Story Dated: Sunday, April 5, 2015 02:01
ബ്രഹ്‌മമംഗലം: ദേവിദര്‍ശനത്തിന്റെ സാഫല്യത്തില്‍ പറന്നു പയറ്റിയ ഗരുഡന്മാരുടെ ആവേശം ചിറകിലേറി ആയിരങ്ങള്‍ അരയന്‍കാവ് പൂരം ആഘോഷിച്ചു.
ഒറ്റത്തൂക്കത്തില്‍ തുടങ്ങിയ പൂരാഘോഷങ്ങള്‍ അര്‍ധരാത്രിയോടെ ഗരുഡന്‍ തൂക്കങ്ങള്‍ക്ക് വഴിമാറുന്നതിനു സാക്ഷിയാകാന്‍ വന്‍ ഭക്‌തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.
പരമ്പരാഗത തൂക്കച്ചാടുകളിലും അലങ്കരിച്ച വാഹനങ്ങളിലുമായി നാല്‌പത്തി എട്ടോളം തൂക്കങ്ങളാണ് ഭഗവതിയെ വണങ്ങാനായി ക്ഷേത്രത്തിലെത്തിയത്. ഒറ്റതൂക്കങ്ങളുടെ എണ്ണം ഇക്കുറിയും 168 കടന്നു. ദാരികാസുരനെ വധിച്ചു വിശ്രമിക്കുന്ന ദേവിയെ വണങ്ങി ഗരുഡന്‍ സ്വന്തം രക്‌തം സമര്‍പ്പിക്കുന്നുവെന്നതാണ് ഗരുഡന്‍തൂക്കത്തിന്റെ ഐതീഹ്യം.
വൈകിട്ട് ആറിന് ഇളംകാവിലേക്കുള്ള എഴുന്നള്ളിപ്പോടെ ഒറ്റത്തൂക്കത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചു.
പതിനൊന്നരയോടെ ആദ്യ ഗരുഡന്‍തൂക്കം വന്നെത്തി. തുടര്‍ന്ന് ഇടമുറിയാതെ വന്നെത്തിയ തൂക്കങ്ങള്‍ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് നിരന്നതോടെ കാത്തിരുന്ന പൂരക്കാഴ്‌ച പിറന്നു. ദേവിയെ ദര്‍ശിക്കുന്നതിനു മുമ്പായി തൂക്കങ്ങളെല്ലാം ഒരുമിച്ചു ചേര്‍ന്ന് ഒരു താളവട്ടം പയറ്റുന്ന കാഴ്‌ച നയനാനന്ദകരമാണ്.
ആയിരക്കണക്കിനു ചെണ്ടമേളക്കാരുടെ മേളപ്പെരുക്കവും വര്‍ണവിതാനങ്ങളുടെ വിന്യാസവും തൂക്കച്ചുവടുകളുടെ ദ്രുതവേഗവും ചേരുന്ന സംഗമ താളവട്ടം അരയന്‍കാവ് പൂരത്തിന്റെ മോഹിപ്പിക്കുന്ന മുഹൂര്‍ത്തമായി.
ക്ഷേത്രദര്‍ശനവും നടത്തി ഗരുഡന്മാര്‍ ചൂണ്ട കൊത്തല്‍ ചടങ്ങിനായി ക്ഷേത്രനടയിലേക്കു തിരിച്ചതോടെ തൂക്കത്തിനു സമാപനമായി.
from kerala news edited
via IFTTT