Story Dated: Thursday, December 11, 2014 07:24
ന്യൂഡല്‍ഹി: അടിയന്തരാവസ്‌ഥയുടെ പേരില്‍ ഏറെ പഴികേട്ട പ്രധാനമന്ത്രിയാണ് ഇന്ദിരാ ഗാന്ധി. എന്നാല്‍ ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പുകള്‍ അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ പുതിയ പുസ്‌തകമായ 'നാടകീയതയുടെ ദശാബ്‌ദം: ഇന്ദിരാ ഗാന്ധിയുടെ കാലങ്ങള്‍ (ഡ്രമാറ്റിക് ഡെക്കേഡ് ദ ഇന്ദിരാ ഗാന്ധി ഇയേഴ്‌സ്)' എന്ന പുസ്‌തകത്തിലാണ് വെളിപ്പെടുത്തല്‍. 1971-ല്‍ ഇന്ത്യാ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിക്ക് 1975-ല്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള ഭരണഘടനാ വകുപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇന്ദിരാ ഗാന്ധി ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു.
പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന നിര്‍ദ്ദേശ പ്രകാരമാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതെന്ന് പ്രണബ് മുഖര്‍ജി പുസ്‌തകത്തില്‍ വെളിപ്പെടുത്തി. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച ശേഷം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്ത് വന്നു. എന്നാല്‍ അടിയന്തരാവസ്‌ഥയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് ജെ.സി ഷാ അധ്യക്ഷനായ കമ്മീഷന് മുമ്പാകെ ഇവര്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞുവെന്ന് പ്രണബ് മുഖര്‍ജി പുസ്‌തകത്തില്‍ വെളിപ്പെടുത്തുന്നു. ഇവര്‍ അവകാശവാദത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് മാത്രമല്ല അടിയന്തരാവസ്‌ഥയുടെ പാപഭാരം മുഴുവന്‍ ഇന്ദിരാ ഗാന്ധിയുടെ തലയില്‍ കെട്ടിവച്ചെന്നും പുസ്‌തകത്തില്‍ ആരോപിക്കുന്നു. അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയും ഒടുവില്‍ ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറഞ്ഞു.
ബംഗ്ലാദേശിന്റെ മോചനം, ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭം, 1977-ലെ തെരഞ്ഞെടുപ്പ് പരാജയം, 1980-ല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തുടങ്ങിയ സംഭവങ്ങളും പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
from kerala news edited
via IFTTT