Story Dated: Friday, December 12, 2014 06:10
തിരുവനന്തപുരം: സ്വന്തക്കാരെ ഫുട്‌ബോള്‍ മത്സരം കാണാന്‍ സൗജന്യമായി സ്‌റ്റേഡിയത്തിലേക്ക് കടത്തി വിടാതിരുന്നതിന് ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ സംഘാടകസമിതി ഓഫീസില്‍ കയറി ജീവനക്കാരെ തല്ലിച്ചതച്ചു. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി ബ്‌ളാസ്‌റ്റേഴ്‌സ് പൂനെ മത്സരത്തിലാണ് സംഭവം.
ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്‌ഥനെതിരേ ഐ.എസ്.എല്‍. നടത്തിപ്പുകാരായ, റിലയന്‍സ് ഗ്രൂപ്പിനുകീഴിലുള്ള ഡി.എന്‍.എ. കമ്പനി അധികൃതര്‍ കേന്ദ്രആഭ്യന്തരവകുപ്പിനു പരാതി നല്‍കി. സ്വന്തക്കാരെ കയറ്റാഞ്ഞതിന്റെ പേരില്‍ രോഷംപൂണ്ട പോലീസുകാരന്‍ ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്‌ഥനാണ്.
ഐജി പവലിയനിലിരുന്നു കളികാണുന്നതിനിടയില്‍ സ്വന്തക്കാര്‍ എത്തിയത് കളി തുടങ്ങിയ ശേഷം. കളി തുടങ്ങിയതിനാല്‍ ഇനിയാരെയും കടത്തിവിടാനാവില്ലെന്ന് സംഘാടകസമിതി ഓഫീസിലെ രണ്ടു ജീവനക്കാര്‍ അറിയിച്ചു. വിവരമറിഞ്ഞ ഉദ്യോസ്‌ഥന്‍ സ്‌റ്റേഡിയത്തിലെ ദേഷ്യത്തില്‍ ഡി.എന്‍.എ. ഓഫീസില്‍ പാഞ്ഞെത്തി തെറിവിളിച്ച്, ജീവനക്കാരോടു തട്ടിക്കയറി. എന്നിട്ടും കലിയടങ്ങാതെ രണ്ടുപേരെ ചവിട്ടിത്താഴെയിട്ടു മര്‍ദിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ, പ്രശ്‌നം ഒതുക്കിത്തീര്‍ക്കണമെന്നും പരാതിക്കാരോടു മാപ്പുപറയാമെന്നും ഐ.ജി. കെഞ്ചിയെങ്കിലും സംഘാടകസമിതി വഴങ്ങിയില്ല. കേരളാ പോലീസില്‍ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നു മനസിലാക്കിയാണ് സംഘാടകര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനെ സമീപിച്ചത്.
from kerala news edited
via IFTTT