മാര്‍ച്ച് 24 മുതല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചിടലില്‍നിന്ന് രാജ്യം അണ്‍ ലോക് ചെയ്തു തുടങ്ങുന്നു. നാല് ഘട്ടങ്ങളായി അടച്ചിടല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഘട്ടഘട്ടമായി തുറക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ പുറത്തിറക്കിയത്. ജൂണ്‍ എട്ടുമുതലാണ് ഇന്ത്യയുടെ തുറക്കല്‍ ഘട്ടം ആരംഭിക്കുന്നത്. നിയന്ത്രണങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളിലേക്ക്- തീവ്ര ബാധിത മേഖലകളിലേക്ക് മാത്രമായി ചുരുക്കി കൊണ്ടാണ് രാജ്യത്തെ അണ്‍ ലോക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷത്തിലെ ഏകദേശം അഞ്ചിലൊന്ന് ദിവസങ്ങൾ അടച്ചിട്ടതിന് ശേഷമാണ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സര്‍ക്കാര്‍ നടത്തിയ നിയന്ത്രമണങ്ങളെ ലോക്ഡൗണ്‍ ഒന്നുമുതല്‍ നാല് ഘട്ടവരെയെന്ന രീതീയിലാണ് വിശേഷിപ്പിച്ചത്. ആ ഘട്ടങ്ങള്‍ കഴിഞ്ഞാണ് ജൂണ്‍ എട്ടിന് അണ്‍ലോകിന്റെ ആദ്യഘട്ടം തുടങ്ങുന്നത്.
അദ്യഘട്ടത്തില്‍ തന്നെ വലിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹോട്ടലുകളും മാളുകളും ആരാധാനലയങ്ങളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ അന്തര്‍സംസ്ഥാന വാഹന ഗതാഗതവും തടസ്സം കൂടാതെ അനുവദിക്കും. വിശദമായ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കും. കേന്ദ്രം അനുവദിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ടാകും. അണ്‍ ലോക്കിന്റെ ഒന്നാം ഘട്ടത്തില്‍ രാത്രി കര്‍ഫ്യൂ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും.
അണ്‍ലോക് ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അതിന് മുമ്പ് ബന്ധപ്പെട്ടവരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. സാമുഹിക അകലമുള്‍പ്പെടെ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉടന്‍ വരും.
ഒന്നും രണ്ടും ഘട്ടം വിലയിരുത്തിയതിന് ശേഷമാകും മൂന്നാം ഘട്ടം നടപ്പിലാക്കുക. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതും, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതും മെട്രോ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിന് പുറമെ ബാറുകള്‍, ഓഡിറ്റോറിയങ്ങല്‍, സാംസ്‌ക്കാരിക, രാഷ്ട്രീയ, വിനോദ പരിപാടികള്‍ നടത്തുന്നതിനുള്ള അനുമതിയും ഈ ഘട്ടത്തില്‍ നല്‍കും. ഇത് പക്ഷെ ആ സമയത്തെ സാഹചര്യത്തിനന് അനുസരിച്ചായിരിക്കും. വൃദ്ധര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണം.
ഹോട്ട്‌സോപോട്ടുകള്‍ നിര്‍ണയിക്കുന്നത് ജില്ലാ അധികാരികള്‍ക്കായിരിക്കും. അവിടെ മാത്രമാണ് ലോക്ഡൗണ്‍ തുടരുക.
ലോക്ഡൌൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ സൂചിപ്പിക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
* This article was originally published here