Story Dated: Sunday, April 5, 2015 02:03
കൊല്ലം: അന്യസംസ്‌ഥാന ലോറികള്‍ സമരം തുടങ്ങിയതിന്റെ പശ്‌ചാത്തലത്തില്‍ കമ്പോളത്തിലെ സാധന ലഭ്യതയും വിലനിലവാരവും സംബന്ധിച്ച പരിശോധന നടന്നു.എല്ലാ സാധനങ്ങളും സുലഭമായി ലഭ്യമാണെന്നും വിലയില്‍ മാറ്റമൊന്നുമില്ലെന്നും പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ. ആസാദ് പറഞ്ഞു. അരിയും മറ്റു നിത്യോപയോഗസാധനങ്ങളും ഒരു മാസത്തേക്കുള്ള സ്‌റ്റോക്ക് മൊത്ത വ്യാപാരികളുടെ പക്കലുണ്ട്. കൂടാതെ
അരി എത്തിക്കുന്നതു റെയില്‍വേ വാഗണിലായതിനാല്‍ അരി വരവിനെ സമരം ബാധിക്കില്ല. അരിക്ക് ഏറ്റവും കുറഞ്ഞയിനത്തിന് 26 രൂപയും കൂടിയ ബ്രാന്‍ഡിന് 33 രൂപയുമാണ് ഹോള്‍സെയില്‍ വില. ജയഅരിയുടെ പുതിയ സീസണ്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുന്നതോടെ ഇനിയും വില കുറയുമെന്നാണു വ്യാപാരികളുടെ വിലയിരുത്തല്‍.
കൊല്ലം കമ്പോളത്തിലേക്ക് ഇന്നലെയും ഇന്നും പച്ചക്കറിവണ്ടികള്‍ പതിവു പോലെ എത്തി. പച്ചക്കറിയുടെ വില ഏതാനും താഴ്‌ന്നു നില്‍ക്കുന്നത് തുടരുകയാണ്. ഏതെങ്കിലും ഇനത്തിനു വില വര്‍ധനവു വന്നാല്‍ അതിന്റെ വര്‍ധിച്ച വിലയ്‌ക്കുള്ള പര്‍ച്ചേസ് ബില്ല് വ്യാപാരികള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ടി.എസ്.ഒ. പറഞ്ഞു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാരയ്‌ക്ക് എം.ആര്‍.പി. 50 രൂപയും, ഓഫര്‍ വില 36.50 ആണെന്നു കണ്ടു. ഇതേ സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ പഞ്ചസാര കിലോയ്‌ക്ക് 30 രൂപയ്‌ക്ക് വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടുവെന്നും ടി.എസ്.ഒ. പറഞ്ഞു.
പഞ്ചസാരയ്‌ക്ക് എന്തിനാണ് ഇത്ര വലിയ എം.ആര്‍.പി. ഇടുന്നതെന്നതു കൊച്ചി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ ബ്രാഞ്ച് മാനേജര്‍മാര്‍ക്കും അജ്‌ഞാതമാണ്. ഇതേ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജീരകം 100 ഗ്രാമിന് എം.ആര്‍.പി. 50 രൂപയാണ്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന ഓഫറുമുണ്ട്. അതായത് 100 ഗ്രാമിന് 25 രൂപയ്‌ക്കു ലഭിക്കും. പക്ഷെ, 50 രൂപ മുടക്കി 200 ഗ്രാം വാങ്ങണം എന്നു മാത്രം. ജീരകത്തിനു മറ്റെല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ശരാശരി 100 ഗ്രാമിന് 25 രൂപയേ ഉള്ളൂവെന്നും പരിശോധനയില്‍ വ്യക്‌തമായി. മറ്റിടങ്ങളില്‍ 25 രൂപയ്‌ക്കു ലഭിക്കുന്ന സാധനം 50 രൂപ എം.ആര്‍.പി രേഖപ്പെടുത്തി ഓഫര്‍ വെച്ച് 200 ഗ്രാം ഉപഭോക്‌താവിനെക്കൊണ്ടു വാങ്ങിപ്പിക്കുന്നതാണു തന്ത്രം.
ഇത്തരത്തിലുള്ള ഉപഭോക്‌തൃചൂഷണം അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം നല്‍കിയതായും പരിശോധനകള്‍ തുടരുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. റിലയന്‍സ് ഫ്രഷ്, സുപ്രീം സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലും , അരി പലചരക്ക് മൊത്തവ്യാപാര കേന്ദ്രങ്ങളിലും, മഹാറാണി മാര്‍ക്കറ്റ്, പച്ചക്കറി വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്‌തു. റേഷനിംഗ് ഇന്‍സ്‌പെക്‌ടര്‍മാരായ പി.എസ്. റെജി, ആര്‍.എസ് അജിത്‌കുമാര്‍, ആര്‍. മുരളീധരന്‍, വി. ശശിധരന്‍പിള്ള എന്നിവരും പരിശോധനയില്‍
പങ്കെടുത്തു.
from kerala news edited
via IFTTT