121

Powered By Blogger

Thursday, 13 February 2020

ഘടകങ്ങളുടെ ശേഖരം തീരുന്നു;ഇന്ത്യയിലെ മൊബൈൽ ഹാൻഡ്‌സെറ്റ് ഉത്പാദനം പ്രതിസന്ധിയിൽ

മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധിയിൽ. ചൈനയിൽനിന്ന് ഘടകങ്ങൾ എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഫെബ്രുവരിയിലെ ഉത്പാദനത്തിലുള്ള ഘടകങ്ങളാണ് നിലവിൽ സ്റ്റോക്കുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ മാർച്ച് ആദ്യവാരം ഉത്പാദനം നിർത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ ആശങ്ക. ചൈനയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികൾ അടച്ചിട്ടിരുന്നതിനാൽ ഇന്ത്യയിലെ ഉത്പാദകർ കൂടുതൽ ഘടകങ്ങൾ ശേഖരിച്ചിരുന്നു. ഇതുപയോഗിച്ചാണ് നിലവിൽ ഉത്പദാനം നടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ ഫാക്ടറികൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി. രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതിനാൽ ഘടകഭാഗങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വില ഉയരുകയാണ്. ഇവ മറ്റു സ്രോതസ്സുകളിൽനിന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. ആപ്പിൾ ഐഫോൺ 11, 11 പ്രോ എന്നിവ ചൈനയിൽനിന്ന് 'അസംബിൾ'ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീർന്നുതുടങ്ങി. ജനുവരി-മാർച്ച് കാലത്ത് സ്മാർട്ട്ഫോൺ വിൽപ്പനയിൽ പത്തു മുതൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജൻസികൾ പറയുന്നു. ഏപ്രിൽ- ജൂൺ കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമായേക്കും. പുതിയ മൊബൈലുകൾ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും. മൊബൈൽ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.) വ്യക്തമാക്കി. പല രാജ്യങ്ങളിൽനിന്നാണ് ഘടകഭാഗങ്ങൾ എത്തുന്നത്. ബാറ്ററിയും ക്യാമറയുടെ ചില ഭാഗങ്ങളും വിയറ്റ്നാമിൽ നിർമിക്കുന്നുണ്ട്. ഡിസ്പ്ലേ യൂണിറ്റ്, കണക്ടറുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പി.സി.ബി.) എന്നിവയാണ് പ്രധാനമായും ചൈനയിൽനിന്നെത്തുന്നത്. ചിപ്പുകൾ തയ്വാനിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇത് ചൈനയിലെത്തിച്ച് ഭേദഗതി വരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചൈനയിൽ ചുരുക്കം ചില ഫാക്ടറികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും പൂർണതോതിൽ ഉത്പാദനം തുടങ്ങാൻ കാലതാമസമുണ്ടാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘടകങ്ങൾ കിട്ടാതാകുന്നതോടെ ഉത്പാദനച്ചെലവേറുമെന്ന് കമ്പനികൾ പറയുന്നു. ഇത് സ്മാർട്ട് ഫോണുകൾക്ക് വില ഉയരാനിടയാക്കിയേക്കും. ഇ-കൊമേഴ്സ് കമ്പനികളെയും ബാധിക്കും മൊബൈൽ ഫോണുകളുടെയും ടെലിവിഷന്റെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഉത്പാദനം കുറഞ്ഞത് ഇവയുടെ ഓൺലൈൻ വിപണിയെയും ബാധിച്ചേക്കും. ഇ- കൊമേഴ്സ് ഭീമൻമാരായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഇവയുടെ ശേഖരം കുറഞ്ഞിട്ടുണ്ട്. ഓൺലൈൻ വിപണിയിൽ ഏറ്റവുമധികം ആവശ്യം സ്മാർട്ട് ഫോണുകൾക്കും ടെലിവിഷനുമാണ്. സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതാണെങ്കിലും ഇതിന്റെ ഘടകങ്ങളിൽ 12 ശതമാനം മാത്രമാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കി ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയുടെ 41 ശതമാനവും ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്.

from money rss http://bit.ly/39wBiQ0
via IFTTT