121

Powered By Blogger

Saturday, 4 April 2015

ആമയിഴഞ്ചാന്‍ തോട്ടിലെ അശാസ്‌ത്രീയ ഓട നിര്‍മ്മാണം: പ്രതിഷേധവുമായി നാട്ടുകാര്‍











Story Dated: Sunday, April 5, 2015 02:03


തിരുവനന്തപുരം: ചെങ്കല്‍ച്ചുള മുതല്‍ തമ്പാനൂര്‍വരെ ആമയിഴഞ്ചാന്‍ തോടിലെ അശാസ്‌ത്രീയ ഓട നിര്‍മ്മാണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്‌. മഴ പെയ്‌താല്‍ തോടിന്റെ സമീപത്തുള്ള 5000 വീടുകള്‍ മലിന ജലത്തിനടിയിലാകുമെന്നതാണ്‌ പ്രതിഷേധത്തിന്‌ കാരണം. മഴക്കാലത്തുണ്ടാകുന്ന തമ്പാനൂരിലെ വലിയ വെള്ളക്കെട്ടിനും കാരണം ഈ ഓട തന്നെ. തോടിന്റെ പുനരുദ്ധാരണത്തിനായി ഓടയുടെ ഒഴുക്കുതടഞ്ഞതിനെതുടര്‍ന്നാണ്‌ പ്രശ്‌നം രൂക്ഷമായത്‌.


കഴിഞ്ഞമഴയില്‍ തോടിന്റെ ഇരുകരയും നിറഞ്ഞുകവിഞ്ഞു. തോടിലെ മാലിന്യം കോരിമാറ്റാത്തതിനാല്‍ തമ്പാനൂര്‍ മുഴുവന്‍ മലിനജലത്തിനടിയിലായി. നഗരത്തിലെ അനധികൃത കശാപ്പുശാലകള്‍ ഇറച്ചി മാലിന്യം കൊണ്ടുതള്ളുന്നതും ഇവിടെ തന്നെ. ഡ്രെയ്‌നേജ്‌ മാലിന്യം കൂടി ഓടയില്‍ ഒഴിക്കിവിടുന്നതോടെ മഴക്കാലത്ത്‌ നുരക്കുന്ന പുഴുക്കള്‍കൊണ്ടുനിറയും. ഇത്‌ വീടുകള്‍ക്കുള്ളിലേക്ക്‌ വ്യാപിക്കുന്നതും നിത്യസംഭവമാണ്‌. പരിസരവാസികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക്‌ മുഖ്യകാരണം ഓടയിലെ മാലിന്യമാണെന്ന്‌ ആരോഗ്യവിദഗ്‌ദരും പറയുന്നു.


ആമയിഴഞ്ചാന്‍ തോടിന്റെ ശുദ്ധീകരണത്തിനും തമ്പാനൂര്‍, പഴവങ്ങാടി തുടങ്ങിയ പ്രദേശത്തെ വെള്ളക്കെട്ടു തടയാനുമായി 34 കോടി രൂപ അനുവദിച്ചെന്നാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്‌. ഇതുകൂടാതെ രാജാജി നഗറിലെ ഡ്രെയ്‌നേജ്‌ സംവിധാനത്തിനായി രണ്ടുകോടി രുപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവയൊന്നും നടപ്പിലായില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പ്രശ്‌നപരിഹാരത്തിനായി പലതവണ അധികാരികളെ സമീപിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ചെങ്കല്‍ച്ചൂള, തോപ്പ്‌, തമ്പാനൂര്‍ പ്രദേശത്തെ താമസക്കാരുടെ പരാതിയില്‍ കൗണ്‍സിലര്‍ ഇടപെടുന്നില്ലെന്നും പറയുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചിമാലിന്യം കോരിമാറ്റാന്‍ കൗണ്‍സിലറോട്‌ ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല.


കഴിഞ്ഞ ദിവസം തമ്പാനൂര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായി പ്രദേശത്ത്‌ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത്‌ പ്രഹസനസമരമാണെന്നാണ്‌ സി.പി.എം ആരോപിക്കുന്നത്‌. കഴിഞ്ഞ നാലുവര്‍ഷമായി സംഭവസ്‌ഥലത്ത്‌ തിരിഞ്ഞുനോക്കാത്ത ആളാണ്‌ വാര്‍ഡ്‌ കൗണ്‍സിലറെന്ന്‌ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി രാജേഷ്‌ പറഞ്ഞു. തോടിന്റെ സമീപപ്രദേശം കൈയേറുന്ന വമ്പന്‍മാര്‍ക്കുവേണ്ടിയാണ്‌ ചിലര്‍ സമരം നടത്തുന്നതെന്നും ആക്ഷേപമുണ്ട്‌. അനധികൃത കൈയേറ്റം തടയണമെന്നപേരില്‍ പോസ്‌റ്റര്‍പ്രചരണം നടത്തിയ ചിലര്‍ ഇതിന്റെ മറവില്‍ പണപ്പിരിവ്‌ നടത്തിയതായും ആക്ഷേപമുണ്ട്‌. പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന്‌ പരിഹാരം കണ്ടെത്താനാകാത്ത കൗണ്‍സിലര്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ്‌ നാട്ടുകാര്‍.










from kerala news edited

via IFTTT