കോവിഡിനെതുടർന്ന് ഓഹരി വിപണിയിൽ റീട്ടെയിൽ പങ്കാളത്തം ഉയർന്നതോടെ എല്ലാ ബുൾ തരംഗത്തിലുമുണ്ടാകുന്നതുപോലെ കുറഞ്ഞ വിലയിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കി ചെറിയ ഉയർച്ചയിൽനിന്നുപോലും മികച്ചനേട്ടം സ്വന്തമാക്കാമെന്ന വ്യാമോഹം ഇത്തവണയും സാധാരണക്കാരായ നിക്ഷേപകരെ പിടികൂടി. അവർ പെന്നി സ്റ്റോക്കുകൾക്കുപിന്നാലെ വെച്ചടിച്ചു. വിപണിയുടെ മുന്നേറ്റത്തിൽ പെന്നി സ്റ്റോക്കുകൾക്കു പിന്നിൽനിന്ന് ചരടുവലിക്കുന്നവരുടെയും കള്ളപ്പണംവെളുപ്പിക്കൽ സംഘങ്ങളുടെയും കൂടിച്ചേരൽകൂടിയായപ്പോൾ ഇത്തരം ഓഹരികളിൽ 5000വും 6000വും ശതമാനംവരെ മുന്നേറ്റം രൂപപ്പെട്ടു. സാമൂഹിക മാധ്യമ ഇടങ്ങളിലും ഓഹരി വിപണി ഗ്രൂപ്പുകളിലും പെന്നി സ്റ്റോക്കുകളിലെ നിക്ഷേപ സാധ്യതാചർച്ചകൾ സ്വാഭാവികമായും കൂടി. പത്തുരൂപയ്ക്കുതാഴെ വിലയുള്ള ഇത്തരം ഓഹരികളുടെ പിന്നാലെ പോകാൻ നിക്ഷേപകർ തിടുക്കംകൂട്ടി. ട്രേഡർമാരും ഊഹക്കച്ചവടക്കാരും ചിലപ്പോൾ വൻതുകനേട്ടമുണ്ടാക്കി. അതോടൊപ്പം നഷ്ടക്കണക്കുകളുംകൂടി. ഇടപാട് കൂടിയതോടെ പെന്നി ഓഹരികളിൽ കനത്ത ചാഞ്ചാട്ടം രൂപപ്പെട്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പല ഓഹരികളും റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു. ഈ ഡിമാൻഡിനുപിന്നിൽ ഏതെങ്കിലുമൊരു കേന്ദ്രത്തിൽനിന്നുള്ള കരുനീക്കങ്ങളാകാം. എക്കാലത്തും കുതിച്ചുകൊണ്ടിരിക്കുമെന്നുകരുതി ഇത്തരം ഓഹരികളിൽ പണംമുടക്കിയവരിൽ പലരും കബളിപ്പിക്കപ്പെടുകയുംചെയ്തു. ചില പെന്നികളെ പരിചയപ്പെടാം 2021ൽ 30 പെന്നി സ്റ്റോക്കുകൾ 1000ശതമാനത്തിലധികം നേട്ടം നിക്ഷേപകന് നൽകി. 90ലേറെ ഓഹരികൾ 500ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. ടെക്സ്റ്റൈൽ മേഖലയിലെ ഡിഗ്ജാം 2021ൽ 6000ശതമാനത്തോളം വർധന രേഖപ്പെടുത്തി പെന്നികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. കഴിഞ്ഞവർഷം തുടക്കത്തിൽ നാലുരൂപ നിലവാരത്തിലുണ്ടായിരുന്ന ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത് 281 രൂപയിലാണ്. ഒരുലക്ഷം രൂപ അന്ന് നിക്ഷേപിച്ചിരുന്നുവെങ്കിൽ 60 ലക്ഷത്തോളം രൂപയായി ഇപ്പോൾ തിരിച്ചെടുക്കാമായിരുന്നു എന്ന നഷ്ടബോധത്തിലാണ് പെന്നിയുടെ പിന്നാലെ പോകുന്ന ഒരുകൂട്ടം നിക്ഷേപകർ. തുണിമേഖലയിലെ മറ്റൊരു കമ്പനിയായ ആദിനാഥ് ടെക്സ്റ്റൈൽസ് 4,800 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 0.86 രൂപയിൽനിന്ന് 100 രൂപയിലെയ്ക്കാണ് ഈകാലയളവിൽ ഓഹരി വില കുതിച്ചത്. ടിടിഐ എന്റർപ്രൈസസ്, ഗീതാ റിന്യൂവബ്ൾ എനർജി, ചെന്നൈ ഫെറോസ് ഇൻഡസ്ട്രീസ്, ബ്രൈറ്റ്കോം, റോഹിത് ഫെറോ, ഇന്ത്യൻ ഇൻഫോടെക് തുടങ്ങി നിരവധി ഓഹരികൾ പെന്നികളായി നിക്ഷേപകന്റെ കീശവീർപ്പിച്ചു. പെന്നി ഓഹരികളെ പരിചയപ്പെടുത്തുകയല്ല ഇവിടത്തെ ഉദ്ദേശമെന്നതിനാൽ കൂടുതൽ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. എന്തുകൊണ്ട് കുതിക്കുന്നു ബുൾ തരംഗത്തിൽ പെന്നികളുടെ കുതിപ്പ് സർവസാധാരണമാണ്. കുറഞ്ഞവിലയും വൻകുതിപ്പും പ്രതീക്ഷിച്ച് പെന്നിക്കുപിന്നാലെ ഓടുന്നവർ അധികവും വപിണിയിലെ പുത്തൻകൂറ്റുകാരായിരിക്കും. വിപണിയിൽ കാലാകാലങ്ങളായി നിലനിൽക്കുന്നവർക്ക് ഇത് പുതിയകാഴ്ചയല്ലാത്തതുകൊണ്ട് അവഗണിക്കാറാണ് പതിവ്. കുതിപ്പുകണ്ട് ഇത്തരം ഓഹരികളുടെ മായലവയത്തിൽപ്പെട്ട് വൈകി പ്രവേശിക്കുന്നവർ വൻതാഴ്ചക്കിടെ പലപ്പോഴും പുറത്തുകടക്കാൻ കഴിയാതെ ചക്രവ്യൂഹത്തിൽപ്പെടുകയുംചെയ്യുന്നു. വിപണിയിൽ ഇടപെടുന്നവർ അവരുടെ ഉദ്ദേശംപൂർത്തിയാകുന്നതുവരെ ഓഹരി വില മുന്നോട്ടുകൊണ്ടുപോയേക്കാം. കളിക്കാർ പിൻവാങ്ങുകയോ സൂചികകൾ താഴേയക്കുപോകുകയോ ചെയ്യുമ്പോൾ കുതിച്ച പെന്നികൾ പഴയനിലവാരത്തിലേയ്ക്ക് പതിക്കുന്നു. പുലി വീണ്ടും എലിയാകുന്നു. 2003 മുതൽ 2008വരെ നീണ്ട ബുൾമാർക്കറ്റിലെ പെന്നികളുടെ നീക്കത്തിൽനിന്ന് ഇക്കാര്യം മനസിലാക്കാം. March 2003 to January 2008 bull run Count % No. of penny stocks at the start 779 No. of multibaggers at the end 682 88 No. of stocks which become penny again 335 49* *As percentage of no. of multibaggers. Source: Valueresearch വിലയും മൂല്യവും കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഓഹരികൾ സ്വന്തമാക്കാമെന്നതാണ് പെന്നികളുടെ പിന്നാലെ പോകാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള ബ്ലുചിപ് കമ്പനികളുടെ 10 ഓഹരികൾ വാങ്ങുന്ന വിലയ്ക്ക് 10,000 ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷപകനെ ആകർഷിക്കുന്നതെന്ന് ചുരുക്കം. വിലയെ മൂല്യവുമായി ബന്ധിപ്പിച്ച് നിക്ഷേപകർ ആശയക്കുഴപ്പത്തിലാകുന്നതോടെ അപകടത്തിലയേക്കുള്ള വഴിതുറക്കുകയായി. കിംവദന്തികൾമാത്രം പെന്നി ഓഹരികളിൽ പണമിറക്കാൻ ട്രേഡറെ പ്രേരിപ്പിക്കുന്നത് കിംവദന്തികളാണ്. ബ്രോക്കിങ് ഹൗസുകൾ ഈ ഓഹരികൾ ട്രാക്ക് ചെയ്യാറില്ല. വിശകലന വിദഗ്ധരാകട്ടെ പെന്നി ഓഹരികളിൽ സമയം പാഴാക്കാറുമില്ല. കോർപറേറ്റ് ലോകത്ത് ഇത്തരം കമ്പനികൾക്ക് പ്രസക്തിയില്ലെന്നതുതന്നെയാണതിന് കാരണം. അതുകൊണ്ടുതന്നെ പെന്നി സ്റ്റോക്കുകളുടെ മാനേജുമെന്റുകൾ കമ്പനിയിലെ നിർണായക കാര്യങ്ങൾ മറച്ചുവെയ്ക്കുകയും മികവാർന്ന വ്യാജ ചിത്രം പുറത്തുവിടുകയുംചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന അസ്ഥിരത, പരിമിതമായ ട്രേഡിങ് കുറഞ്ഞവില ഓഹരികളിൽ കനത്ത ചാഞ്ചാട്ടമുണ്ടാക്കാനിടയാക്കും. 50 പൈസ വിലയുള്ള ഒരു ഓഹരിയിൽ അഞ്ചുപൈസയുടെ വ്യതിയാനമുണ്ടായാൽപോലും 10ശതമാനമാകുമത്. ഓഹരികളുടെ മുന്നേറ്റത്തിന് നിയന്ത്രണമേർപ്പെുടുത്തുന്നതിന്റെ ഭാഗമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സർക്യൂട്ട് ബ്രേക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതായത്, ഒരു ഓഹരിക്ക് ഒരുദിവസം നിശ്ചിത നിലവാരത്തിനപ്പുറം ഉയരാനോ താഴാനോ കഴിയില്ല. ഓഹരി വിലയ്ക്ക് താങ്ങായി ഇത് പ്രവർത്തിക്കുമെങ്കിലും ഓഹരി ഇടപാട് പരിമിതപ്പെടുത്താനുമതിടയാക്കും. ലോവർ സർക്യൂട്ടിൽ ഒരുഓഹരി ലോക്ക് ആയാൽ, പിന്നീട് അത് വിൽക്കാൻ പ്രയാസമാണ്. ആദ്യവരുന്നവർക്ക് ആദ്യംഎന്ന അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടക്കുക. അതായത്, 10,000 ഓഹരികൾ വിൽക്കാനുണ്ടെങ്കിൽ അഞ്ചുലക്ഷം ഓഹരികൾ ക്യൂവിലാണെങ്കിൽ കൈവശമുള്ള ഓഹരികൾ വിറ്റുപോകാൻ സാധ്യതകുറവാണ്. അടുത്തദിവസം മറ്റുവില്പനക്കാർക്കുമുമ്പ് നിങ്ങൾക്ക് മുന്നിൽസ്ഥാനംപിടിക്കാനായില്ലെങ്കിൽ ഇത് ആവർത്തിക്കാം. 10 രൂപയിൽതാഴെ വിലയുള്ള പകുതിയോളം ഓഹരികളിൽ കഴിഞ്ഞ അഞ്ചുവർഷമായി ഇടപാട് നടക്കുന്നില്ലെന്നകാര്യം മനസിലാക്കുക. കൃത്രിമംഎളുപ്പത്തിൽ പെന്നി ഓഹരികളുടെ വില ഉയർത്താൻ അനധികൃത ഇടപാടുകളിലൂടെ കഴിയും. ഉദാഹരണത്തിന് പത്ത് ചെറിയ കമ്പനികളുടെ മൊത്തം വിപണിമൂല്യം 5 കോടിയാണെന്നിരിക്കട്ടെ. രണ്ടോ മൂന്നോ കോടി രൂപ കൈവശമുള്ള ഒരുകൂട്ടം ട്രേഡർമാർക്ക് ഈ കമ്പനികളുടെ ഓഹരികളിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ കഴിയും. ഓഹരിയിൽ വലിയ ഡിമാൻഡുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ അവർതമ്മിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ഇത് സാധ്യമാക്കുന്നത്. ഓഹരി വില തുടർന്നും ഉയരുമെന്ന് ബോധ്യപ്പെടുത്താൻ നിക്ഷേപ ഉപദേഷ്ടാക്കളായി വേഷമിടുന്ന ബ്രോക്കർമാരും വിപണി ഇടപാടുകാരും മികച്ചവരുമാനം നൽകുന്ന കുറഞ്ഞ വിലയുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ ട്രേഡർമാരെ പ്രേരിപ്പിക്കും. ഇത്തരം കിംവദന്തികളിൽപെട്ട് കടംവാങ്ങിയുംമറ്റും സമാഹരിച്ച തുകകൊണ്ട് പെന്നികളിൽ പണംമുടക്കാനിറങ്ങുമ്പോൾ ഈ ട്രേഡർമാർ അവരുടെ കയ്യിലുള്ള ഓഹരികൾ ഉയർന്നിവിലയ്ക്ക് വിറ്റൊഴിവാക്കുന്നു. ഈ കമ്പനികളുടെ ഓഹരിമൂല്യവും അവർനടത്തുന്ന ബിസിനസുംതമ്മിൽ ഒരുബന്ധവുമില്ലെന്ന് ഓർക്കണം. നേട്ടമുണ്ടാക്കാൻ കഴിയുമോ? ഇതൊക്കെയാണെങ്കിലും ശരിയായ സമയത്ത് ഇത്തരം ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാൻ കഴിഞ്ഞാൽ മികച്ചനേട്ടമുണ്ടാക്കാൻ കഴിയുമന്നകാര്യത്തിൽ സംശയമില്ല. എന്നാൽ നേട്ടമുണ്ടാക്കുന്നതിനേക്കാൾ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. മികച്ച മൈക്രോ-സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുകയാണ് അതിന് ബദൽ. അതിനായി കുറഞ്ഞ വിലയുള്ള പെന്നി സ്റ്റോക്കുകളും വിപണിമൂല്യം കുറവുള്ള കമ്പനികളും വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഒരു പെന്നി സ്റ്റോക്കിന്റെ വില 10 രൂപയിൽ താഴെയാണെങ്കിൽ മൈക്രോക്യാപ് ഓഹരിയുടെ വില ഉയർന്നതാകാം. കമ്പനിയുടെ വിപണിമൂല്യം കുറഞ്ഞതുകൊണ്ടാണ് അത് മൈക്രോക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടതെന്ന് മനസിലാക്കാം. മൈക്രോ-സമോൾ ക്യാപ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും നേട്ടമുണ്ടാക്കാനുള്ളവഴിയാണ്. കള്ളപ്പണംവെളുപ്പിക്കൽ വൻതോതിൽ കള്ളപ്പണംവെളുപ്പിക്കാനുള്ള മാർഗമായും പെന്നി ഓഹരികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ ഒരുകൂട്ടം ഇടപാടുകരാണ് അതിന് ഒത്താശചെയ്തുകൊടുക്കുന്നത്. ഉദാഹരണത്തിന്, ഒരു നിക്ഷേപകൻ 10 ലക്ഷം രൂപ ഒരു സ്റ്റോക്കിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി വിലയെ അനധികൃതമായി സ്വാധീനിക്കാൻ 60 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപകൻ ഈ ഗ്രൂപ്പിന് കൈമാറുന്നു. ഈതുക ഉപയോഗിച്ച് ഓഹരി വാങ്ങാനും വിൽക്കാനും ഈ കൂട്ടത്തിലുള്ളവർ ബോധപൂർവം സജ്ജരാകുന്നു. ഇടപാടുകളിലെ എണ്ണത്തിലെ വർധനവും ഓഹരിയിലെ കുതിപ്പുംകണ്ട് ചെറുകിട നിക്ഷേപകരിൽ പലരും ഓഹരിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. ഇതോടെ ഓഹരി വിലയിൽ സ്വാഭാവികമായും കുതിപ്പുണ്ടാകുകയും 10 ഇരട്ടിയോ അതിൽകൂടുതലോ വർധനവുണ്ടാകുകയുംചെയ്യുന്നു. ഇതോടെ ഈ ഓഹരിയിൽ 10 ലക്ഷം രൂപ മുടക്കിയയാൾ രംഗത്തുവരുന്നു. കയ്യിലുള്ള ഓഹരികൾ ഉയർന്ന വിലയ്ക്ക് വിറ്റ് നിക്ഷേപം തിരിച്ചെടുക്കുന്നു. ഇതോടെ പത്തുലക്ഷം ഒരുകോടിയോ അതിലധികമായോ ആയി തിരികെ ലഭിക്കുന്നു. ഇടപാടുകാർക്ക് നൽകിയ കള്ളപ്പണമായ 60 ലക്ഷം രൂപ അതിൽകൂടുതലായി വൈറ്റ് മണിയായി തിരികെ നിക്ഷേപകന്റെ കീശയിലെത്തുന്നു. വിലയെ സ്വാധീനിക്കാൻ വിപണിയിൽ കളിച്ചവർക്ക് ഇതിൽനിന്ന് ഒരുവിഹതിം ലഭിക്കുകയുംചെയ്യുന്നു. ഇടപെടൽ അവസാനിക്കുന്നതോടെ ഓഹരി വില ഇടിയാൻ തുടങ്ങുകയായി. പിന്നാമ്പുറത്തെ ഇത്തരം കളികളൊന്നുമറിയാത്ത ചെറുകിട നിക്ഷേപകന് തലയിൽ കൈവെച്ചിരിക്കാനെ കഴിയൂ. ആരൊക്കയെ വിപണിയിൽ ഇടപെട്ടതിന്റെ ഇരയായി കഷ്ടപ്പെട്ടുണ്ടാക്കിയ പണംനഷ്ടപ്പെടുത്തുന്നവരിൽ ഏറെപ്പേരും പുതിയതായി വിപണിയിലെത്തുന്നവരാണെന്നകാര്യത്തിൽ സംശയമില്ല. യാഥാർഥ്യങ്ങൾ: പരിമിതികളും റിക്സും മനസിലാക്കുന്ന ചുരുക്കം ചില ട്രേഡർമാർ മാത്രമാണ് പെന്നികളിൽനിന്ന് ലാഭമുണ്ടാക്കുന്നുള്ളൂ. കുറഞ്ഞ പ്രൊമോട്ടർ ഹോൾഡിങ്, വലിയ കടബാധ്യത, കനത്ത നഷ്ടം തുടങ്ങിയവയാണ് പന്നി സ്റ്റോക്കുകളുടെ അടിസ്ഥാനം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഉയർന്നതും സുസ്ഥിരവുമായ നേട്ടമുണ്ടാക്കാൻ പെന്നി സ്റ്റോക്കുകളിൽനിന്നാവില്ല. അതേസമയം, നല്ല ബിസിനസിന്റെ പിൻബലത്തിൽ ഭാവിയിൽ മികച്ച വളർച്ചയ്ക്ക് സാധ്യതയുള്ള കമ്പനികളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നെല്ലിൽനിന്ന് പതിര് വേർതിരിച്ചെടുക്കാൻ വലിയ അധ്വാനവും ഭാഗ്യവുംവേണ്ടിവരുമെന്ന് ചരുക്കം. അതുകൊണ്ട് പെന്നികളെ പാടെ അവഗണിക്കുക. ഗുണമേന്മയുള്ള ഓഹരികളിൽമാത്രം നിക്ഷേപം നടത്തുക.
from money rss https://bit.ly/3FD5tEJ
via IFTTT
from money rss https://bit.ly/3FD5tEJ
via IFTTT