Story Dated: Friday, January 30, 2015 02:49
ആനക്കര: ശുകപുരം അതിരാത്രം സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി. മാര്‍ച്ച് 20 മുതല്‍ ശുകപുരം സഫാരി മൈതാനിയിലാണ് അതിരാത്രം നടക്കുന്നത്. അതിരാത്രത്തിനുള്ള സ്രുക്കുള്‍ (ഹോമപാത്രങ്ങളുടെ) നിര്‍മ്മാണമാണ് നാറാസ്‌മനയില്‍ ആരംഭിച്ചിരിക്കുന്നത്. ശുകപുരം ദക്ഷിണമൂര്‍ത്തി പരിസരത്ത് നടക്കുന്ന അതിരാത്രത്തിലേക്കായി വിവിധ വൃക്ഷങ്ങള്‍ കൊണ്ടുളള പൂജാപാത്രങ്ങളാണ് വിദഗ്‌ധ തച്ചന്‍മാരുടെ നേതൃത്വത്തില്‍ ഉണ്ടാക്കുന്നത്. യാഗശാലയിലെ വിവിധ ഋത്വിക്കുകളുടെ പേരുകളിലുള്ളതടക്കം അമ്പതിലേറെ ഹോമപാത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. പ്ലാവ്, അത്തി, പേരാല്‍, അരയാല്‍, കൂവളം, കരിങ്ങാലി, പയ്യങ്കത തുടങ്ങിയ ഔഷധ സസ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ദ്രോണകലശം, ഐന്ദ്രവായവം, പ്രാജപത്യം, ഇഡ, ബ്രാഹ്‌മന്‍, യജമാന്‍, നേഷ്‌ടന്‍, ഉപാശുപാത്രം, ജുഹു, ദാരുപാത്രം, തുടങ്ങിയ പൂജാപാത്രങ്ങളാണ് ഉണ്ടാക്കുന്നത്. കവുപ്രശങ്കരന്‍ നമ്പൂതിരി, കേശവന്‍നമ്പൂതിരി, ഡോ.നാറാസ് ഇട്ടിരവി നമ്പൂതിരി, എന്നിവരുടെ നിര്‍ദ്ദേശാനുസരണം തച്ചുശാസ്‌ത്രവിദ്‌ഗധരും സഹോദരങ്ങളുമായ കോട്ടപ്പറമ്പില്‍ രാധാകൃഷ്‌ണന്‍, വിജയന്‍, ശ്രീകുമാര്‍, രാജീവ് എന്നിവരാണ് പൂജാപാത്ര നിര്‍മ്മാണം നടത്തുന്നത്. അതിരാത്രത്തിനായുളള സ്വാഗതസംഘ രൂപീകരണയോഗം ഞായറാഴ്‌ച്ച വൈകീട്ട് യജ്‌ഞശാലക്ക് സമീപം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സി.കെ. ശശിപച്ചാട്ടിരി
from kerala news edited
via IFTTT