സമഗ്ര ആരോഗ്യപരിപാടി നടപ്പാക്കുന്നു
ദുബായ്:
എമിറേറ്റില്‍ സമഗ്ര ആരോഗ്യവികസന പരിപാടി നടപ്പാക്കുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തേക്കുള്ള വികസനപദ്ധതികളാണ് ആവിഷ്‌കരിച്ചത്. പുതിയ മെഡിക്കല്‍കോളേജുകളും നഴ്‌സിങ് സ്‌കൂളുകളും സ്ഥാപിക്കുകയും കൂടുതല്‍ മെഡിക്കല്‍ ശാഖകളില്‍ വൈദഗ്ധ്യം നേടിയ ഉദ്യോഗാര്‍ഥികളെ രംഗത്തിറക്കുകയും ചെയ്യും.
അഞ്ച് നഴ്‌സിങ് സ്‌കൂളുകളും മൂന്ന് മെഡിക്കല്‍ കോളേജുകളുമാണ് ദുബായില്‍ പുതുതായി സ്ഥാപിക്കുന്നത്. 2015 സപ്തംബറില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് പുറമേയാണ് പുതിയ മൂന്ന് കോളേജുകള്‍കൂടി നിലവില്‍ വരുന്നത്. നഴ്‌സിങ്, മെഡിക്കല്‍ മേഖലയിലെ ഒഴിവുകള്‍ നികത്തുകയും തൊഴില്‍മേഖല കൂടുതല്‍ ആകര്‍ഷകമാക്കുകയുമാണ് ലക്ഷ്യമെന്ന് ഡി.എച്ച്.എ. ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ മൈദൂര്‍ സൂചിപ്പിച്ചു.
എമിറേറ്റിലെ ആസ്പത്രികളില്‍ 8,000 ബെഡ്ഡുകള്‍ കൂടുതലായി ആവശ്യമുണ്ട്. 7,323 ഡോക്ടര്‍മാരെയും 8,500ല്‍ പരം നഴ്‌സുമാരെയും പുതുതായി ആവശ്യമുണ്ട്. വളരെകുറച്ച് തദ്ദേശിയരേ നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്നുള്ളൂ. നഴ്‌സിങ് മേഖല കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി വേതനനിരക്ക് പരിഷ്‌കരിക്കുകയും ഷിഫ്റ്റ് സംവിധാനം കൂടുതല്‍ സൗകര്യപ്രദമാക്കുകയും ചെയ്യും. നഴ്‌സിങ് സഹായികളെ പരിശീലിപ്പിക്കുന്നതിനായി രണ്ട് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് ഏര്‍പ്പെടുത്തും.
ജബല്‍ അലി, മറീന, ജുമൈറ ലേക് ടവേഴ്‌സ്, അല്‍ മക്തൂം വിമാനത്താവള പരിസരം തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ ആസ്പത്രികളും ക്ലിനിക്കുകളും ആവശ്യമാണെന്ന് സര്‍വേയില്‍ വ്യക്തമായതായും ഈസ അല്‍ മൈദൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജുമൈറയില്‍ ആവശ്യത്തില്‍ അധികം ചികിത്സാകേന്ദ്രങ്ങളുണ്ട്. ഇവിടെ പുതുതായി ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉയര്‍ന്നരീതിയിലുള്ള മികവ് പ്രകടമാക്കേണ്ട അനസ്തീഷ്യ പോലുള്ള വിദഗ്ധ ചികിത്സാരംഗത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കും. തദ്ദേശീയരായ ബിരുദധാരികളെ ബിരുദാനന്തര ബിരുദത്തിനായി വിദേശത്തേക്ക് അയയ്ക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതും നഗരവത്കരണം ത്വരിത ഗതിയിലായതും മേഖലയിലെ നിക്ഷേപസാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും അല്‍ മൈദൂര്‍ ചൂണ്ടിക്കാട്ടി.
from kerala news edited
via IFTTT