തൃശ്ശൂർ: വ്യാജരേഖ ചമച്ച് മൊബൈൽ ഫോൺ സിം കാർഡ് കരസ്ഥമാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതിയായ മുംബൈ സ്വദേശിനിയെ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേൽ ജനതാ കോളനിയിൽ നൂർജഹാൻ അബ്ദുൾകലാം ആസാദ് അൻസാരി (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിൽ തൃശ്ശൂരിൽ ഒരു സ്ത്രീയുടെ പുതുതലമുറ ബാങ്കിലെ അക്കൗണ്ടിൽനിന്ന് 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിരുന്നു. തൃശ്ശൂർ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈൽ കമ്പനിയുടെ എറണാകുളത്തെ ഔട്ട്ലെറ്റിൽനിന്നാണ് തട്ടിപ്പുകാർ സിംകാർഡ് സംഘടിപ്പിച്ചത്. ഇതിനായി മുംബെയിൽനിന്ന് വിമാനമാർഗമാണ് പ്രതി ഉൾപ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡിനായി തൃശ്ശൂർ സ്വദേശിനിയുടേതെന്ന വ്യാജേന നൽകിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. എറണാകുളത്തുനിന്ന് മുംബൈയിൽ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ബിഹാർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ വഴി പിൻവലിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട സ്ത്രീ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സൂചന ലഭിച്ചത് നെടുന്പാശ്ശേരിയിൽനിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത് വിമാനത്താവളത്തിൽ നടത്തിയ അന്വേഷണത്തിൽനിന്ന്. സംഭവദിവസം നെടുന്പാശ്ശേരി വിമാനത്താവളം വഴി യാത്രചെയ്തവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണിത് ലഭിച്ചത്. എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണസംഘം ദിവസങ്ങളോളം മുംബൈയിൽ താമസിച്ച് അന്വേഷണം നടത്തി. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി താമസസ്ഥലത്തുനിന്ന് മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവിൽപ്പോയി. പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയിൽ എത്തിയപ്പോഴാണ് പിന്തുടർന്ന് പിടികൂടിയത്. തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്.െഎ. സന്തോഷ്, എ.എസ്.െഎ. ഫൈസൽ, പോലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്, ശ്രീകുമാർ, അനൂപ്, അപർണ ലവകുമാർ, നിജിത എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. തട്ടിപ്പ് ഇങ്ങനെ... * വലിയ തുക ഇടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ടുകളും ഇടപാടുകാർക്ക് വരുന്ന ഇമെയിലുകളും ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തേണ്ട ഇരയെ കണ്ടെത്തുന്നു. *അക്കൗണ്ട് ഉടമകളുടെ മേൽവിലാസം തെളിയിക്കുന്ന രേഖകൾ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ ഉപഭോക്താക്കൾ അറിഞ്ഞോ അറിയാതെയോ സാമൂഹികമാധ്യമങ്ങളിലോ വെബ്സൈറ്റുകളിലോ പങ്കിട്ടിട്ടുള്ള രേഖകൾ തട്ടിയെടുക്കുകയോ ചെയ്യും. *ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡുകൾ മൊബൈൽ ഫോൺ ഔട്ട്ലെറ്റുകൾ വഴി കരസ്ഥമാക്കും. * തുടർന്ന് ഇന്റർനെറ്റ് ബാങ്കിങ് പാസ്വേർഡുകൾ മാറ്റിയെടുത്ത് പണം പിൻവലിക്കുന്നു. തട്ടിപ്പ് തടയാൻ... * ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമായാൽ, എന്തു കാരണംകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കണം. ഉടനടി മൊബൈൽ ഓപ്പറേറ്ററെ ബന്ധപ്പെടണം. * തിരിച്ചറിയൽരേഖകളുടെ പകർപ്പുകൾ അറിഞ്ഞോ അറിയാതെയോ സാമൂഹികമാധ്യമങ്ങൾ, മറ്റു തരത്തിലുള്ള സേവനം നൽകുന്ന വെബ്സൈറ്റുകൾ എന്നിവിടങ്ങളിൽ പങ്കിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. * ഇ-മെയിൽ, സാമൂഹികമാധ്യമങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയ്ക്ക് കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ പാസ്വേഡ് നൽകുക. പാസ്വേഡുകൾ നിർദിഷ്ട ഇടവേളകളിൽ മാറ്റുക. എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്ന പാസ് വേഡുകൾ ഉപയോഗിക്കാതിരിക്കുക. * പാസ്വേഡുകളും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയും സ്മാർട്ട് ഫോൺ കോൺടാക്ട് ലിസ്റ്റിൽ രേഖപ്പെടുത്തിവെയ്ക്കരുത്.
from money rss https://bit.ly/373tq9J
via
IFTTT