121

Powered By Blogger

Monday, 6 January 2020

കിടത്തി ചികിത്സ ആവശ്യമില്ലെങ്കിലും ആരോഗ്യ പരിരക്ഷ

മറ്റെല്ലാ ചെലവുകൾക്കുംപുറമെ ആരോഗ്യ സംരക്ഷണ ചെലവുകളും വർധിച്ചുവരുകയാണ്. ആരോഗ്യ സംരക്ഷണ മേഖലയിലെ പണപ്പെരുപ്പം 2018-19 ൽ ശരാശരി 7.14 ശതമാനമാണു വർധിച്ചത്. 2017-18 വർഷം 4.39 ശതമാനമായിരുന്ന സ്ഥാനത്താണിത്. ചികിത്സാചെലവുകൾ ഓരോവർഷവും 50 ശതമാനത്തിലേറെ വർധിച്ചുവരുന്നതായാണ് കാണുന്നത്. അതോടൊപ്പംതന്നെ 30-35 പ്രായ പരിധിയിലുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറി വരുന്നതും ആശങ്കാജനകമാണ്. കൃത്യമായ സാമ്പത്തിക സംരക്ഷണ പദ്ധതികളില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കിടത്തിചികിൽസിക്കാത്ത സന്ദർഭങ്ങളിലും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും വ്യാപകമാകുന്നുണ്ട്. ചെറുപ്രായത്തിൽതന്നെ കൃത്യമായ ആരോഗ്യ പരിരക്ഷാ പദ്ധതികൾ നേടുന്നതായിരിക്കും ഉത്തമം. അടുത്തിടെ ആരംഭിച്ചിട്ടുള്ള പല ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെതന്നെ നൽകുന്ന ഒപിഡി (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ചികിൽസകൾക്കും പ്രക്രിയകൾക്കും പരിരക്ഷ നൽകുന്ന വ്യവസ്ഥകളുണ്ട്. രോഗനിർണയത്തിനോ ചികിൽസയ്ക്കോ ആയി ഒരു വ്യക്തി ആശുപത്രിയിലോ ക്ലിനിക്കിലോ എത്തുന്നതും അവിടെ അഡ്മിറ്റ് ആകാതെ ഡോക്ടറുടെ ഉപദേശം തേടുന്നതുമെല്ലാമാണ് ഒപിഡി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആശുപത്രിയിൽ കിടത്തിയുള്ളതല്ലാത്ത ചികിൽസകളിൽ പരിരക്ഷ ലഭിക്കുവാൻ ഇത്തരത്തിൽ ഒപിഡി ചികിൽസകൾക്കും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ സഹായിക്കും. ആർക്കെല്ലാമാണ് ഒപിഡി പരിരക്ഷ ആവശ്യമുള്ളത്? ആശുപത്രിയിൽ കിടത്തിയല്ലാതെയുള്ള ചികിൽസ ആവശ്യമുളള എല്ലാവർക്കും ഒപിഡി പരിരക്ഷയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ ഗുണകരമാകും. വൈറൽ പനികൾ പോലുള്ള ചെറിയ രോഗങ്ങളുടെ ചികിൽസകൾക്കും പ്രമേഹം, ആർത്രൈറ്റീസ്, പുറംവേദന പോലുള്ള രോഗങ്ങളുടെ കാര്യത്തിലുമെല്ലാം ഇതു സഹായകമാകും. തുടർച്ചയായുള്ള രോഗങ്ങളുടെ ഫലമായി സ്ഥിരമായി ഡോക്ടറെ കാണേണ്ടി വരുമ്പോഴും ഒപിഡി പരിരക്ഷ ലഭിക്കും. സവിശേഷതകൾ ആശുപത്രിയിൽ കിടത്താതെയുള്ള ചികിൽസകൾക്കു വേണ്ടിവരുന്ന ചെലവുകൾ ക്ലെയിം ചെയ്യാൻ ഒപിഡി പരിരക്ഷ സഹായകമാകും. മരുന്നുകളുടെ ചെലവുകൾ, രോഗനിർണയം, ചെറിയ പ്രൊസീജിയറുകൾ തുടങ്ങിയവയെല്ലാം ഈ പോളിസി പ്രകാരം ക്ലെയിമിന് അർഹമാണ്. ഇതിനായി അടക്കുന്ന പ്രീമിയത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. നെറ്റ് വർക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും മാത്രമേ ഒപിഡി ചികിൽസ സാദ്ധ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വലിയ കാത്തിരിപ്പില്ലാതെതന്നെ ഒരു വ്യക്തിക്ക് ഒപിഡി ക്ലെയിമുകൾ നൽകാനാവും. നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ പോളിസി എടുത്ത് 90 ദിവസത്തിനുള്ളിൽ ഒപിഡി ചെലവുകൾ ക്ലെയിം ചെയ്യാം. നിലവിലില്ലാത്ത അസുഖങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ ആദ്യദിവസംമുതൽ ക്ലെയിം ചെയ്യാനാവും. പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരേ വർഷത്തിൽതന്നെ വിവിധ ക്ലെയിമുകൾ നൽകാനും സാധിക്കും. എന്തെല്ലാം ഉൾപ്പെടും? ഒപിഡി ആനുകൂല്യങ്ങൾ വിവിധ രീതികളിൽ ലഭ്യമാണ്. കൺസൾട്ടേഷനും പരിശോധനകൾക്കും ആവശ്യമുള്ള ഫീസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റേ, സ്കാൻ, പതോളജി തുടങ്ങിയ രോഗനിർണയ പ്രക്രിയകൾക്കും ക്ലെയിം നൽകാം. പിഒപി പോലുള്ള ചെറിയ സർജിക്കൽ പ്രൊസീജിയറുകൾ, അപകടങ്ങൾക്കും മൃഗങ്ങളുടെ കടിയേറ്റുള്ള പരുക്കുകൾക്കും ശേഷമുള്ള ഡ്രസ്സിങ്, ഡോക്ടർ നടത്തുന്ന മറ്റ് പ്രക്രിയകൾ തുടങ്ങിയവയ്ക്കും പരിരക്ഷ ലഭിക്കും. പരിരക്ഷ ലഭിക്കാത്തവ ആശുപത്രിയിൽ പോകുമ്പോൾ നടത്തുന്ന എല്ലാ പ്രക്രിയകൾക്കും പരിരക്ഷ ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ഏതെല്ലാം ഇനങ്ങളാണ് പരിരക്ഷയ്ക്ക് അർഹമായത് എന്ന് ഇൻഷൂറൻസ് സേവന ദാതാവിനോട് മുൻകൂട്ടി അന്വേഷിക്കുന്നത് ഉചിതമായിരിക്കും. കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ, സൗന്ദര്യ വർധക പ്രക്രിയകൾ, വാക്കറുകൾ, ബ്ലഡ് പ്രഷർ നിരീക്ഷണ ഉപകരണങ്ങൾ, ഗ്ലൂക്കോ മീറ്ററുകൾ, തെർമോ മീറ്ററുകൾ, ഡയറ്റീഷ്യനുള്ള ചാർജ്, വിറ്റമിനുകൾ, സപ്ലിമെന്റുകൾ എന്നിവയ്ക്കുള്ള ചെലവ് തുടങ്ങിയവയെല്ലാം പരിരക്ഷ ലഭ്യമല്ലാത്ത ഇനങ്ങളിൽ പെടും. അടിസ്ഥാന പോളിസികളുടെ ആഡ് ഓൺ ആയാണ് സാധാരണ ഇൻഷൂറൻസ് സ്ഥാപനങ്ങൾ ഒപിഡി പരിരക്ഷ നൽകുന്നത്. ഇവയുടെ ആനുകൂല്യങ്ങൾ കൂടുതലായി ഉപയോഗിക്കുവാൻ സാധ്യതയുള്ളതിനാൽ ഇവ ഉയർന്ന നിരക്കിലാവും സാധാരണ ലഭ്യമാക്കുക. ഓരോ വ്യക്തിയും ഇവയുടെ ആവശ്യകതയും തങ്ങളുടെ സവിശേഷതകളും വിശകലനം ചെയ്യണം. പലപ്പോഴും ഇവ ചെലവേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാമെങ്കിലും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ ഇവ ഏറെ ഗുണകരമായിരിക്കും. (സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷൂറൻസിന്റെ മാനേജിങ് ഡയറക്ടറാണ് ലേകഖൻ)

from money rss http://bit.ly/36nQca5
via IFTTT