121

Powered By Blogger

Wednesday, 16 September 2020

കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്ക് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:ഇന്ത്യാ ഗവൺമെന്റ് അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫെൻസ് പാർക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവർത്തനാരംഭിക്കും. കിൻഫ്രാ ഡിഫൻസ് പാർക്കിലെ നിക്ഷേപ സാധ്യതകൾ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെർച്വൽ ബിസിനസ് കോൺക്ലേവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. കിൻഫ്രയും സംസ്ഥാന വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ ഡിഫൻസ് പാർക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി ടു ബി മീറ്റും നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം പ്രതിരോധ ഉപകരണ നിർമാണ കമ്പനി പ്രതിനിധികൾ പങ്കെടുത്തു. ഡിഫൻസ് പാർക്കിൽ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഇളങ്കോവൻ വ്യക്തമാക്കി. ഓൺലൈനിൽ ഇ അപ്ലിക്കേഷൻ നൽകിയാൽ മൂന്നു വർഷത്തേക്ക് കമ്പനിക്ക് ഒരു തടസവും കൂടാതെ പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്നത് ഡിഫൻസ് പാർക്കിന്റെ വലിയ അനുകൂലഘടകമാണ്. സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള പ്രോജക്ട് ഉടൻ ആരംഭിക്കുമെന്നും ഇളങ്കോവൻ അറിയിച്ചു. ഡിഫൻസ് പാർക്കിൽ നിക്ഷേപകർക്ക് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂർണമായും ഒഴിവാക്കിക്കൊടുക്കുമെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് അറിയിച്ചു. 60 ഏക്കറുള്ള ഡിഫൻസ് പാർക്കിൽ 47.50 ഏക്കർ ഭൂമി കമ്പനികൾക്ക് അലോട്ട് ചെയ്യും. 3,28,630 ചതുരശ്ര അടി കോമൺ ഫെസിലിറ്റി സെന്ററും 19000 ചതുരശ്ര അടി വെയർഹൗസ് ഫെസിലറ്റിയും ഇവിടെയുണ്ട്. സംരംഭകർക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. സ്കിൽഡ് മാൻപവർ പാർക്കിൽ ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധക്ക് കേന്ദ്ര സർക്കാരിന്റെ ടെസ്റ്റിംഗ് ലാബ് കൂടി നടപ്പാക്കുന്നുണ്ട്. 30 വർഷമായിരിക്കും ഭൂമിയുടെ പാട്ടക്കാലാവധി. ഇത് 90 വർഷത്തേക്ക് ദീർഘിപ്പിക്കാൻ കഴിയും. ബിൽട്ടപ്പ് സ്പേസിന്റെ പാട്ടക്കാലാവധി 10 വർഷവും 30 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതുമായിരിക്കും. പാട്ടത്തുകയുടെ പ്രീമിയത്തിന്റെ 10 ശതമാനം 30 ദിവസത്തിനകം അടയ്ക്കണം. ബാക്കി തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ബിസിനസ് കോൺക്ലേവിൽ ഫിക്കി ഡിഫൻസ് കമ്മിറ്റി കോ ചെയർമാൻ സുധാകർ ദേശ്പാണ്ഡെ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അശ്വാനി, ഫിക്കി സ്പേസ് കമ്മിറ്റി കോ ചെയർമാൻ ഡോ. സുബ്ബറാവു പവലൂരി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/3kzQJfZ
via IFTTT