121

Powered By Blogger

Thursday, 11 December 2014

വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതിപ്രവാഹം











Story Dated: Friday, December 12, 2014 01:52


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ നടന്ന മെഗാ അദാലത്ത്‌ തൊഴില്‍ സ്‌ഥലത്തും വീടിനുള്ളിലും സ്‌ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍കാഴ്‌ചയായി. ജോലി സ്‌ഥലത്ത്‌ മേലധികാരി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി യുവതിയുടെ പരാതി. രണ്ടു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച്‌ മൂന്നു മക്കളുള്ള സ്‌ത്രീക്കൊപ്പം താമസം ആരംഭിച്ച ഭര്‍ത്താവിനെതിരേ പരാതിയുമായി വീട്ടമ്മ. പഞ്ചായത്ത്‌ ടൗണ്‍ഹാളില്‍ നടത്തിയ അദാലത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.പി.എ.ഷെമീര്‍ ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളിക്ക്‌ സമീപമുള്ള പ്രമുഖ കമ്പനിയുടെ വാഹന ഷോറൂമിലെ ജീവനക്കാരിയാണ്‌ മേലുദ്യോഗസ്‌ഥനെതിരേ പരാതിയുമായി വനിതാ കമ്മിഷനില്‍ എത്തിയത്‌.


ജോലിസ്‌ഥലത്ത്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ വീട്ടിലേക്ക്‌ എന്ന വ്യാജേന കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കമ്പനിയുടെ ജനറല്‍ മാനേജരോട്‌ വിശദീകരണം ആവശ്യപ്പെട്ടതായും അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ പോലീസിന്‌ നിര്‍ദേശം നല്‍കിയതായും വനിതാ കമ്മിഷനംഗം ഡോ. ജെ.പ്രമീളാ ദേവി പറഞ്ഞു. മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച്‌ പോയ സംഭവത്തില്‍ കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവിന്‌ എതിരെയാണ്‌ ഭാര്യ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്‌.


കമ്മിഷന്‍ ആകെ പരിഗണിച്ച 140 കേസുകളില്‍ 90 എണ്ണത്തില്‍ തീര്‍പ്പ്‌ കല്‍പ്പിച്ചു. 22 പരാതികള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ പോലീസിന്‌ കൈമാറി. വിവാഹ മോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എത്തിയ എട്ട്‌ പരാതികള്‍ രമ്യമായി പരിഹരിക്കാന്‍ കുടുംബ കോടതിക്ക്‌ കൈമാറി. പുതുതായി എത്തിയ 20 പരാതികള്‍ ജനുവരിയില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.










from kerala news edited

via IFTTT