Story Dated: Friday, January 9, 2015 01:58
കറാച്ചി: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പാകിസ്‌ഥാന്‍ ഓഫ് സ്‌പിന്നര്‍ സയീദ് അജ്‌മലിന്റെ ക്രിക്കറ്റ് അക്കാദമി അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്. ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന അജ്‌മല്‍ സ്വന്തം നാടായ ഫൈസലാബാദില്‍ നടത്തിവന്ന അക്കാദമിയാണ് താല്‍ക്കാലികമായി അടച്ചത്.
തീവ്രവാദ ഭീഷണിയുടെ വിവരം അജ്‌മല്‍ ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറെയും ക്രിക്കറ്റ് അക്കാദമിക്കായി അദ്ദേഹത്തിന് സ്‌ഥലം അനുവദിച്ച ഫൈസലാബാദ് അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെയും അറിയിച്ചിട്ടുണ്ട്. അക്കാദമി ആക്രമിക്കപ്പെടുമെന്ന ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടാന്‍ പഞ്ചാബ് ഗവണ്‍മെന്റ് സയീദ് അജ്‌മലിനെ ഉപദേശിക്കുകയായിരുന്നു.
ബുധനാഴ്‌ച പ്രഖ്യാപിച്ച പാകിസ്‌ഥാന്റെ 15 അംഗ ലോകകപ്പ് ടീമില്‍ നിന്നും ബൗളിംഗ് ആക്ഷന്‍ സംശയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അജ്‌മലിനെ പാകിസ്‌ഥാന്‍ ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ ദൂസ്രയാണ് സംശയിക്കപ്പെടുന്നത്. അതേസമയം ശരിയായ സുരക്ഷാസംവിധാനം ഒരുക്കുന്നത് വരെയാണ് ഈ അടച്ചിടല്‍. പെണ്‍കുട്ടികളും വികലാംഗരും അടക്കം 198 പേര്‍ അജ്‌മലിന്റെ അക്കാദമിയില്‍ പതിവായി ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്. മറ്റ് 80 പേര്‍ കൂടി പരിശീലനത്തിന് വരുന്നുണ്ട്.
from kerala news edited
via IFTTT