Story Dated: Friday, December 12, 2014 01:53
വെള്ളറട: ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ റബര്‍ കൃഷി ചെയ്യുന്ന മലയോര മേഖലയിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ തുടരുന്ന റബര്‍ നയത്തില്‍ വന്ന വീഴ്‌ചകളാണ് ഈ അവസ്‌ഥക്ക് വഴിയൊരുക്കുന്നത്. ചെറുകിട തോട്ടമുള്ള പല കര്‍ഷകരും ഇന്ന് പട്ടിണിയുടെ വക്കിലെത്തിനില്‍ക്കുകയാണ്. വിപണിയില്‍ ഷീറ്റിന് കിലോക്ക് 250 മുതല്‍ 260 രൂപവരെയും ഒട്ടു പാലിന് 150 രൂപ മുതല്‍ 180 രൂപവരെയും ഉണ്ടായിരുന്ന സ്‌ഥാനത്ത് ഇന്ന് പകുതിക്ക്‌താഴെയാണ് വില എന്നതാണ് കര്‍ഷകരെ അലട്ടുന്ന പ്രധാന പ്രശ്‌നം.
സാധനങ്ങളുടെ വിലക്കയറ്റം കാരണം തൊഴിലാളികള്‍ക്ക് ശമ്പളവും കൂട്ടി നല്‍കേണ്ടി വന്ന ഇത്തരം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള റബര്‍ കര്‍ഷകനു ഷീറ്റു വില്‍പ്പന നടത്തുമ്പോള്‍ പകുതി വില പോലും ലഭിക്കുന്നില്ലെന്നതാണ് വസ്‌തുത.
അമ്പൂരി മേഖലയില്‍ കാലങ്ങളായി കൃഷി ചെയ്യുന്ന റബര്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പോലും കഴിയാത്ത അവസ്‌ഥയാണ്. അഞ്ചുചങ്ങല ഉള്‍പ്പെടെയുള്ള അമ്പൂരി ഗ്രാമപഞ്ചായത്തിലെ ഏക്കറുകണക്കിന് റബര്‍ കൃഷി ചെയ്‌തിരുന്ന ഭൂമികള്‍ പട്ടയ പ്രശ്‌നങ്ങളുടെ ചുവപ്പുനാടയില്‍ കുടങ്ങിക്കിടക്കുകയാണ്. ഈ പ്രദേശത്ത് ആദായം മുരടിച്ച റബര്‍തൈകള്‍ വെട്ടിമാറ്റി പുതിയതു വയ്‌ക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്‌തുത.
വന്‍കിട കമ്പനികളെയും സമ്പന്ന വര്‍ഗത്തെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് റബര്‍ മേഖലയെ തകര്‍ക്കുന്നത്.
റബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീപിടിച്ച വില തുടരുമ്പോള്‍ കര്‍ഷകന്‍ ഉല്‍പ്പാദിച്ചു നല്‍കുന്ന റബര്‍ കറയ്‌ക്ക് ഇത്രവില കുറയാന്‍ കാരണമെന്താണെന്നാണ് ഗ്രാമവാസികളായ ഓരോ കര്‍ഷകന്റെയും ചോദ്യം. വന്‍കിട ടയര്‍ കമ്പനികളെ സഹായിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ വിലക്കു സംഭവിച്ചിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്‌തമായ സത്യമാണ്.
ടയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ 60 ശതമാനം റബറും 40 ശതമാനം കൃത്രിമ റബറും വേണമെന്നിരിക്കെ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ടയറുകള്‍ കമ്പനികള്‍ക്ക് അടുത്തെങ്ങും ഒരു കിലോ റബര്‍ പോലും വേണ്ടെന്ന അവസ്‌ഥയില്‍ സംഭരിച്ചിട്ടുള്ളതായാണ് പഠനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.
കിടപ്പാടം വിറ്റും വായ്‌പയെടുത്തും റബര്‍ കൃഷിയിലേക്കും ഷോട്ടര്‍ പോലുള്ള പാട്ട വ്യവസ്‌ഥയില്‍ ഏര്‍പ്പെട്ട പലരും ഇനി എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ്. വെള്ളറട, അമ്പൂരി, ആറാട്ടുകുഴി, തേക്കുപാറ, കിളിയൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് പുനലൂര്‍, കോട്ടയം ഭാഗങ്ങളില്‍ റബര്‍ പാട്ടത്തിനെടുത്ത് ഉപജീവനം നടത്താന്‍ പോയ പലരും ഇന്ന് നാട്ടിലേക്ക് വരാന്‍ കഴിയാതെ വലയുകയാണ്. ഉയര്‍ന്ന വില ഉണ്ടായിരുന്നപ്പോള്‍ മോഹവിലകള്‍ നല്‍കി പാട്ടത്തിനെടുത്ത ഇത്തരം കര്‍ഷകര്‍ക്ക് കരാര്‍ പണം പോലും തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇ.കെ. നായനാരുടെ ഭരണകാലത്ത് ഇത്തരം പ്രതിസന്ധി നേരിട്ടപ്പോള്‍ റബ്‌കോയുടെ സഹായത്താല്‍ റബര്‍ സംഭരിച്ച് കര്‍ഷകന് താങ്ങായ ചരിത്രമുള്ള കേരളത്തില്‍ ഭക്ഷണ സാധനമായി പോലും ഉപയോഗിക്കാന്‍ കഴിയാത്ത റബര്‍ പാലും ഒട്ടുകറയും എന്തുചെയ്യണമെന്ന് അറിയാതെ ശേഖരിക്കുകയാണ് സാധാരണ കര്‍ഷകര്‍.
from kerala news edited
via IFTTT