Story Dated: Friday, January 30, 2015 05:06
വൈക്കം : സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പച്ചക്കറി തോട്ടത്തില്‍ വിളവ് നൂറുമേനി. തലയാഴം പള്ളിയാട് എസ്.എന്‍ യു.പി സ്‌ക്കൂളിലെ 20 സെന്റില്‍ വിദ്യാര്‍ഥികള്‍ നിലമൊരുക്കി നട്ട് ജൈവവളമുപയോഗിച്ച് വളര്‍ത്തിയ പച്ചക്കറി തോട്ടമാണ് നാടിനാകെ കൃഷിപാഠമായത്.
തക്കാളി, വഴുതന, വെണ്ട, ക്യാബേജ്, കോളി ഫ്‌ളവര്‍, പയര്‍, ബീന്‍സ്, പച്ചമുളക്, കാന്താരിമുളക്, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്‌തത്. കഴിഞ്ഞ ഒരുമാസമായി സ്‌ക്കൂളിലെ ഉച്ചഭക്ഷണത്തിന് സാമ്പാറും അവിയലും തോരനുമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് കുട്ടികളുടെ തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികള്‍കൊണ്ടാണ്.
മികച്ചവിളവ് ലഭിച്ചതിനാല്‍ ഉച്ചഭക്ഷണത്തിന് ആവശ്യമുള്ളതുകഴിഞ്ഞുള്ളവ അധ്യാപകരും, വിദ്യാര്‍ത്ഥികളും, സമീപവാസികളുമൊക്കെ വിലകൊടുത്തുവാങ്ങും. ഈ ഇനത്തില്‍ ലഭിക്കുന്ന തുക തോട്ടത്തിലെ കാര്യങ്ങള്‍ക്കുതന്നെയാണ് ഉപയോഗിക്കുന്നത്.
വിഷമില്ലാത്ത പച്ചക്കറി നട്ടുവളര്‍ത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ സ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് കെ.എന്‍ ജഗദമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഉല്ലലയിലെ ഗുരുകൃപ നഴ്‌സറി ഉടമ മക്കന്‍ ചെല്ലപ്പനാണ് കൃഷിക്കാവശ്യമാ വിത്തും വളവും സൗജന്യമായി നല്‍കിയത്. സ്‌ക്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ പി.പ്രദീപ്, അധ്യാപകരായ സുമോദ്, പ്രശോഭന്‍, ബൈജു, ലീല, റഷീദ, മിനി, റിജോമോള്‍, മായാ, റിനു, മാനേജര്‍ കെ.ആര്‍ പ്രസന്നന്‍, ഷിബു, കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പച്ചക്കറി കൃഷിയുടെ വിജയത്തിനുപിന്നില്‍.
കുട്ടികളുടെ മികവ് കണക്കിലെടുത്ത് കൃഷി പരിപോഷിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും, ധനസഹായവും നല്‍കി കൃഷിഭവനും രംഗത്തുണ്ട്. കുറച്ചുനേരം അധ്വാനിക്കാനുള്ള മനസ്സും, നട്ടുവളര്‍ത്താനുള്ള താല്‍പര്യവുമുണ്ടെങ്കില്‍ എവിടെയും നേട്ടം കൊയ്യാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
from kerala news edited
via IFTTT