Story Dated: Sunday, April 5, 2015 01:52
ഹരിപ്പാട്: അപ്പര്‍ കുട്ടനാട്ടിലെ വീയപുരം ചെമ്പുംപാടത്ത് കരാറുകാരന്‍ യന്ത്രം എത്തിക്കാത്തതു മൂലം വിളവെടുപ്പു മുടങ്ങി. വിളവെടുക്കേണ്ട ദിവസം പിന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും വിളവെടുപ്പ് നടത്താന്‍ കഴിയാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്.
കഴിഞ്ഞ മാസം 25- ന് വിളവെടുപ്പിനായി ഒന്‍പതു സ്വകാര്യ യന്ത്രങ്ങള്‍ എത്തിക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍, കരാര്‍ ദിവസംകഴിഞ്ഞു ഒരാഴ്‌ച പിന്നിട്ടിട്ടും യന്ത്രങ്ങള്‍ എത്തിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല.
ആര്‍.കെ.വി.വൈ പദ്ധതി പ്രകാരമുള്ള രണ്ട് യന്ത്രങ്ങള്‍ കരാറുകാരന്‍ പാടത്ത് എത്തിച്ചെങ്കിലും കര്‍ഷകര്‍ അത് ഉപയോഗിക്കാന്‍ തയാറായിട്ടില്ല. കൊണ്ടുവന്ന യന്ത്രങ്ങളാകട്ടെ പാടത്തോട് ചേര്‍ന്നുള്ള പുരയിടത്തില്‍ ദിവസങ്ങളായി വെറുതെ കിടക്കുകയാണ്. ഒരാഴ്‌ചയായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള യന്ത്രം 10 മുതല്‍ അഞ്ചു മണിവരെയേ പ്രവര്‍ത്തിപ്പിക്കൂ. ഇത് ഉപയോഗിച്ച് വിളവെടുപ്പ് നടത്താന്‍ ഒരുങ്ങിയാല്‍ ഈ സീസണില്‍ കൊയ്‌ത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല. മാത്രമല്ല ഈ യന്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മറ്റു യന്ത്രങ്ങള്‍ എത്തുകയുമില്ല.
ഇതിനു പുറമെ പാടത്ത് വച്ച് യന്ത്രം തകരാറിലായാല്‍ കരാറുകാരന്‍ മുങ്ങുകയും ചെയ്യും. മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാലാണ് കര്‍ഷകര്‍ സര്‍ക്കാര്‍ യന്ത്രം ഉപയോഗിക്കാന്‍ തയാറാകാത്തത്. സര്‍ക്കാര്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ സംബന്ധിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചും വ്യക്‌തമായ ധാരണ ഉണ്ടെന്നും കര്‍ഷകര്‍ പറയുന്നു.വിളവെടുപ്പിന് സ്വകാര്യ ഏജന്‍സികളുടെ കാരുണ്യത്തിന് കാത്തിരിക്കുകയാണ് കര്‍ഷകര്‍. പാടത്ത്‌വെള്ളംകെട്ടിക്കിടക്കുന്നതും വിളവെടുപ്പിനുള്ള ദിവസങ്ങള്‍ അധികരിച്ചതും നെല്‍ച്ചെടികള്‍ നിലംപതിച്ചതും മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
from kerala news edited
via IFTTT