121

Powered By Blogger

Saturday, 21 March 2015

പന്ത്രണ്ട്‌ മണിക്കൂര്‍ തൃത്താലയെ ഭീതിയിലാക്കിയ പുള്ളിപുലിയെ മയക്കു വെടിവെച്ച്‌ പിടികൂടി











Story Dated: Saturday, March 21, 2015 03:24


mangalam malayalam online newspaper

ആനക്കര: പന്ത്രണ്ട്‌ മണിക്കൂര്‍ നേരം ഒരു നാടിനെ മുഴുന്‍ ഭീതിയിലാക്കിയ പുളളിപ്പുലിയെ ഒടുവില്‍ ഫോറസ്‌റ്റ്‌ അധികൃതര്‍ മയക്കു വെടിവെച്ച്‌ പിടികൂടി. പാലക്കാട്‌ ജില്ലയിലെ തൃത്താല ആട്‌ വളവിന്‌ സമീപം പൗരത്തൊടി സിദ്ദീഖിന്റെ വാഴത്തോട്ടത്തിലാണ്‌ വെളളിയാഴ്‌ച്ച രാവിലെ ആറ്‌ മണിയോടെ പുള്ളിപുലിയെ കണ്ടതായി വാര്‍ത്ത പരന്നത്‌. രാവിലെ കടയിലേക്ക്‌ പോകുകയായിരുന്ന സ്‌ത്രീയാണ്‌ പുലി ഓടിപോയ വിവരം നാട്ടുകാരെയും മറ്റും അറിയിച്ചത്‌.

പുലിയെ കണ്ടതായുളള വാര്‍ത്ത പരന്നതോടെ ആയിരങ്ങളാണ്‌ ഇവിടേക്ക്‌ ഒഴുകി എത്തിയത്‌. സംഭവം അറിഞ്ഞതോടെ വന്‍ പോലീസ്‌ സംഘവും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തു. ഇതോടെ പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‌ നാട്ടുകാരെ നിയന്ത്രിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. നാട്ടുകാരുടെയും മറ്റും ശല്ല്യമുണ്ടായാല്‍ പുലി സ്‌ഥലത്ത്‌ നിന്ന്‌ ഓടുമെന്ന ഭീതിയിലായിരുന്നു പോലീസ്‌. സംഭവ സ്‌ഥലത്ത്‌ കണ്ടത്‌ പുലിയാണന്ന്‌ ഫോറസ്‌റ്റ്‌ അധികൃതര്‍ കൂടി സ്‌ഥിരീകരിച്ചതോടെ നാട്ടൂകാരെ നിയന്ത്രിക്കാന്‍ വടംകെട്ടി പോലീസ്‌ വലയം തീര്‍ത്തു. തുടര്‍ന്ന്‌ തോക്കുമായി പോലീസുകരെയും വരുത്തിച്ചു.

ഉച്ചവരെ മയക്ക്‌ വെടിവെയ്‌ക്കാന്‍ മലപ്പുറംജില്ലയിലെ നിലമ്പൂരില്‍ നിന്നും വയനാട്‌ നിന്നും മയക്കു വെടി വിദഗ്‌ധര്‍ എത്തുമെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ ഉച്ചകഴിഞ്ഞിട്ടും ആരും എത്താത്തതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം പ്രിന്‍സിപ്പള്‍ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഹരികുമാറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്‌ തേക്കടിയില്‍ നിന്ന്‌ മയക്കുവെടി വിദഗ്‌ധരുടെ സംഘത്തെ അയക്കാന്‍ നടപടിയായത്‌. ഇവര്‍ തേക്കടിയില്‍ നിന്നും അഞ്ചര മണിയോടെ എത്തിയതോടെയാണ്‌ നാട്ടുകാരുടെയും പോലീസിന്റെയും ശ്വാസം നേരെ വീണത്‌. മയക്ക്‌ വെടി വിദഗ്‌ധനായ അരുണ്‍സക്കറിയുടെ നേതൃത്വത്തിലുളള സംഘം ആദ്യം പുലികിടക്കുന്നതിന്‌ മീറ്ററുകള്‍ അകലെ എത്തി വല വെച്ചശേഷമാണ്‌ മയക്കു വെടി വെച്ചത്‌. വെടിയേറ്റ പുലി 15 മിനിറ്റിനുശേഷം മയങ്ങിയതോടെ വലയിലാക്കുകയായിരുന്നു. പുലി വലയിലായതോടെ കണ്ടു നിന്ന ജനകൂട്ടം ഇവരെ വളഞ്ഞു. പുലിയെ വഹിച്ച്‌ ഇവര്‍ റോഡിലേക്ക്‌ പോലീസിന്റെ സഹായത്തോടെ ഓടി വാഹനത്തിലെ കൂട്ടിലേക്ക്‌ പുലിയെ മാറ്റുകയായിരുന്നു. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെടുകയും സമീപത്തെ മതില്‍ പൊളിഞ്ഞ്‌ വീഴുകയും ചെയ്‌തിരുന്നു. ഇതില്‍ അഞ്ചിലേറെ പേര്‍ക്ക്‌ പരിക്ക്‌ പറ്റി. സമയം കളയാതെ പുലിയുമായി ഇവര്‍ പോകുകയും ചെയ്‌തു. പട്ടാമ്പി തഹസില്‍ദാര്‍ കാര്‍ത്തിയാനിദേവി, പാലക്കാട്‌ ഡി.എഫ്‌.ഒ, ഷൊര്‍ണ്ണൂരില്‍ നിന്നുളള ഫയര്‍ഫോഴ്‌സ്‌ യൂണിറ്റ്‌, പട്ടാമ്പി സി.ഐ അടക്കം എല്ലാ വിഭാഗം ഉദ്യോഗസ്‌ഥരും രാവിലെ മുതല്‍ സ്‌ഥലത്തുണ്ടായിരുന്നു.


സി.കെ.ശശിപച്ചാട്ടിരി










from kerala news edited

via IFTTT