ദീപാലവലി, ക്രിസ്മസ്, ന്യൂഇയർ എന്നിവകഴിഞ്ഞാണ് അവസാനിക്കുന്നത്. ഒരുവർഷത്തെ മൊത്തംവിൽപനയുടെ 80ശതമാനവും ഈ ഉത്സവസീസണിലാണ് വിറ്റഴിക്കുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് അടച്ചിട്ടതിനാൽ ഉപഭോഗമേഖലയിൽ വൻഇടിവാണുണ്ടായത്. ലോക്ഡൗൺ പിൻവലിക്കുന്നതും ഉത്സവസീസണും വൻ സാധ്യതകളാണ് വ്യാപാരികൾക്ക് തുറന്നുനൽകുന്നത്. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം, ഇ കൊമേഴ്സ് എന്നുവേണ്ട എല്ലാമേഖലിയലും വില്പനയിൽ കുതിപ്പുണ്ടാകുമെന്നാണ് വിപണിയിൽനിന്നുളള വിലയിരുത്തൽ. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനമെങ്കിലും അധികവിഹിതം പരസ്യത്തിനായി ചെലവഴിക്കൊനൊരുങ്ങുകയാണ് കമ്പനികൾ. കഴിഞ്ഞവർഷം ഉത്സവ സീസണിൽ വിവിധ ബ്രാൻഡുകൾ പരസ്യത്തിനായി ചെലവഴിച്ചത് 25,000 കോടിയിലേറെ രൂപയാണ്. അതിലൂടെ മികച്ച വില്പനനേടാനും കമ്പനികൾക്കായി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് 20ശതമാനമെങ്കിലും അധികംതുക പരസ്യത്തിനായി മാറ്റിവെയ്ക്കാൻ കമ്പനികൾ തയ്യറാടെക്കുന്നത്. ഉത്സവ സീസണിൽ വൻതോതിലുള്ള പരസ്യ പ്രചാരണത്തിലൂടെ പരവാവധി വിറ്റുവരവ് നേടിയെടുക്കുകയാണ് ലക്ഷ്യം. ഓണത്തിന് മുമ്പായി കേരളത്തിൽ അൺലോക്കിങ് പ്രകൃയ പൂർത്തിയാകും. അതിനുമുമ്പെ വിപണിപിടിക്കുകയെന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്യം. ലോക്ഡൗൺകാലത്ത് ചെലവുചെയ്യൽ പരിമിതമായിരുന്നതിനാൽ ഉപഭോക്താക്കളിൽ ചെലവഴിക്കൽശേഷിയിൽ വൻവർധനവുണ്ടായതായാണ് വിലിയിരുത്തൽ. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് ഓണം. ഇതിനായി പത്രം, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പരസ്യങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

from money rss https://bit.ly/3vDCz2x
via IFTTT