Story Dated: Thursday, January 29, 2015 06:11
കോട്ടയം : ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ ‘എ ക്ലാസ്’സൗകര്യം ഒരുക്കി നല്‍കിയത് എന്‍.എസ്.എസ് ഇടപെട്ടാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ അറിയാവുന്നതാണെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി. ജയിലില്‍ കിടന്ന് ഉണ്ട തിന്നേണ്ടി വന്നപ്പോള്‍ എന്‍.എസ്.എസ് മാത്രമാണ് പിള്ളയെ രക്ഷിക്കാനുണ്ടായിരുന്നത്. ഇപ്പോള്‍ ബാലകൃഷ്‌ണപിള്ളയെ പിന്തുണയ്‌ക്കുന്നവര്‍ പിള്ള ജയിലിലായിരുന്നപ്പോള്‍ എവിടെയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിയെ ശക്‌തമായി പിന്തുണയ്‌ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മാണി വളരെ മാന്യനായ വ്യക്‌തിയാണ്. ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ മാണി രാജിവെക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അഴിമതി തെളിയാതെ മാണിയെ കുരിശില്‍ തറയ്‌ക്കാന്‍ ശ്രമിക്കരുതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മാണി തുടരണമെന്നും സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, ആര്‍.ബാലകൃഷ്‌ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും എന്‍എസ്‌എസിന് ഒന്നുമില്ലെന്നും പിള്ളയുടെ തീരുമാനത്തില്‍ എന്‍എസ്‌എസിന് യാതൊരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT







