Story Dated: Friday, January 30, 2015 05:06
മണിമല: വെള്ളാവൂര്‍ പഞ്ചായത്തിലെ എറത്തുവടകര മുണ്ടോലിക്കടവില്‍ മണിമലയാറിനു കുറുകേ പാലം നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ അനുമതിയായി. കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തിനേയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നത് പ്രദേശവാസികള്‍ക്ക് ഏറെ അനുഗ്രഹമാകും.
പാലം പണി പൂര്‍ത്തിയാകുന്നതോടെ വെള്ളാവൂരില്‍ നിന്നും വളരെ കുറഞ്ഞ ദൂരത്തില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും എത്തിച്ചേരാന്‍ സാധിക്കും.. ഏഴേമുക്കാല്‍ കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ അടുത്തമാസം പൂര്‍ത്തിയാകും. നിലവില്‍ കടത്തുവള്ളത്തെ ആശ്രയിച്ചാണ് ഇവിടെയുള്ളവര്‍ മറുകര കടക്കുന്നത്. കോട്ടാങ്ങല്‍ പടയണി നടക്കുന്ന ക്ഷേത്രത്തിലെ ഘോഷയാത്ര ഇതുവഴിയാണ് കടന്നു പോകുന്നത്.
ജലനിരപ്പ് കുറയാത്ത സമയങ്ങളില്‍ ഏറെ ദൂരം സഞ്ചരിച്ചാണ് മണിമലയാര്‍ മുറിച്ചുകടന്ന് ഘോഷയാത്രയെത്തുന്നത്. പാലം നിര്‍മ്മാണത്തിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ പാറയുടെ ആഴവും ഉറപ്പും തിട്ടപ്പെടുത്തുന്നതിനുള്ള ഗ്രൗണ്ട് ടെസ്‌റ്റ് ജിയോളജിക്കല്‍ വകുപ്പ് നടത്തി.
ഇവിടെ പാലത്തിന് അനുമതി ലഭിച്ചിരുന്നുവെങ്കിലും രാഷ്‌ട്രീയ ചരടുവലികള്‍ക്കൊടുവില്‍ പാലം പണി ഉപേക്ഷിക്കുകയായിരുന്നു. പാലം നിര്‍മ്മാണത്തിന് വീണ്ടും അനുമതി ലഭിച്ചതോടെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
from kerala news edited
via IFTTT