121

Powered By Blogger

Friday, 4 June 2021

ചെറുകിട-ഇടത്തരം ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കും

വേദനകളും പീഡകളും മരണവും കഠിനമായ സാമ്പത്തിക ക്ളേശങ്ങളും കൊണ്ടുവന്ന കോവിഡ് 19നിടയിലും ഓഹരി വിപണികൾ ആഗോള തലത്തിൽതന്നെ അത്ഭുതപ്പെടുത്തുന്ന സ്ഥിരത നിലനിർത്തി. വികസിത/വികസ്വര രാജ്യങ്ങൾ ഉൾപ്പടെ 49 രാജ്യങ്ങളിൽ നിന്നായി 3000 ഓഹരികൾ ഉൾപ്പെടുത്തിയിട്ടുള്ള ലോകസൂചിക 6 മാസമായി അതിശയകരമാംവിധം സ്ഥിരമായിരുന്നു. 2020 നവംബർ മുതൽ സൂചികയിൽ 5 ശതമാനമെങ്കിലും തിരുത്തൽ ഉണ്ടായ ഒരു സന്ദർഭം പോലും ഉണ്ടായില്ല. ലോക വിപണികളിലെ കുതിപ്പിൽ എടുത്തുപറയാനുള്ള പ്രത്യേകത മഹാമാരിയുടെ രണ്ടാം തരംഗംപോലും വിപണികളെ ബാധിച്ചില്ല എന്നതാണ്. യുഎസിലും യൂറോപ്പിലും രണ്ടാം തരംഗം ആഞ്ഞടിച്ച് സാഹചര്യം മോശമായപ്പോൾ വിപണികളിലെ കുതിപ്പു തുടരുകയായിരുന്നു. രണ്ടാം തരംഗത്തിലും വിപണിയുടെ കുതിപ്പു നിലനിർത്തിയത് താഴ്ന്ന പലിശ നിരക്കും, മറ്റു നിക്ഷേപ സാധ്യതകളുടെ അഭാവവും, ചെറുകിടക്കാരുടെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പങ്കാളിത്തവും 2021ൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും തുടരുന്നത്. വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിലെ എടുത്തുപറയേണ്ട ഘടകം വിശാല വിപണിയുടെ മികച്ചപ്രകടനമാണ്. ഈ വർഷം ഇതേവരെ നിഫ്റ്റി 10 ശതമാനത്തോളം ഉയർന്നു നിൽക്കുമ്പോൾ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 23 ശതമാനവും 30 ശതമാനവും നേട്ടത്തിലാണ്. എന്താണ് വിശാല വിപണിയുടെ ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം ? ഈ കുതിപ്പു നിലനിൽക്കുമോ ? വിപണി ഇപ്പോഴത്തേതുപോലെ നിഫ്റ്റി 14500-15400 ഇടയിൽ നിൽക്കുമ്പോൾ, ഈ പരിധിക്കുപുറത്തു വലിയതോതിൽ ഉയർച്ചയോ താഴ്ചയോ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വിശാലവിപണിയിലെ ഓഹരികൾക്കു പിന്നാലെയാവും നിക്ഷേപകർ. ചെറുകിട, ഇടത്തരം ഓഹരികൾക്ക് വിലകൾ കുറവായിരിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം നൽകുകയും ചെയ്യുമ്പോൾ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം വിശാല വിപണി ഇപ്പോൾ അവസരങ്ങൾ നൽകുന്ന ഇടമായിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തെ മോശം പ്രകടനത്തിന് പകരമായാണ് ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇടത്തരം, ചെറുകിട ഓഹരികളുടെ 2018 ലെ ദയനീയ പ്രകടനവും 2020 മാർച്ചിലെ അനുപാതത്തിൽ കവിഞ്ഞ തകർച്ചയും നിക്ഷേപകരെ വിശാല വിപണിയിൽ നിന്നകറ്റി. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികളുടെ അടുത്ത കാലത്തെ മികച്ച പ്രകടനം നിക്ഷേപകരെ ഇവയിലേക്കു തിരിച്ചുകൊണ്ടു വരികയാണ്. സമകാലിക വിപണിയിലെ കുതിപ്പിന്റെ ഒരു പ്രത്യേകത ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തമാണ്. സ്ഫോടനാത്മകമായ വേഗതയിലാണ് പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയ 14.2 ദശലക്ഷം അക്കൗണ്ടുകൾ തുറക്കപ്പെട്ടു. ചെറുകിട നിക്ഷേപകർ, പ്രത്യേകിച്ച് തുടക്കക്കാർ വൻകിട ഓഹരികളേക്കാൾ ഇടത്തരം ചെറുകിട ഓഹരികളാണിഷ്ടപ്പെടുന്നത്. ഇവയുടെ കുതിപ്പിന് ഇന്ധനം പകരുന്ന പ്രധാന ഘടകം ഇതാണ്. വിശാല വിപണിയിൽ മികച്ച പ്രകടനത്തിന് ഇടത്തരം ഓഹരികൾക്കു കെൽപുണ്ട്. നല്ല ലാഭവും മികച്ച സാധ്യതകളുമുള്ള അനേകം ഐടി, ഫാർമ, ധനകാര്യ കമ്പനികൾ ഈ വിഭാഗത്തിലുണ്ട്. ചെറുകിട ഓഹരി സൂചികയാവട്ടെ, വൈവിധ്യമാർന്ന വിവിധ മേഖലകളിലേക്കു വ്യാപിച്ചു കിടക്കുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ തിരിച്ചടികൾ വിപണി മറികടന്നു കഴിഞ്ഞു. വരും പാദങ്ങളിലെ പ്രകടനങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്ക് ഏതാണ്ട് 9 ശതമാനമായിരിക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. രണ്ടാം തരംഗത്തിനു മുമ്പു കണക്കാക്കിയിരുന്ന 11 ശതമാനത്തേക്കാൾ 2 ശതമാനം താഴെയാണിത്. ഉയർന്ന സാമ്പത്തിക വളർച്ചയുടേയും കമ്പനികളുടെ വരുമാനനേട്ടങ്ങളുടേയും ശക്തമായ അടിയൊഴുക്കുകൾ നിലനിൽക്കുന്നുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമാണിതിനു തടസംസൃഷ്ടിക്കുന്നത്. അതിനാൽ രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒന്നാംപാദത്തിൽ മാത്രം ഒതുങ്ങി നിന്നാൽ വരുംപാദങ്ങളിൽ ശക്തമായ തിരിച്ചുവരവു പ്രതീക്ഷിക്കാം. രണ്ടാം തരംഗത്തിന്റെ കർവ് താഴോട്ടു വരാൻ തുടങ്ങുകയും കുത്തിവെപ്പ് വ്യാപകമാവുകയും ചെയ്യുന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചു വരും. 2021-24 കാലയളവിൽ ശരാശരി 17 ശതമാനത്തോളം കമ്പനികൾക്ക് വാർഷിക ലാഭം കൈവരിക്കാനാവും. ഈ കാലയളവിൽ ക്രമാതീതമായ വളർച്ച കൈവരിക്കാൻ ഇടത്തരം, ചെറുകിട കമ്പനികൾക്കുകഴിയും. കാരണം സാമ്പത്തിക കുതിപ്പിന്റെ ഘട്ടത്തിൽ അവ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് എന്നതാണ് അനുഭവം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്ാണ് ലേഖകൻ)

from money rss https://bit.ly/2T08WKW
via IFTTT