121

Powered By Blogger

Saturday, 21 March 2015

ബാറില്‍ ഒരു കോഴയുമില്ലെന്ന് മാണി; പാര്‍ട്ടി നടുക്കടലില്‍ മുങ്ങുകയാണെന്ന് പി സി ജോര്‍ജ്ജ്









Story Dated: Saturday, March 21, 2015 05:40



mangalam malayalam online newspaper

കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്‌ സ്വന്തം കാര്യമെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. റിപ്പോര്‍ട്ട്‌ പുറത്ത്‌ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ന്‌ കോട്ടയത്ത്‌ നടന്ന സ്‌റ്റീയറിംഗ്‌ കമ്മറ്റി യോഗത്തിന്‌ ശേഷമാണ്‌ മാണി ഇക്കാര്യം വ്യക്‌തമാക്കിയത്‌. റിപ്പോര്‍ട്ട്‌ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും അത്‌ പ്രസിദ്ധീകരണത്തിനുള്ളതല്ലെന്നും പറഞ്ഞു.


പാര്‍ട്ടിക്കെതിരേ നടക്കുന്ന ഗൂഡാലോചന അറിയുന്നതിന്‌ വേണ്ടി മാത്രമാണ്‌ അന്വേഷണം നടത്തിയത്‌. അത്‌ പൊതുകാര്യമല്ല അതുകൊണ്ട്‌ തന്നെ അത്‌ പുറത്ത്‌ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ബാറില്‍ ഒരു കോഴയുമില്ല. ബാര്‍കോഴ വിവാദത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നില്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളസമൂഹത്തിനും തന്നെ നന്നായിട്ട്‌ അറിയാം. കുറ്റപത്രം സംബന്ധിച്ച്‌ നടത്തിയത്‌ പൊതു അഭിപ്രായം മാത്രമാണ്‌. കുറ്റപത്രം ചുമത്തിയത്‌ കൊണ്ട്‌ കുറ്റക്കാരനാകില്ല എന്നാണ്‌ ഉദ്ദേശിച്ചതെന്നും തന്നെ താറടിക്കാന്‍ ശ്രമിക്കേണ്ടെന്നും മാണി പറഞ്ഞു.


സ്‌റ്റീയറിംഗ്‌ കമ്മറ്റിയില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു ചര്‍ച്ച ചെയ്‌തതെന്നും ബാര്‍കോഴ വിവാദം ചര്‍ച്ചയ്‌ക്ക് വന്നില്ലെന്നും പിസി ജോര്‍ജ്‌ജ് പറഞ്ഞു. ബാര്‍കോഴ വിവാദം സംബന്ധിച്ച പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ്‌ജ് നടത്തിയെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. മറ്റൊരു ദിവസം ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന്‌ പിസി ജോര്‍ജ്‌ജ് ആവശ്യപ്പെട്ടെങ്കിലും ഇനി ഇക്കാര്യം ചര്‍ച്ച ചെയ്യാനേ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്നുമായിരുന്നു ചെയര്‍മാന്റെ മറുപടിയെന്നായിരുന്നു റിപ്പോര്‍ട്ട്.


യോഗത്തില്‍ പിസി ജോര്‍ജ്ജ് രൂക്ഷമായ വിമര്‍ശനവും നടത്തി. പാര്‍ട്ടി ഇപ്പോള്‍ നടുക്കടലില്‍ മുങ്ങുകയാണ്. അതിന് കാരണമെന്താണെന്നും എല്ലാവര്‍ക്കും അറിയാം. രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്നാണ് ആലോചിക്കേണ്ടതെന്നും പ്രശ്നം ഒന്നോ രണ്ടോ മണിക്കൂര്‍ ചര്‍ച്ച ചെയ്താല്‍ പോര ഒരു ദിവസം മുഴുവനും ഇരുന്ന് ചര്‍ച്ച ചെയ്യണം. മാണിയെ രക്ഷിക്കാന്‍ ആരോപണങ്ങള്‍ ഖണ്ഡിക്കാനാണ്‌ താന്‍ ശ്രമിച്ചതെന്നും വിഷയത്തില്‍ മാധ്യമങ്ങള്‍ മുഴുവന്‍ എതിരാണെന്നും ജോര്‍ജ്‌ജ് പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ മൂന്നേ മുക്കാലോടെയായിരുന്നു സ്‌റ്റീയറിംഗ്‌ കമ്മറ്റി തുടങ്ങിയത്‌. പെട്ടെന്ന്‌ തന്നെ അവസാനിക്കുകയും ചെയ്‌തു.










from kerala news edited

via IFTTT