Story Dated: Friday, December 12, 2014 01:52
തൃപ്പൂണിത്തുറ: കുപ്രസിദ്ധ ഗുണ്ടാനേതാവ് മോര്‍ച്ചറി ഷമീറിനെ(36)നെ ബൈക്കിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. എരൂര്‍ അറക്കകടവ് പാലത്തിന് താഴെ പുറമ്പോക്കിലുള്ള ഷമീറിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 5.30നായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം ഭാര്യ ഷൈബയോട് ഷമീര്‍ വീട്ടിലുണ്ടോയെന്ന് ചോദിച്ചു. ഷമീര്‍ അകത്തുണ്ടെങ്കിലും ഭാര്യ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഇരുമ്പിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം ഷമീറിനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ഷമീര്‍ കട്ടിലില്‍ രണ്ടുവയസുള്ള മകനോടൊപ്പം ഉറങ്ങുമ്പോഴായിരുന്നു ആക്രമണം.
മകന് പരുക്കേല്‍ക്കാതെ ഷമീര്‍ കുഞ്ഞിന്റെ മീതെ കയറിക്കിടന്നപ്പോള്‍ കഴുത്തിനും തലക്കും പുറത്തും നിരവധി തവണ വെട്ടുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതനുസരിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌ഥലത്തെത്തി പോലീസ് ജീപ്പില്‍ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്ത് മെഡിക്കല്‍ ട്രസ്‌റ്റിലും എത്തിച്ചെങ്കിലും 10.30ഓടെ മരിച്ചു. കഴുത്തിലും തലയിലും ആഴത്തിലുള്ള വെട്ടേറ്റതാണ് മരണകാരണം. രണ്ടുകാലുകളും കൈകളും കൈവിരലുകളും വെട്ടേറ്റ് തൂങ്ങിയനിലയിലായിരുന്നു. ഉമ്മ നബീസക്കും ഭാര്യക്കും മകന്‍ ഇഷ്‌നാസിനുമൊപ്പം പുറമ്പോക്കില്‍ പണിത ഷെഡ്‌ഡിലായിരുന്നു ഷമീര്‍ താമസിച്ചിരുന്നത്.
20 ഓളം കേസുകളാണ് ഷമീറിന്റെ പേരില്‍ എറണാകുളത്തും പരിസരങ്ങളിലുമുള്ള സ്‌റ്റേഷനുകളിലായുള്ളത്. കാപ്പ നിയമപ്രകാരം നാലുമാസം ജയിലില്‍ കഴിഞ്ഞ ഷമീര്‍ പുറത്തിറങ്ങിയിട്ട് ആറുമാസത്തോളമേ ആയിട്ടുള്ളൂ. മൃതദേഹം പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് വെണ്ണല വടക്കനേത്ത് മുസ്ലീം പള്ളിയില്‍ സംസ്‌കരിച്ചു. പ്രതികളെപ്പറ്റി സൂചനകള്‍ ലഭിച്ചതായി അസി. കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബൈജു എം. പൗലോസ് എന്നിവര്‍ അറിയിച്ചു.
from kerala news edited
via IFTTT