121

Powered By Blogger

Monday, 20 January 2020

പാഠം 57: പെന്‍ഷന്‍ പറ്റിയാല്‍ 3.20കോടി രൂപ ലഭിക്കാന്‍ എത്ര നിക്ഷേപിക്കണം?

നേരത്തെ റിട്ടയർ ചെയത് ശിഷ്ടകാലം ജോലിയുടെ സംഘർഷങ്ങളൊന്നുമില്ലാതെ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള വഴികളറിയേണ്ടത് നൂറുകണക്കിനുപേർക്കാണ്. ചിട്ടയോടെ നിക്ഷേപിച്ചാൽ നിങ്ങൾക്കും മുന്നോ നാലോ കോടി രൂപ പെൻഷൻകാല ജീവിതത്തിനായി അനായാസം കണ്ടെത്താവുന്നതേയുള്ളൂ. കോടികളുടെ തുകകണ്ട് നടക്കാത്ത സ്വപ്നമെന്ന് വിമർശിക്കുംമുമ്പ് നിക്ഷേപ കണക്കുകൾ പരിശോധിക്കുക. 22 വയസ്സുകാരന്റെ അന്വേഷണംതന്നെ ഇവിടെ ഉദാഹരിക്കാം. 45 വയസ്സിൽ വിരമിക്കാനാണ് ദുബായിയിൽ ജോലി ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. ചെറിയ പ്രായത്തിൽതന്നെ ജോലികിട്ടിയ ഇദ്ദേഹത്തിന് വൈകാതെ നാട്ടിൽ സ്ഥിരതാമസമാക്കാനാണ് താൽപര്യം. അതിനിടെയാണ് പാഠം 56 കാണാനിടയായത്. ജീവിതായുസ്സ് 65 വയസ്സുവരെ ജീവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ നമ്മുടെ ശരാശരി ആയുസ് അതിലുമേറെയാണ്. 2019ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ പ്രകാരം 68.7 വയസ്സാണ് ശരാശരി ആയൂർദൈർഘ്യം. പുരുഷന്മാരുടേത് 67.4 വയസ്സും സ്ത്രീകളുടേത് 70.2 വയസ്സുമാണ്. കേരളത്തിലെ ശരാശരി ഇതിലും എത്രയോ കൂടുതലാണ്. വ്യക്തികളുടെ ആയുർദൈർഘ്യമെടുത്താൽ 80-85 വയസ്സെങ്കിലും കണക്കാക്കേണ്ടിവരും. അതുപ്രകാരമാകണം നിക്ഷേപം നടത്താൻ. ജപ്പാനിലാണ്(2018ലെ കണക്കുപ്രകാരം)ജീവിതായുസ്സ് ഏറ്റവും കൂടുതലുള്ളത് 83.7 വയസ്സ്. സ്വിറ്റ്സർലാൻഡിൽ 83.3ഉം സിംഗപുരിൽ 83.3ഉം ഇറ്റലിയിൽ 82.3ഉം ആണ് ജീവിതായുസ്സ്. ലോകത്തെ 30 രാജ്യങ്ങളിൽ 80നുമുകളിലാണ് ആയുസ്സുള്ളത്. യുഎസിലാകട്ടെ ശരാശരി ആയുസ്സ് 78.7 വർഷമാണ്. സിഇഒ വേൾഡ് മാഗസിനാണ് ലോകരാജ്യങ്ങളിളെ ജീവിതരീതി വിലയിരുത്തി ഇക്കാര്യം നിശ്ചയിച്ചത്. 2030 ആകുമ്പോൾ ലോകരാജ്യങ്ങളിലെ ശരാശരി ആയുസ്സ് 3.6 വർഷംവരെ വർധിക്കുമെന്നും പറയുന്നു. നിലവിൽ 20,000 രൂപയാണ് അദ്ദേഹം ജീവിതചെലവായി കണക്കാക്കിയിട്ടുള്ളത്. 45 വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കുകയാണെങ്കിൽ നീണ്ട 23 വർഷം മുന്നിലുണ്ട്. 23 വർഷംകഴിഞ്ഞ് 45 വയസ്സിലെത്തുമ്പോൾ നിലവിൽ 20,000 രൂപ ജീവിതചെലവുള്ള ഒരാൾക്ക് പ്രതിമാസം ജീവിക്കാൻ 76,395 രൂപയെങ്കിലും വേണ്ടിവരും. ശരാശരി ആറ് ശതമാനം പണപ്പെരുപ്പനിരക്കുകൂടി കണക്കിലെടുക്കുമ്പോഴാണത്. ഇതുപ്രകാരം 9,16,740 രൂപയാണ് അന്ന് ഒരുവർഷം ജീവിക്കാൻ വേണ്ടിവരിക. ജോലിയിൽനിന്ന് വിരമിച്ചശേഷം മുന്നിലുള്ളത് 80വയസ്സുപ്രകാരം35 വർഷത്തെ ജീവിതമാണ്. അത്രയുംകാലം ജീവിക്കണമെങ്കിൽ 3,20,85,900 രൂപവേണ്ടിവരും. അതായത് 3.20 കോടി രൂപ. ഇത്രയുംതുക 23 വർഷം കഴിഞ്ഞ് ലഭിക്കണമെങ്കിൽ നിങ്ങൾ ഇപ്പോൾമുതൽ പ്രതിമാസം 21,750 രൂപ വീതം നിക്ഷേപിക്കണം. 12 ശതമാനം വാർഷികാദായം ലഭിക്കുന്ന നിക്ഷേപ പദ്ധതിയിലാണെങ്കിലാണിത്(നിക്ഷേപ പദ്ധതികൾ പിന്നീട് വിശദമാക്കുന്നതാണ്) ഇത്രയും കാലംകൊണ്ട് നിങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാകുക 60 ലക്ഷം രൂപമാത്രമാണ്. 2.6 കോടി രൂപമൂലധനനേട്ടമടക്കം മൊത്തം 3,20,38,996 രൂപ ലഭിക്കും.കൂട്ടുപലിശയുടെ ഗുണംലഭിക്കുന്നതിനാലാണ് ദീർഘകാലംകൊണ്ട് ഇത്രയും മൂലധനനേട്ടമുണ്ടാകുന്നത്. ഒറ്റത്തവണയായാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 23.65 ലക്ഷംരൂപയാകും നിക്ഷേപിക്കേണ്ടിവരിക. എന്തിനാണ് ഇത്രയും തുക? എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. നിലവിലെ അദ്ദേഹത്തിന്റെ ഒറ്റയ്ക്കുള്ള ജീവിത ചെലവായ 20,000 രൂപമാത്രം കണക്കാക്കിയാണ് ഈ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 20 കളിലുള്ള നിങ്ങളുടെ ജീവിത ചെലവല്ല 30 കളിലുണ്ടാകുക. 40കളിലും ഇതിൽനിന്ന് വ്യത്യസ്തമല്ല. കുടുംബവും കുട്ടികളുമാകുമ്പോൾ അത് എത്രയോകൂടുമെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ നിക്ഷേപിക്കേണ്ട മിനിമംതുകയാണ് മുകളിൽ വ്യക്തമാക്കിയത്. പെൻഷൻപറ്റിയതിനുശേഷമുള്ള പണപ്പെരുപ്പം ഇതിൽ പ്രധാനപ്പെട്ടതാണ്. ശരാശരി പണപ്പെരുപ്പം ആറുശതമാനത്തിൽ നിലനിർത്തുമ്പോൾതന്നെ ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ പണപ്പെരുപ്പം അതിലും എത്രയോ മുകളിലാണ് എന്ന വസ്തുത അവഗണിക്കാനാവില്ല. പെൻഷൻകാല ജീവിതത്തിനായി സമാഹരിച്ചതുക മികച്ച രീതിയിൽ നിക്ഷേപിച്ചാൽ ഈ അധികചെലവിനെ മറികടക്കാം. ഇടയ്ക്കൊക്കെ യാത്രചെയ്യാനും ജീവിതം അടിച്ചപൊളിക്കാനുമുള്ള വരുമാനം അതിൽനിന്ന് ലഭിക്കും. ആരോഗ്യപരിരക്ഷയ്ക്കും ഇതിൽനിന്ന് വരുമാനം കണ്ടെത്താം. 60-ാംവയസ്സിൽ വിരമിക്കുകയാണെങ്കിൽ നേരത്തെ വിരമിക്കേണ്ട, 60വയസ്സിൽമതി എന്നുണ്ടെങ്കിൽ നിങ്ങൾ പ്രതിമാസം 4,700 രൂപവീതം നിക്ഷേപിച്ചാൽമതി. നിലവിലെ ജീവിത ചെലവായ 20,000 രൂപ 38 വർഷം കഴിയുമ്പോൾ (ആറുശതമാനം പണപ്പെരുപ്പ് നിരക്ക്കൂടി ചേർത്താൽ) പ്രിതമാസം 1,83,085 രൂപയായി ഉയരും. അതുപ്രകാരം 60വയസ്സാകുമ്പോൾ ഒരുവർഷം ജീവിക്കാൻ 21.97 ലക്ഷം വേണ്ടിവരും. ഇതുപ്രകാരം 80 വയസ്സുവരെ ജീവിക്കാൻ 4.39 കോടി രൂപയാണ് വേണ്ടിവരിക. കൃത്യമായി പറഞ്ഞാൽ 4,39,40420 രൂപ. ഇത്രയുംതുക സമാഹരിക്കാൻ ഇപ്പോൾ മുതൽ പ്രതിമാസം നിങ്ങൾ 4,700 രൂപ നിക്ഷേപിച്ചാൽ മതിയാകും! നിങ്ങൾ ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക 21.4 ലക്ഷം രൂപമാത്രമാണ്. 4.2 കോടി രൂപയാണ് മൂലധനനേട്ടം. നേരത്തെ നിക്ഷേപിച്ചാൽ വരുമാനം ലഭിച്ചുതുടങ്ങിയാൽ അപ്പോൾതന്നെ റിട്ടയർമെന്റ് ജീവിതത്തിനുള്ള നിക്ഷേപം തുടങ്ങണം. എത്രയും നേരത്തെതുടങ്ങിയാൽ പ്രതിമാസ നിക്ഷേപതുക അത്രയും കുറച്ചുമതി.ദീർഘകാല നിക്ഷേപത്തിന് ലഭിക്കുന്ന കൂട്ടുപലിശയുടെ ഗുണമാണ് ഇതിനുപിന്നിൽ. അതുകൊണ്ടാണ് നിക്ഷേപം എത്രയും നേരത്തെ തുടങ്ങണമെന്ന് പറയുന്നത്. feedbacks to: antonycdavis@gmail.com 30,35,40,വയസ്സുകളിലാണ്നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ എത്രയാണ് നിക്ഷേപിക്കേണ്ടിവരിക?. അതേക്കുറിച്ചാകട്ടെ അടുത്തപാഠത്തിൽ.

from money rss http://bit.ly/30E0lNO
via IFTTT