Story Dated: Friday, March 20, 2015 04:02
തിരുവനന്തപുരം : പാമ്പുകളുടെ തോഴനായ വാവ സുരേഷ് പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ചില മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ വ്യക്‌തിഹത്യയില്‍ മനം നൊന്താണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നാണ് സൂചന. നേരത്തെ ഏറ്റുപോയ ചില പരിപാടികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ രംഗത്തുനിന്നും വിടവാങ്ങാനാണ് വാവ സുരേഷിന്റെ തീരുമാനം.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലാണ് വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താനുള്ള നിര്‍ണ്ണായക തീരുമാനത്തില്‍ എത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ ബാലരാമപുരം ഹൗസിങ് കോളനിയുടെ ഭാഗത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടുവെന്ന വിവരം അറിഞ്ഞ് വാവ സുരേഷ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്‌തു. പിടികൂടിയ മൂര്‍ഖനെ ചാക്കിലാക്കിക്കൊണ്ടിരിക്കേ ഒരു രാജവെമ്പാലയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുളത്തൂപ്പുഴ ഫോറസ്‌റ്റ് ഓഫീസില്‍ നിന്നും വിളിവന്നു.
കുളത്തൂപ്പുഴയിലേയ്‌ക്ക് പോകാനിറങ്ങവേ ചില പ്രദേശിക മാധ്യമങ്ങളുടെ ലേഖകന്മാര്‍ അവിടെ എത്തുകയും പിടികൂടിയ മൂര്‍ഖനെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, ഫോറസ്‌റ്റ് ഓഫീസില്‍ നിന്നും വിളിച്ചതിനെ തുടര്‍ന്ന് താന്‍ കുളത്തൂപ്പുഴയിലേയ്‌ക്ക് പോകുകയാണെന്നും ചാക്കിലാക്കിയ പാമ്പിനെ പുറത്തെടുത്താല്‍ കുളത്തൂപ്പുഴയിലെത്താന്‍ വൈകുമെന്നും അറിയിച്ച് അവിടെ നിന്നും യാത്രതിരിച്ചു. തുടര്‍ന്ന് കുളത്തൂപ്പുഴയിലെത്തി രാജവെമ്പാലയെ പിടികൂടുകയും അതിനെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.
അടുത്ത ദിവസം ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനില്‍ വാവ സുരേഷിനെതിരെ വാര്‍ത്തകള്‍ പ്രചരിച്ചു. വാവ സുരേഷ് പാമ്പിനെ പ്രദര്‍ശിപ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും പാമ്പിന്‍ വിഷം എടുക്കാനാണ് ഇതെന്നും ആയിരുന്നു വാര്‍ത്തകള്‍. ആരോപണം തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചുവെന്നും പാമ്പുപിടുത്തത്തില്‍ നിന്നും പിന്മാറുകയാണെന്നും വാവ സുരേഷ് വ്യക്‌തമാക്കിയതായാണ് റിപ്പോര്‍ട്ട്.
from kerala news edited
via IFTTT