Story Dated: Saturday, April 4, 2015 11:29
ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്‍വ്വതാരോഹകനും ലോകം മുഴുവനുമുള്ള പര്‍വതാരോഹകരുടെ റോള്‍ മോഡലുമായ ആന്ധ്രാപ്രദേശ് സ്വദേശി മല്ലി മസ്‌താന്‍ ബാബു ഒടുവില്‍ മരണത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയ്‌ക്കും ചിലിയ്‌ക്കും ഇടയിലെ ആന്‍ഡസ് മൗണ്ടന്‍ കീഴടക്കാന്‍ പോയ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയതായിട്ടാണ് വിവരം. ഈ പര്‍വ്വതം കീഴടക്കാന്‍ പോയ ബാബുവിനെ മാര്‍ച്ച് 24 മുതലാണ് കാണാതായത്. അതിവേഗത്തില്‍ പര്‍വ്വതാരോഹണം നടത്തുന്ന വിദഗ്‌ദ്ധനായിരുന്നു അദ്ദേഹം.
ബാബു മരിച്ചതായി ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ലെങ്കിലും ഹൈദരബാദുകാരനും ഇല്ലിനോയിസിലെ താമസക്കാരനും ബാബുവിനെ സാമൂഹ്യസൈറ്റുകളിലൂടെ പിന്തുണച്ചിരുന്നയാളുമായ ഉമാശങ്കര്‍ കോപ്പാലേ മരണം സ്‌ഥിരീകരിച്ചതായി വിവരമുണ്ട്. ഇതേ തുടര്‍ന്ന് ബാബുവിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് തുടങ്ങിയിട്ടുള്ള 'റസ്‌ക്യൂ മല്ലി മസ്‌താന്‍ ബാബു' പേജില്‍ ഹൃദയഭേദകമായ വിവരം ചേര്‍ത്തിട്ടുണ്ട്. ഈ പേജില്‍ മസ്‌താന്‍ ബാബുവിന് വേണ്ടി നടക്കുന്ന തെരച്ചിലിന്റെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. എന്നാല്‍ മലനിരകള്‍ അവരുടെ പ്രിയപ്പെട്ട കുട്ടിയെ തിരിച്ചെടുത്തു എന്ന സന്ദേശമാണ് നല്‍കിയിട്ടുള്ളത്.
അതേസമയം ഈ രംഗത്ത് തന്നെയുള്ള ബാബുവിന്റെ സഹോദരന്‍ പ്രകാശ് പറയുന്നത് മരണവിവരം സംബന്ധിച്ച ഒരു സ്‌ഥിരീകരണവും വീട്ടുകാര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ്. ആന്ധ്രയിലെ നെല്ലോര്‍ സ്വദേശിയും 40 കാരനുമായ ബാബു ഒരു ദശകമായി പര്‍വ്വതാരോഹണ രംഗത്ത് സജീവമാണ്. എല്ലാ വന്‍ കരയിലും ഇയാള്‍ പര്‍വ്വതാരോഹണം നടത്തിയിട്ടുണ്ട്. അര്‍ജന്റീന-ചിലി അതിര്‍ത്തിയായ സെറോ ട്രസ് ക്രൂസെസ് ബേസ് ക്യാമ്പില്‍ നിന്നും മാര്‍ച്ച് 24 നാണ് ബാബു പര്‍വ്വതാരോഹണം തുടങ്ങിയത്.
അര്‍ജന്റീനയിലെ സുരക്ഷാ വിഭാഗം തലവനായ ഹെര്‍നാന്‍ അഗസ്‌റ്റോ പ്രജോണുമായി ഇദ്ദേഹം അവസാനമായി ബന്ധപ്പെട്ടതും മാര്‍ച്ച് 24 നായിരുന്നു. എന്നാല്‍ മാര്‍ച്ച് 25 ആയിട്ടും ബാബു ബേസ് ക്യാമ്പിലേക്ക് മടങ്ങി വന്നില്ല. ബാബുവുമായി ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. മല്ലി പോയ ശേഷം ഇവിടെ മഴ കനത്തിരുന്നു. ഇവിടെ കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്‌തു. ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. തനിച്ച് മലകയറുന്നത് ശീലമാക്കിയ മല്ലി മസ്‌താന്‍ ബാബു നടത്തിയ 90 ശതമാനം പര്‍വ്വതാരോഹണവും തനിച്ചായിരുന്നു.
from kerala news edited
via IFTTT