Story Dated: Friday, December 12, 2014 01:53
തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ എണ്ണയും കഷായവും ചൂടുവെള്ളവുമില്ലെന്നും ഉഴിച്ചിലും പിഴിച്ചിലും നടത്തുന്നത് തൂപ്പുകാരും ക്ലീനര്‍മാരുമാണെന്നും വി. ശിവന്‍കുട്ടി എം.എല്‍.എ.367 രോഗികള്‍ ചികിത്സയിലുള്ളതില്‍ 266 പേരും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരാണ്. 121 പേര്‍ മാത്രമാണ് എ.പി.എല്‍. വിഭാഗത്തില്‍ ഉള്ളതെന്ന് ആശുപത്രി സന്ദര്‍ശിച്ചശേഷം പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ അദ്ദേഹം പറഞ്ഞു.
രോഗികള്‍ക്ക് 30 മില്ലി എണ്ണയാണ് തടവാനായി നല്‍കുന്നതെന്നും മാസിയര്‍ യോഗ്യതയില്ലാത്തവരായ തൂപ്പുകാരും ക്ലീനര്‍മാരുമാണ് രോഗികളെ തടവുന്നതെന്നും അവര്‍ക്ക് ഉഴിച്ചിലും പിഴിച്ചിലും നടത്തുന്നതെന്നും ആശുപത്രി ജീവനക്കാരുടെ ബന്ധുക്കള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും സമ്പന്നര്‍ക്കും മാത്രമാണ് ഈ ആശുപത്രിയില്‍ നിന്നും അര്‍ഹമായ ചികിത്സ ലഭിക്കുന്നതെന്നും പാവപ്പെട്ട രോഗികള്‍ പരാതി പറയുകയുണ്ടായെന്നും ശിവന്‍കുട്ടി അറിയിച്ചു.
ആയുര്‍വേദ ചികിത്സക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ഏറ്റവും അത്യാവശ്യമായ കുളിക്കാനുള്ള ചൂടുവെള്ളംപോലും ഇവിടെ ലഭിക്കുന്നില്ല. ഇവിടത്തെ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് കിട്ടുന്ന ഒരേയൊരു ഭക്ഷണമായ കഞ്ഞി എല്ലാ ദിവസവും ബയോഗ്യാസ് പ്ലാന്റില്‍ ഒഴിച്ച് നശിപ്പിക്കുന്നതായി രോഗികള്‍ പരാതിപ്പെട്ടു.
420 കിടക്കകളുള്ള ഈ ആശുപത്രിയില്‍ ആകെയുള്ളത് 21 തെറാപിസ്‌റ്റുകളും 25 നഴ്‌സിംഗ് അസിസ്‌റ്റന്റുമാരും മാത്രമാണ്. ഓരോ നിലയിലും രണ്ടു തീയറ്ററുകളേയുള്ളൂ. ചികിത്സാ വിഭാഗത്തിലുള്ള തെറാപ്പിസ്‌റ്റുകളുടെയും നഴ്‌സിംഗ് അസിസ്‌റ്റന്റുമാരുടെയും എണ്ണം വര്‍ധിപ്പിക്കാതെ ഇവിടുത്തെ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്.
ആശുപത്രി വികസന സമിതിയോഗം പോലും യഥാസമയം നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. നൂറോളം രോഗികള്‍ ഒപ്പിട്ട് തനിക്ക് നല്‍കിയ പരാതിയുടെയും നിരവധി രോഗികള്‍ തന്നോട് നേരിട്ടും ഫോണില്‍ പറഞ്ഞ വസ്‌തുതകളുടെയും അടിസ്‌ഥാനത്തിലാണ് താന്‍ ആശുപത്രി സന്ദര്‍ശിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
from kerala news edited
via IFTTT