Story Dated: Saturday, January 10, 2015 05:56
തൊടുപുഴ: അന്യസംസ്‌ഥാന മോഷ്‌ടാക്കളായ സ്‌ത്രീകള്‍ നഗരത്തില്‍ വിലസുന്നു. ഇന്നലെ രാവിലെ ഒന്‍പതിന് മൂലമറ്റത്ത് നിന്ന് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ ഇവര്‍ ബസിലിരുന്ന പെണ്‍കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. സെന്റ് മേരീസ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെണ്‍കുട്ടി ബസിലിരുന്ന് ബഹളം വച്ചതോടെ ഇവര്‍ കടന്നു കളയുകയായിരുന്നു. ഇതിനിടയില്‍ തന്നെ സമീപത്തിരുന്ന സ്‌ത്രീയുടെ പഴ്‌സ് മോഷ്‌ടിച്ച് ബാഗിനുള്ളിലാക്കുകയും ചെയ്‌ത ഇവരെ യാത്രക്കാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുകയാണ് ചെയ്‌തത്. ഇത്തരം സംഘങ്ങള്‍ നഗരത്തില്‍ സജീവമായി രംഗത്തുണ്ട്.
കുട്ടികളെയും കൊണ്ട് ബസില്‍ കയറുന്നവരും ഗര്‍ഭിണികളായി വേഷം കെട്ടി നടക്കുന്നവരുമാണ് ബസിലും ബസ്‌സ്‌റ്റാന്‍ഡിലും തിരക്കുള്ള കടകളിലും ആശുപത്രിയിലുമൊക്കെ മോഷണം നടത്തി കടന്നുകളയുന്നത്. യാത്രക്കിടയില്‍ പഴ്‌സും ബാഗും ആഭരണങ്ങളും നഷ്‌ടപ്പെട്ടവര്‍ നിരവധിയാണ്. പല കേസുകളിലും പ്രതികളെ പിടികുടാന്‍ പോലീസിനായിട്ടില്ല. മോഷ്‌ടാക്കളില്‍ പലരും ഒരേ സ്‌ഥലത്ത് തന്നെ നില്‍ക്കാറില്ലാത്തതാണ് ഇവരെ പിടികൂടുന്നതിന് പോലീസിന് തടസമാകുന്നത്. സംഘമായി ചേര്‍ന്ന് കൃത്യമായ പദ്ധതിയോടെയാണ് ഇവര്‍ മോഷണം നടത്തുന്നത്.
ഒരാള്‍ മോഷ്‌ടിക്കുന്ന വസ്‌തുക്കള്‍ കൂടെയുള്ളയാള്‍ക്ക് പെട്ടന്ന് തന്നെ കൈമാറാനും, വേഷപ്രച്‌ഛന്നരാവാനും യാത്രക്കാരുമായി സൗഹൃദം സ്‌ഥാപിക്കാനുമൊക്കെ ഇവര്‍ക്ക് സാധിക്കും. ആളൊഴിഞ്ഞ വീടുകളിലും മറ്റുമെത്തി കൈയില്‍ കിട്ടുന്ന സാധനങ്ങളുമായി കടന്നുകളയുന്നവരുമുണ്ട്. അടുത്തിടെ കടകളില്‍ നിന്നും സ്‌ത്രീകളുടെ സംഘമെത്തി മോഷണം നടത്തുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല.
from kerala news edited
via IFTTT