Story Dated: Friday, December 12, 2014 01:52
കറുകച്ചാല്‍: നാണ്യവിളകളുടെ വില തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്കു ഇരുട്ടടിയായി ഇടവിള കൃഷികള്‍ക്ക് കുമിള്‍രോഗം പടര്‍ന്നുപിടിക്കുന്നു. തോട്ടമടിസ്‌ഥാനത്തില്‍ കൃഷി ചെയ്‌തിട്ടുള്ള ചീമച്ചേമ്പിനും റോബസ്‌റ്റാ ഇനത്തില്‍പ്പെട്ട വാഴകളുമാണ് കുമിള്‍രോഗം പിടിപെട്ട് നശിക്കുന്നത്.
റോബസ്‌റ്റാ വാഴയുടെ ഇല പഴുത്ത് പിണ്ടി അളിഞ്ഞ് നശിക്കുന്നു. കൊക്കാന്‍ എന്ന രോഗമാണിതെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു. പ്രതിരോധമാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് വാഴ മുഴുവനായും വെട്ടിക്കളയുവാനാണ് ഇവര്‍ നല്‍കുന്ന ഉപദേശം. തമിഴ്‌നാട്ടില്‍നിന്നും ലോഡുകണക്കിനു എത്തുന്ന വാഴക്കന്നുകളാണ് കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. ഇവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല.
നാടന്‍ ഇനത്തില്‍പ്പെട്ട ചേമ്പിന് മുന്‍പ് കണ്ടിട്ടില്ലാത്തതരത്തിലുള്ള കുമിള്‍രോഗം ബാധിച്ച് ഇലയും തണ്ടും പഴുത്തുപോകുന്നു. ബൈറ്റ് എന്ന രോഗബാധയാണിതെന്നാണ് കൃഷിഭവന്‍ അധികൃതര്‍ പറയുന്നത്. ചേമ്പ് വിളവെടുക്കാന്‍ ഇനിയും രണ്ടുമാസംകൂടി വേണം. വിത്ത് വലിപ്പപ്പെടുന്ന സമയത്താണ് കൃഷി നശിക്കുന്നത്. ചെമ്പിനു മാര്‍ക്കറ്റില്‍ അറുപത് രൂപവരെയാണ് വില. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷി നശിക്കുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടത്തിനു ഇടയാക്കും. ഇഞ്ചിക്കും കുമിള്‍രോഗം ബാധിച്ചിട്ടുള്ളതായി കറുകച്ചാല്‍മേഖലയിലെ കര്‍ഷകര്‍ പറയുന്നു. കൃഷി ശാസ്‌ത്രജ്‌ഞരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. വ്യാപകമായി കൃഷി നശിച്ചവര്‍ക്ക് ധനസഹായവും ഗുണമേന്മയുള്ള വിത്തും ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT