Story Dated: Thursday, January 29, 2015 01:42
തിരുവനന്തപുരം: ഒന്‍പതുദിവസമായി നടന്നുവന്ന നിശാഗന്ധി നൃത്ത സംഗീതോല്‍സവത്തിന് കൊടിയിറങ്ങി. സൂര്യ കൃഷ്‌ണമൂര്‍ത്തി ഒരുക്കിയ ഭാരതം കേരളം എന്ന രംഗശില്‍പത്തോടെയാണ് മേളയ്‌ക്ക് തിരശീല വീണത്. ഇതോടനുബന്ധിച്ചുള്ള കഥകളി മേള ഫെബ്രുവരി ഒന്നുവരെ തുടരും. ഭാരതത്തിന്റെ വിഭിന്ന മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് ഭാരതം കേരളം ഒരുക്കിയത്. കഥക്, ഭരതനാട്യം, ഒഡീസി, മണിപ്പൂരി, സമുദ്രനടനം, ധോര്‍ ധോലക് ചോലം തുടങ്ങിയ കലാരൂപങ്ങള്‍ ഭാഗമായപ്പോള്‍ ദൃശ്യസമ്പന്നതയാണ് വേദിയില്‍ നിറഞ്ഞത്.
ഖവാലി, ശാസ്‌ത്രീയ സംഗീതം, നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും മനോഹരമായി നൃത്തശില്‍പത്തിനൊപ്പം ഇഴചേര്‍ത്തിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ കേരളത്തിനുള്ള സ്വാധീനം വിളിച്ചോതുംവിധമാണ് ഭാരതം കേരളം രംഗശില്‍പം തയാറാക്കിയത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നാനാത്വവും അതിലുപരി ദേശത്തിന്റെ ഐക്യവും കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടി. 100ലേറെ കലാകാരന്‍മാര്‍ അണിനിരന്ന നൃത്തശില്‍പത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സൂര്യ കൃഷ്‌ണമൂര്‍ത്തിയാണ്. ഒരുമണിക്കൂര്‍ 40 മിനിറ്റായിരുന്നു രംഗശില്‍പത്തിന്റെ ദൈര്‍ഘ്യം.
കനകക്കുന്ന് കൊട്ടാരത്തിലാണ് കഥകളി മേള നടക്കുന്നത്. 27ന് ആരംഭിച്ച മേള ഫെബ്രുവരി ഒന്നിനാണ് സമാപിക്കുന്നത്. ഇന്ന് കൊട്ടാരക്കര തമ്പുരാന്‍ രചിച്ച ബാലിവധം കഥകളിയാണ് അരങ്ങിലെത്തുക. നാളെ കിര്‍മ്മീരവധം, 31ന് ദുര്യോധനവധം, ഫെബ്രുവരി ഒന്നിന് കചദേവയാനി ചരിതം എന്നീ കഥകള്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തും.
from kerala news edited
via IFTTT