പേരിനോടുനീതി പുലർത്തി കുറഞ്ഞത് 25 ശതമാനംവീതം ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് മൾട്ടി കാപ് ഫണ്ടുകളെ സംബന്ധിച്ച് ഈയിടെ സെബി ഇറക്കിയ സർക്കുലർ യുക്തിസഹമായ നീക്കമായി വേണം കാണാൻ.മൾട്ടിക്യാപുകൾ പേരിൽമാത്രം അങ്ങനെ ആയാൽപോര, പോർട്ട്ഫോളിയോയിലെ ഓഹരികളുടെകാര്യത്തിലും അങ്ങനെതന്നെ ആയിരിക്കണം. സെബിയുടെ ഈനിർദ്ദേശം നടപ്പാക്കിയാൽ മ്യൂച്വൽ ഫണ്ടു പോർട്ട്ഫോളിയോകളിൽ വലിയ മാറ്റങ്ങളുണ്ടായേക്കാം. മൾട്ടികാപ് ഫണ്ടുകൾ ഭാഗികമായി ലാർജ് കാപ് ഓഹരികൾ വിറ്റഴിക്കുകയും മിഡ് കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങുകയും ചെയ്തേക്കാം. 35 മൾട്ടി കാപ് ഫണ്ടുകളിലായി 1.45 ലക്ഷം കോടിയുടെ വിപണിമൂല്യം ഭാഗികമായി മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾക്കനുകൂലമായി മാറുമ്പോൾ 40,000 കോടി രൂപയുടെ വിൽപന ലാർജ് കാപ് ഓഹരികളിൽ നടന്നേക്കാം. ഈ പണം മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിലേക്കു നീങ്ങുമ്പോൾ വിപണിയിൽ അവയ്ക്കനുകൂലമായ കുതിപ്പ് ഉണ്ടായേക്കാം. സംഭവിക്കാൻ സാധ്യതയുള്ളത് എല്ലാ മൾട്ടിക്യാപ് ഫണ്ടുകളും ലാർജ് കാപ് ഓഹരികൾക്ക് പ്രാമുഖ്യം നൽകിയാണ് നിക്ഷേപംനടത്തുന്നത്. മൾട്ടികാപ് പദ്ധതികളിൽ വൻകിട ഓഹരികളുടെ ശരാശരി സാന്നിധ്യം ഏതാണ്ട് 75 ശതമാനമാണ്. ഏറ്റവും ജനപ്രിയമായ ചില മൾട്ടി കാപ് ഫണ്ടുകളിൽ ഇത് 90 ശതമാനം വരെയുണ്ട്. സ്മോൾ കാപ് ഓഹരികളാകട്ടെ ഉദ്ദേശം മൂന്നുശതമാനം മാത്രവും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഉത്തരം ലളിതമാണ്: സമീപകാലത്ത് വൻകിട ഓഹരികൾ ഇടത്തരം, ചെറുകിട ഓഹരികളെയപേക്ഷിച്ച് വലിയ വ്യത്യാസത്തിൽ മികച്ച പ്രകടനമാണു നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നുവർഷത്തെ നിഫ്റ്റി നേട്ടം 14.6 ശതമാനമായിരിക്കേ ഇക്കാലയളവിൽ നിഫ്റ്റി മിഡ് കാപ്, സ്മോൾ കാപ് സൂചികകളുടെ നേട്ടം യഥാക്രമം -10.5, -28.7 എന്നിങ്ങനെയാണ്. വൻതോതിലുള്ള ഈവ്യത്യാസം കോവിഡ് കാലത്ത് വർധിക്കാനും വലിയവ കൂടുതൽ വലുതാകാനും മെച്ചപ്പെടാനും സാധ്യത ഏറെയാണ്. ഇന്ത്യയിലെ കോർപറേറ്റുകളുടെ മൊത്തംലാഭം ചില വൻകിട കമ്പനികളിൽ കേന്ദ്രീകരിക്കുകയും ഇടത്തരം, ചെറുകിട ബിസിനസുകളുടെ നില നിൽപുതന്നെ പരുങ്ങലിൽ ആവുകയുമാണുചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലാഭവും സുരക്ഷിതത്വവും വലിയ ഓഹരികളിലാണ്. മ്യൂച്വൽഫണ്ടു മാനേജർമാർക്കു ഇക്കാര്യം അറിയാം. അതുകൊണ്ടുതന്നെ സെബി മറ്റുപോംവഴികൾ നിർദ്ദേശിച്ച സ്ഥിതിക്ക് ഈവള്ളം മറിക്കാൻ അവർ തയാറാവുകയില്ല. സെപ്തംബർ 11നു പുറപ്പെടുവിച്ച ആദ്യസർക്കുലറിനുശേഷം സെപ്തംബർ 13നുതന്നെ സെബി ഇക്കാര്യത്തിൽ വ്യക്തതവരുത്തി. മൾട്ടി കാപ് ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളുമായി ലയിപ്പിക്കാനോ അല്ലെങ്കിൽ ലാർജ് കാപ്- മിഡ്കാപ് ഫണ്ട് ആക്കി മാറ്റാനോ ആലോചിക്കാമെന്നാണ് സെബി വിശദീകരിച്ചത്. ഈസാധ്യത നടപ്പാക്കിയാൽ മൾട്ടി കാപ് ഫണ്ടുകളിൽ നിക്ഷേപിച്ചവർക്ക് അവരുടെ നിക്ഷേപത്തിന്റെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ട ഒരുകാര്യവും ഉണ്ടാകില്ല. മൾട്ടി കാപ് പദ്ധതികളിൽ 95 ലക്ഷം ഇൻവെസ്റ്റർ പോർട്ഫോളിയോകൾ ഉണ്ടെന്നകാര്യം ഓർക്കേണ്ടതുണ്ട്. കൂടുതൽ വഴക്കമുള്ള ഫ്ളെക്സി കാപുകൾ മാർക്കറ്റ് കാപിന്റെ കാര്യത്തിൽ പക്ഷ ഭേദമില്ലാത്ത ഫ്ളക്സി കാപ് ഫണ്ടുകളാണ് മറ്റൊരു സാധ്യത. ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് എന്നിങ്ങനെ കർശന തരംതിരിവില്ലാതെ പണം നിക്ഷേപിക്കാൻ ഫണ്ടുകളെ അനുവദിക്കുന്ന പുതിയൊരു സ്കീം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ലിസ്റ്റ് ചെയ്യപ്പെട്ട 4500 ലധികം ഓഹരികൾ ഉണ്ടെങ്കിലും ഏറെമികവുള്ള ധാരാളം ഓഹരികൾ നമുക്കില്ല. മാനേജ്മെന്റിന്റെ ഗുണമേന്മ, ബിസിനസിലെ ക്രമാനുഗതമായ വളർച്ച, മൂലധന ചിലവുകളേക്കാൾ ഭേദപ്പെട്ട ലാഭം, ലാഭത്തിന്റെ ക്രമബദ്ധമായ വർധന എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കുന്ന ഫണ്ട് മാനേജർമാർക്ക് പരിമിതമായ തെരഞ്ഞെടുപ്പേ സാധ്യമാവൂ. ഫണ്ട് മാനേജർമാർ മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾ കൂടുതൽ വാങ്ങാൻ നിർബന്ധിതരായാൽ മൾട്ടി കാപ് ഫണ്ടുകളിൽനിന്നും നിക്ഷേപകർ പിൻവാങ്ങാനിടയുണ്ട്.ഒന്നുകിൽ മൾട്ടികാപ്ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളുമായോ, ലാർജ് കാപ്- മിഡ് കാപ് ഫണ്ടുകളുമായോ ലയിപ്പിക്കുകയോ അല്ലെങ്കിൽ ഈഫണ്ടുകൾഫ്ളെക്സി കാപുകളാക്കി മാറ്റുകയോ ചെയ്യുന്നതാണ് ഭാവിയിൽ ഗുണകരമാവുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)
from money rss https://bit.ly/33CBZ9a
via IFTTT
from money rss https://bit.ly/33CBZ9a
via IFTTT