Story Dated: Friday, March 20, 2015 04:27
കോട്ടയം: കുട്ടികളില്‍ ശാസ്‌ത്രാഭിരുചി വളര്‍ത്തുന്നതിനു സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാലശാസ്‌ത്ര കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്‌ത അനുഭവമായി. ജില്ലയില്‍നിന്നു തെരഞ്ഞെടുത്ത 11 വിദ്യാലയങ്ങളിലെ യു.പി വിദ്യാര്‍ഥികളാണു ബാലശാസ്‌ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തത്.
മണല്‍ വാരലിന്റെ ദൂഷ്യവശങ്ങള്‍, പരിസര മലിനീകരണം തുടങ്ങിയവയെക്കുറിച്ച് ശാസ്‌ത്രകുതുകികളായ കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണു പ്രബന്ധാവതരണം നടത്തിയത്. കുട്ടികള്‍ തയ്യാറാക്കിയ മിനി ലാബും പരീക്ഷണമാതൃകകളും ചാര്‍ട്ടുകളും വിഷയാവതരണത്തിന് ഉപയോഗിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ്., ചെങ്ങളം സെന്റ് ആന്റണീസ് എച്ച്.എസ്.എസ്., പഴയിടം സെന്റ് മൈക്കിള്‍സ് യു.പി.എസ്. എന്നിവ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി.
പതിനൊന്നു ടീമുകളിലായി 44 പേരാണു ബാലശാസ്‌ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്. പ്രബന്ധാവതരണത്തിന് 10 മിനിറ്റും വാചാപരീക്ഷയ്‌ക്കു മൂന്നു മിനിറ്റുമാണു നല്‍കിയിരുന്നത്. അടുക്കത്തോട്ടവും ഭക്ഷ്യസുരക്ഷയും കേരളത്തിന്റെ പശ്‌ചാത്തലത്തില്‍, ഇന്ധനങ്ങളുടെ അമിത ഉപയോഗം, ഭക്ഷണവും ആരോഗ്യവും, മലിനമാകുന്ന ഭൂമി, നിത്യജീവിതത്തിലെ രസതന്ത്രം എന്നീ വിഷയങ്ങളെ ആസ്‌പദമാക്കിയാണു പ്രബന്ധങ്ങള്‍ തയ്യാറാക്കിയത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലശാസ്‌ത്രകോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി അംഗം എന്‍.ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്‌ട് ഓഫീസര്‍ പ്രസന്ന ദാസ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തകരായ സുനില്‍ദേവ്, വര്‍ഗീസ് മാത്യൂസ്, രാജന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT